ഇന്ന് ലോക ചുംബന ദിനം; എന്താണീ ദിവസത്തിന് പിന്നിലെ കഥയെന്നറിയാമോ?
ഇന്ന് ജൂലൈ 6, ലോക ചുംബന ദിനമാണ്. എങ്ങനെയാണ് ഈ ദിനം ചുംബനദിനമായി മാറിയത്? ഇതിന് പിന്നിലെ ചരിത്രം കൂടിയൊന്ന് അറിയാം.
രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നുവെന്ന വിഖ്യാതമായ വരിയോര്‍ക്കുന്നുണ്ടോ? മെക്സിക്കൻ എഴുത്തുകാരനായ ഒക്ടോവിയ പാസിന്‍റേതാണ് ലോകമെമ്പാടും അറിയപ്പെടുന്ന, തലമുറകളേറ്റെടുത്ത ഈ വരി. എന്തുകൊണ്ടാണ് ഈ വരി ഇത്രമാത്രം മനുഷ്യമനസുകളിലേക്ക് ഇറങ്ങിച്ചെന്നത് എന്നതിന് ഒരേയൊരു ഉത്തരമേയുള്ളൂ. ചുംബനമെന്ന അത്യന്തം ജൈവികമായ ആവിഷ്കാരത്തോട് മനുഷ്യൻ അത്രകണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു.
ചുംബനമെന്നത് പ്രണയികളുടെ മാത്രം ഇടപാടായി ധരിക്കപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ 'മോശം', 'അശ്ലീലം' എന്നുള്ള സദാചാരവീക്ഷണത്തില്‍ ചുംബനത്തെ കപടമായി പട്ടികപ്പെടുത്താനും പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചുംബനം പ്രണയികളുടെ കുത്തകയല്ല. അത് സ്നേഹത്തിന്‍റെ, കരുതലിന്‍റെ, വാത്സല്യത്തിന്‍റെയെല്ലാം ഏറ്റവും ഭംഗിയായ പുറന്തള്ളലാണ്. എല്ലാം തിരക്കുകള്‍ക്കും വേഷം കെട്ടലുകള്‍ക്കും അപ്പുറത്ത് മനുഷ്യൻ ആഗ്രഹിക്കുന്ന സാന്ത്വനം- സ്വസ്ഥത എല്ലാം ചുംബനത്തിലുള്‍ച്ചേര്‍ന്നിരിക്കുന്നു.
ഇന്ന് ജൂലൈ 6, ലോക ചുംബന ദിനമാണ്. എങ്ങനെയാണ് ഈ ദിനം ചുംബനദിനമായി മാറിയത്? ഇതിന് പിന്നിലെ ചരിത്രം കൂടിയൊന്ന് അറിയാം.
ചുംബനദിനത്തിന് പിന്നിലെ ചരിത്രം...
യുകെയിലാണ് ഇങ്ങനെയൊരു ദിനത്തിന്‍റെ ഉത്ഭവം. 2006ലാണ് ആദ്യമായി ചുംബനദിനം ആഘോഷിക്കപ്പെട്ടതത്രേ. സ്നേഹാവിഷ്കാരമായ ചുംബനത്തിന്‍റെ പ്രാധാന്യം, മനുഷ്യജീവിതത്തില്‍ അതിനുള്ള സ്ഥാനം എന്നിവയെക്കുറിച്ചെല്ലാം ഒരോര്‍മ്മപ്പെടുത്തല്‍ എന്ന നിലയിലാണ് ചുംബനദിനം ആദ്യമായി കൊണ്ടാടപ്പെട്ടത്.
പിന്നീട് ഈ ദിനത്തിന്‍റെ സന്തോഷവും ആഘോഷവും ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. ജൂലൈ 6, ചുംബനദിനത്തില്‍ ആഘോഷിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. വളരെ ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് തന്നെ ലോക ചുംബന ദിനമായി ഈ ദിവസം രേഖപ്പെടുത്തപ്പെട്ടു.
ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് പ്രണയികളുടെ ചുംബനത്തെ മാത്രം ഓര്‍മ്മപ്പെടുത്തുന്ന ദിനമല്ല. പ്രണയികളുടെ ചുംബനദിനമായി പ്രണയദിനത്തിന് (വാലന്‍റൈൻസ് ഡേ) ഒരു ദിവസം മുമ്പായി ഫെബ്രുവരി 13ന് ആണ് ആഘോഷിക്കുന്നത്.
ഇന്ന് ലോക ചുംബന ദിനത്തില്‍ പല ബന്ധങ്ങളിലുമായി വരുന്ന പല തരത്തിലുള്ള സ്നേഹാവിഷ്കാരങ്ങളെന്ന നിലയ്ക്ക് പരസ്യമായി ചുംബിച്ച് ആഘോഷിക്കുന്നവരുണ്ട്. പലയിടങ്ങളിലും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കപ്പെടാറുമുണ്ട്. നിരാശകളിലൂടെയും വിരസതകളിലൂടെയും തുഴഞ്ഞുനീങ്ങുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവന്‍റെ- ജൈവികതയുടെ ഒരു ഉള്‍വിളി കൂടിയാണ് ഇങ്ങനെയുള്ള വ്യത്യസ്തമായ ആഘോഷദിനങ്ങള്‍. കൂടുതല്‍ സന്തോഷം ജീവിതത്തിലേക്ക് നീക്കിയടുപ്പിക്കുന്നതിനും ആ പ്രതീക്ഷ വളര്‍ത്തുന്നതിനുമെല്ലാം പലരെയും സ്വാധീനിക്കാവുന്ന ഒരു ദിനം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-