സ്വന്തം ലൈംഗികത മറച്ചുവെച്ചു ജീവിക്കുന്നവരോട് കേരളത്തിലെ രണ്ടാം ഗേ ദമ്പതികള്‍ക്ക് പറയാനുളളത്...

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായിരിക്കുന്നത് ഒരു ഗേ ദമ്പതികളുടെ ചിത്രങ്ങളാണ്. സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്.  

Kerala s second gay couple talking about their pre wedding shoot

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി ചര്‍ച്ചയായിരിക്കുന്നത് ഒരു ഗേ ദമ്പതികളുടെ ചിത്രങ്ങളാണ്. സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അവഗണിച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികളായി മാറിയ നികേഷിനും സോനുവിനും പിന്നാലെ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, അബ്ദുല്‍ റഹിം എന്നിവരാണ് കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി മാറുന്നത്.  നിവേദിന്‍റെ ഫേസ്ബുക്കിലൂടെ ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്  തുറന്നുസംസാരിക്കുകയാണ് നിവേദ്. 

'അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഫേസ്ബുക്ക് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എന്‍റെ ജോലി ചെയ്തിരുന്ന ഓഫീസിന് തൊട്ടടത്ത് തന്നെയായിരുന്നു റഹീമും ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. അന്ന് അദ്ദേഹം വിദേശത്തുപോകാന്‍ നില്‍ക്കുകയായിരുന്നു. ഏകദേശം ഏഴ് ദിവസം മാത്രമേ നാട്ടില്‍ ഉണ്ടായിരുന്നോള്ളൂ. ആ ദിവസങ്ങളില്‍ ഞങ്ങള്‍ കോഫി കുടിക്കാനൊക്കെ പോകുമായിരുന്നു. അപ്പോഴാണ് കൂടുതലായി ഞങ്ങളെ കുറിച്ച് സംസാരിക്കുന്നതും അടുക്കുന്നതും. പോകുന്നതിന് മുന്‍പ് റഹീം എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. 2014-ല്‍ ആയിരുന്നു അത്'- നിവേദ് പറയുന്നു. 

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇപ്പോഴാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് എന്നും നിവേദ് പറയുന്നു. 'വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് വേണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്‍റെ ഒരു പെണ്‍സുഹൃത്ത് അതിന് തയ്യാറാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് വഴി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു- നികേഷ് എന്നിവരിലെ സോനു മുന്‍പ്  എന്‍റെ കൂടെ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. അവര്‍ വിവാഹിതരാകുന്നതിന് മുന്‍പ് തന്നെ ഞാനും റഹീമും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. അവരുടെ വിവാഹവും ഞങ്ങള്‍ക്ക് പ്രചോദനം നല്‍കി'- നിവേദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സുതുറന്നു. 

വീട്ടുകാരോട് പല തവണ സെക്ഷ്വാലിറ്റിയെ കുറിച്ച് പല തവണ സൂചന നല്‍കിയിരുന്നെങ്കിലും ഗേയാണ് എന്നകാര്യം കഴിഞ്ഞ വര്‍ഷമാണ് വീട്ടുക്കാരോട് തുറന്നുപറഞ്ഞത്. അവര്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാനായിട്ടില്ല. അച്ഛനും അമ്മക്കും മാത്രമല്ല, ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരിക്ക് പോലും ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. റഹീമിന്‍റെ വീട്ടിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് ഞങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നത്. മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ കൂടിയായതിനാല്‍ അവര്‍ക്ക് ഒട്ടും ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല.  ഇത് ഇങ്ങനെ പൊതുസമൂഹത്തെ അറിയിക്കാതെ നിങ്ങളില്‍ തന്നെ ഒതുക്കികൂടെയെന്നാണ് ബന്ധുക്കള്‍ പലരും അദ്ദേഹത്തിന് അയക്കുന്ന സന്ദേശങ്ങള്‍ എന്നും നിവേദ് വെളിപ്പടുത്തി. 

ഞങ്ങളുടെ സുഹൃത്തിനും ഇത്തരമൊരു അനുഭവമുണ്ടായി. അദ്ദേഹം താന്‍ ഒരു ഗേയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാര്‍ അയാളെ മനോരോഗാശുപത്രിയില്‍ കൊണ്ടു ഇടുകയായിരുന്നു. എന്നിട്ട് 'Male hormone'-ന്‍റെ ഗുളികള്‍ കഴിപ്പിക്കുകയായിരുന്നു. പേരിന് ഭാര്യമാരുളള എനിക്ക് അറിയാവുന്ന എത്രയോ സുഹൃത്തുക്കള്‍ രഹസ്യമായി ഇത്തരത്തിലുളല ബന്ധങ്ങള്‍ തുടരുന്നു. എനിക്ക് അങ്ങനെയാകാന്‍ താല്‍പര്യമില്ല. ഞാന്‍ എന്താണോ അങ്ങനെ തന്നെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്‍റെ സെക്ഷ്വാലിറ്റി ഞാന്‍ മുന്‍പേ തുറന്നുപറഞ്ഞയാളാണ്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇത് തിരിച്ചറിയുന്നത് എന്നും നിവേദ് പറയുന്നു. അതിന് മുന്‍പ് എനിക്ക് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. പരസ്പരധാരണയിലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അവള്‍ ഇപ്പോഴും  എന്‍റെ നല്ലൊരു സുഹൃത്താണ് എന്നും നിവേദ് കൂട്ടിച്ചേര്‍ത്തു.  

ബ്ലാംഗ്ലൂരിലെ ഒരു ലേക്കില്‍ വെച്ചാണ് വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇംഗ്ലീഷ് രീതിയിലുളള വിവാഹമായിരിക്കും. പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയതിന്‍റെ കാരണം ഞങ്ങള്‍ക്ക് സാധാരണക്കാരെ പോലെ തന്നെ വിവാഹം കഴിക്കണം, സാധാരണക്കാരെ പോലെ ജീവിക്കണം'- നിവേദ് പറഞ്ഞു. 

 

Kerala s second gay couple talking about their pre wedding shoot

 

സ്വന്തം ലൈംഗികത മറച്ചുവെച്ചു ജീവിക്കുന്നവര്‍ക്ക് അല്ലെങ്കില്‍ അതുതുറന്ന് പറയാന്‍ തയ്യാറാകാത്തവര്‍ക്ക് ഞങ്ങളുടെ വിവാഹം അല്ലെങ്കില്‍ ഞങ്ങളുടെ ജീവിതം പ്രചോദനമാകട്ടെ എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പലര്‍ക്കും ഇതുതുറന്നുപറയാന്‍ ഭയമാണ്. വീട്ടില്‍ നിന്ന് പുറത്താക്കുമോ, ഒറ്റപ്പെടുമോ എന്ന പേടിയാണ് പലര്‍ക്കും. അത്തരക്കാര്‍ മുന്നോട്ട് വരണമെന്നാണ് ഞാന്‍ പറയുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ നിങ്ങളുടെ ചിലവില്‍ അല്ല ജീവിക്കുന്നത്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്ക് ഇവിടെ ജീവിക്കാനുളള അവകാശമുണ്ട്.   നമ്മുടെ നാട്ടുകാര്‍ക്ക് ഒരു അവസരം കിട്ടിയാല്‍ അവര്‍ എവിടെയും കയറി പൊങ്കാലയിടും. അതുകൊണ്ട് അതൊന്നും ഞാന്‍ കാര്യമാക്കാറില്ല. കൂടെ ജോലി ചെയ്യുന്നവരൊക്കെ വളരെയധികം സപ്പോര്‍ട്ടാണ് നല്‍കുന്നത്. ഈ വാര്‍ത്ത അറിഞ്ഞ് നിരവധി പേര്‍ വിളിച്ചു. പേടിക്കണ്ട ,ഞങ്ങളുണ്ട് കൂടെയെന്ന് പറഞ്ഞു.  

കൊച്ചി സ്വദേശിയാണ് നിവേദ്. റഹീം ആലപ്പുഴ സ്വദേശിയും. ബാംഗ്ലൂരിലെ  ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. റഹീം യുഎഇയില്‍ ആണ് ജോലി ചെയ്യുന്നത്. അനുശ്രീ പ്രകാശ് എന്ന ഫോട്ടോഗ്രാഫറാണ് ഇവരുടെ  പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്  നടത്തിയത്. 

 

READ MORE : വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികള്‍; അശ്ലീല കമന്‍റുകളുമായി ഒരുവിഭാഗം...

Latest Videos
Follow Us:
Download App:
  • android
  • ios