അബദ്ധത്തില്‍ കൊതുക് നാശിനി കഴിച്ച് കുഞ്ഞ് മരിച്ചു; നിങ്ങളറിയേണ്ടത്...
എത്ര ശ്രദ്ധിച്ചാലും എത്ര അറിവുണ്ടായാലും അപകടങ്ങളെ എല്ലാം നമുക്ക് അകറ്റാൻ കഴിയില്ല. പക്ഷേ ഒരവസരം നമുക്ക് തന്നെ നല്‍കാൻ സാധിച്ചാലോ? അതിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
കാസര്‍കോട് അബദ്ധത്തില്‍ കൊതുകുനാശിനി കഴിച്ച് കുഞ്ഞ് മരിച്ച സംഭവം ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേള്‍ക്കുന്നത്. ഒന്നര വയസുകാരിയായ കുഞ്ഞ് രണ്ട് ദിവസം മുമ്പാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകിനെ കൊല്ലാനുള്ള ദ്രാവകം കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ സംഭവം വലിയൊരു ഓര്‍മ്മപ്പെടുത്തലും താക്കീതുമാണ് നമുക്ക്. നമ്മുടെ കുഞ്ഞുങ്ങളുടെ ജീവൻ പലപ്പോഴും നമ്മുടെ അറിവില്ലായ്മയിലോ അശ്രദ്ധയിലോ എല്ലാം പണയപ്പെടാം എന്ന ഓര്‍മ്മപ്പെടുത്തല്‍. എത്ര ശ്രദ്ധിച്ചാലും എത്ര അറിവുണ്ടായാലും അപകടങ്ങളെ എല്ലാം നമുക്ക് അകറ്റാൻ കഴിയില്ല. പക്ഷേ ഒരവസരം നമുക്ക് തന്നെ നല്‍കാൻ സാധിച്ചാലോ? അതിലേക്ക് വെളിച്ചം വീശുന്ന ചില കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
കൊതുകിനെ എന്നല്ല, പാറ്റയെയോ മറ്റ് കീടങ്ങളെയോ നശിപ്പിക്കാനുപയോഗിക്കുന്ന ദ്രാവകങ്ങളോ ക്രീമോ ഗുളികകളോ പൗഡറോ ഒന്നും മനുഷ്യരുടെ ശരീരത്തിലെത്തരുത്. അത് ജീവന് ഭീഷണിയാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ. കൃഷിയാവശ്യങ്ങള്‍ക്കോ, ഗാര്‍ഡനിംഗിനോ ഉപയോഗിക്കുന്ന വളം- നാശിനികള്‍ എല്ലാം ഇതുപോലെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ.
കുട്ടികളാണെങ്കില്‍ അറിവില്ലാതെ എന്ത് കിട്ടിയാലും എടുത്ത് വായില്‍ വയ്ക്കും. അതിനാല്‍ തന്നെ മുതിര്‍ന്നവര്‍ ഇത്തരത്തിലുള്ള ഒരുത്പന്നങ്ങളും കുട്ടികളുടെ കണ്ണോ കയ്യോ എത്തുംവിധത്തില്‍ വയ്ക്കാതിരിക്കുക. നമ്മള്‍ കാണാതിരിക്കുമ്പോഴും അവരത് ഉപയോഗിക്കരുത്. അതിനുള്ള ചുറ്റുപാടുണ്ടാകരുത്.
കഴിയുന്നതും ഇത്തരം ഉത്പന്നങ്ങള്‍ പ്രത്യേകമായിത്തന്നെ എവിടെയെങ്കിലും മാറ്റി വേണം സൂക്ഷിക്കാൻ. പാറ്റ ഗുളിക, ഉറുമ്പുപൊടി, ഹിറ്റ്, സിങ്ക് വൃത്തിയാക്കുന്ന ഗുളികകള്‍- പൊടി, സോപ്പ് ലായനി, ക്ലീനിംഗ് ലോഷനുകള്‍ എന്നുവേണ്ട- പൗഡറോ മോയിസ്ചറൈസറോ ക്രീമുകളോ പോലുള്ള കോസ്മെറ്റിക് ഉത്പന്നങ്ങള്‍ വരെ മനുഷ്യജീവന് ഭീഷണിയാകാം. നേരത്തേ സൂചിപ്പിച്ചത് പോലെ പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. അതിനാല്‍ ഇവയെല്ലാം സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും വളരെ ശ്രദ്ധിച്ചുവേണം.
ചര്‍മ്മത്തില്‍ അലര്‍ജി പോലുള്ള പ്രശ്നം, തുമ്മല്‍, തലവേദന മുതല്‍ ശ്വാസതടസം വരെയുള്ള പ്രയാസങ്ങള്‍ ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ ശരീരത്തിലെത്തുന്നത് വഴിയുണ്ടാകാം. ചെറിയ കുട്ടികളിലാകുമ്പോള്‍ വിഷപദാര്‍ത്ഥങ്ങള്‍ കുറഞ്ഞ അളവില്‍ പെട്ടാലും മതി- അവരുടെ ജീവന് ആപത്താകാൻ. കുട്ടികളില്‍ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നപക്ഷം അവരെ ഉടനെ ആശുപത്രിയിലെത്തിക്കാനും ശ്രദ്ധിക്കണം.
Also Read:- മരണശേഷം സ്മിഷയുടെ ആ കുറിപ്പ് നോവാകുന്നു- ഒരു ഓര്‍മ്മപ്പെടുത്തലും; വായിക്കാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-