ചര്‍മ്മം തിളങ്ങാന്‍ പരീക്ഷിക്കാം കിവി കൊണ്ടുള്ള നാല് ഫേസ് പാക്കുകള്‍...
കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ സാന്ദ്രതയെ വര്‍ധിപ്പിക്കും. തുറന്ന സുഷിരങ്ങളും അസമമായ ചര്‍മ്മത്തിന്റെ നിറവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക്, കിവി മികച്ച ഒരു പ്രതിവിധിയാണ്.
ഏറെ ഡിമാന്‍ഡ് ഉള്ള ഒരു വിദേശപ്പഴമാണ് 'കിവി'. ഇവ ആരോഗ്യത്തിന് ഏറേ നല്ലതാണ്. വിറ്റാമിന്‍ ബി, സി, കോപ്പര്‍, ഫൈബര്‍, പൊട്ടാസ്യം, ഫോളിക് ആസിഡ് തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
ആസ്ത്മ രോഗികള്‍ക്കും കിവി കഴിക്കുന്നത് നല്ലതാണ്. ഇത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ ധാരാളം അടങ്ങിയ കിവി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ വിശപ്പിനെ നിയന്ത്രിക്കും. കലോറിയും വളരെ കുറവാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിവി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ചര്‍മ്മ സംരക്ഷണത്തിനും കിവി ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഏജിംഗ് ഗുണങ്ങളും കിവിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന സംയുക്തമാണ് കൊളാജന്‍. കിവിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍ സാന്ദ്രതയെ വര്‍ധിപ്പിക്കും. തുറന്ന സുഷിരങ്ങളും അസമമായ ചര്‍മ്മത്തിന്റെ നിറവും കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക്, കിവി മികച്ച ഒരു പ്രതിവിധിയാണ്. ഇത് ഒരു ബ്ലീച്ചിംഗ് ഏജന്റായും പ്രവര്‍ത്തിക്കുന്നു. മുഖക്കുരുവിനെ തടയാനും ചര്‍മ്മം തിളങ്ങാനും കിവി സഹായിക്കും.
ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്ന കിവി കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം....
ഒന്ന്...
ഒരു കിവി, മൂന്നോ നാലോ കുതിര്‍ത്ത ബദാം പേസ്റ്റാക്കിയത്, ഒരു ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ മിശ്രിതമാക്കുക. ശേഷം ഇത് മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകാം. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ജലാംശം നല്‍കുകയും സുഷിരങ്ങള്‍ തടയാനും സഹായിക്കും.
രണ്ട്...
ഒരു പാത്രത്തില്‍ ഒരു കിവി, ഒരു ടേബിള്‍ സ്പൂണ്‍ തൈര്, ഒരു നേന്ത്രപ്പഴം എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും തുല്യമായി പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പാക്കാണിത്.
മൂന്ന്...
ഒരു കിവി, ഒരു ടീസ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിശ്രിതമാക്കി മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകാം. മുഖത്തെ സുഷിരങ്ങളും പാടുകളും കുറയ്ക്കാന്‍ ഈ പാക്ക് സഹായിക്കുന്നു.
നാല്...
ഒരു കിവി, ഒരു ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
Also Read: പല്ലുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ആറ് ഭക്ഷണങ്ങള്‍...