ജോർദാൻ കിരീടാവകാശിയുടെ ജീവിതസഖിയായി സൗദി അറേബ്യന്‍ സുന്ദരി; ആഡംബര വിവാഹ ചിത്രങ്ങൾ വൈറല്‍
വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ലുക്കിലാണ് ഇരുപത്തിയൊമ്പതുകാരിയായ റാജ്‌വ വിവാഹ വേദിയിൽ എത്തിയത്. മിലിട്ടറി യൂണിഫോമിലാണ് ഇരുപത്തിയെട്ടുകാരനായ ഹുസൈൻ അബ്ദുള്ള എത്തിയത്.
ജോർദാൻ കിരീടാവകാശി ഹുസൈൻ അബ്ദുള്ളയും സൗദിയിൽ നിന്നുള്ള ആർക്കിടെക്റ്റായ റാജ്‌വ അൽ സെയ്ഫും വിവാഹിതരായി. വ്യാഴാഴ്ച്ച നടന്ന ആഡംബരപൂർണമായ വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആഡംബര വിവാഹ ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു. രാജകീയ വിവാഹങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന സഹ്റാൻ പാലസിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. ഘോഷയാത്രയിലൂടെയാണ് വധുവരൻമാരെ കെട്ടാരത്തിൽ എത്തിച്ചത്.
വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് എലഗന്റ് ലുക്കിലാണ് ഇരുപത്തിയൊമ്പതുകാരിയായ റാജ്‌വ വിവാഹ വേദിയിൽ എത്തിയത്. മിലിട്ടറി യൂണിഫോമിലാണ് ഇരുപത്തിയെട്ടുകാരനായ ഹുസൈൻ അബ്ദുള്ള എത്തിയത്. യുഎസ് പ്രഥമവനിത ജിൽ ബൈഡൻ, ബ്രിട്ടൻ രാജകുമാരൻ വില്യം, വെയ്ൽസ് രാജകുമാരി കെയ്റ്റ് മിഡിൽടൺ എന്നിവരുൾപ്പെടെ ഉൾപ്പെടെ 140ഓളം പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
വിവാഹത്തിനുശേഷം അൽ ഹുസൈനിയ പാലസിൽ വച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. 1700ഓളം പേർ വിവാഹവിരുന്നിൽ പങ്കെടുത്തു. റിയാദിൽ ആണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായത്. മെഹന്ദി ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അമാൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സൗജന്യമായി സംഗീത പരിപാടിയും ഒരുക്കിയിരുന്നു. രാജ്യത്തെ പലഭാഗങ്ങളിലും വിവാഹം കാണുന്നതിനായി കൂറ്റൻ സ്റ്റേജുകളും ഒരുക്കിയിരുന്നു.
ജോർജ്ടൗൺ സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തിട്ടുള്ള ഹുസെയ്ൻ മിലിട്ടറിയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ സമ്പന്ന കുടുംബത്തിലാണ് വധുവായ റാജ്‌വ ജനിച്ചത്. സൗദി രാജാവ് സൽമാന്റെ ബന്ധുവാണ് റാജ്‌വയുടെ മാതാവ്. ആർക്കിടെക്ചറിൽ ബിരുദമുള്ള റാജ്‌വ ലോസ്ആഞ്ചലീസിലാണ് ജോലി ചെയ്തിരുന്നത്.
Also Read: മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഏഴ് ഫേസ് പാക്കുകള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം