പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിവാഹ വേഷത്തില്‍ വധു; പ്രതിഷേധ ഫോട്ടോഷൂട്ട് വൈറൽ
റോഡിന്‍റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ചുള്ള വിവാഹ ഫോട്ടോഷൂട്ടാണിത്. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് തന്‍റെ വിവാഹ ദിനത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്.
വ്യത്യസ്ത രീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അതിരുകടക്കുന്ന ഫോട്ടോഷൂട്ട് പരീക്ഷണങ്ങള്‍ക്കിടയില്‍ ഇവിടെ പൊതു സമൂഹത്തിന്‍റെ ഒരു പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.
റോഡിന്‍റെ മോശം അവസ്ഥയിൽ പ്രതിഷേധിച്ചുള്ള വിവാഹ ഫോട്ടോഷൂട്ടാണിത്. നിലമ്പൂർ പൂക്കോട്ടുംപാടം സ്വദേശി സുജീഷയാണ് തന്‍റെ വിവാഹ ദിനത്തില്‍ പൊട്ടിപ്പൊളിഞ്ഞ റോഡിൽ ഫോട്ടോഷൂട്ട് നടത്തിയത്. സമീപ പ്രദേശത്തെ റോഡ് ശോചനീയാവസ്ഥ വ്യക്തമാക്കുകയായിരുന്നു ലക്ഷ്യം.
പൊട്ടിപ്പൊളിഞ്ഞ റോഡിൽ ചെളി കെട്ടിക്കിടക്കുകയാണ്. കുഴിയും ചെളിയും നിറഞ്ഞ റോഡില്‍ നില്‍ക്കുന്ന വധുവിനെ ആണ് ദൃശ്യങ്ങളില്‍ കാണുന്നത്. വിവാഹ സാരിയില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ് വധു. ചെളിയില്‍ വീഴാതെ നടക്കാന്‍ ശ്രമിക്കുന്ന വധുവിനെയും ദൃശ്യങ്ങളില്‍ കാണാം.
'ആരോ വെഡ്ഡിങ്' കമ്പനിയിലെ ആഷിഖിന്റേതാണ് ഷൂട്ടിന്റെ ആശയം. സുജീഷയോട് പറഞ്ഞപ്പോള്‍ സമ്മതം പറഞ്ഞു. അതോടെ വ്യത്യസ്തമായ ഈ വിവാഹ ഫോട്ടോഷൂട്ട് സംഭവിക്കുകയായിരുന്നു. ദിനംപ്രതി റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്ന ഇക്കാലത്ത് മികച്ച പ്രതികരണമാണ് ഷൂട്ടിന് ലഭിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ 20 ലക്ഷത്തിലേറെപ്പേര്‍ കണ്ടു കഴിഞ്ഞു. നിരവധി റോഡുകൾ ഇതേ അവസ്ഥയിലാണെന്ന് കമന്റുകളുമുണ്ട്. എത്ര ഷൂട്ടുകൾ നടത്തിയാലും അധികാരികൾ ഇതൊന്നും കാണില്ലെന്നും ചിലർ അഭിപ്രായപ്പെട്ടു.
Also Read: മുത്തച്ഛനില്ലാതെ വിവാഹ വേദിയിലേയ്ക്ക് പോകില്ലെന്ന് നവവധു; വൈറലായി വീഡിയോ