കാട്ടില്‍ കണ്ടതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ; ഗ്രാഫിക്സ് ആണെന്ന് പറയുകയേ ഇല്ലെന്ന് കമന്‍റുകള്‍...

ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ ഫീല്‍ഡില്‍ നടക്കുന്നതിനിടെ ആകസ്മികമായി കണ്ട പാമ്പ് എന്ന പേരിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗ്രീൻ പിറ്റ്‍വൈപ്പറെയാണ് ചിത്രത്തില്‍ കാണുന്നത്. 

indian forest service officer shares green pit viper photo but netizens says it is graphical

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ അനേകം ഫോട്ടോകളും വീഡിയോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ഇവയില്‍ പലതും പക്ഷേ വ്യാജമാണെന്നോ അല്ലെന്നോ തിരിച്ചറിയാൻ സാധിക്കാറില്ലെന്നതാണ് സത്യം. പല വ്യാജ ചിത്രങ്ങളും വീഡിയോകളും വാര്‍ത്തകളും സത്യമാണെന്ന് വിശ്വസിച്ച് പങ്കുവയ്ക്കുന്നവര്‍ ഏറെയാണ്. 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം ശ്രദ്ധ ലഭിക്കുന്ന വ്യക്തികളാണെങ്കില്‍ അവര്‍ ഇക്കാര്യങ്ങളില്‍ സാധാരണഗതിയില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. കാരണം, വിശ്വാസ്യത തകര്‍ന്നുകഴിഞ്ഞാല്‍ അത് പിന്നീട് വീണ്ടെടുക്കുകയെന്നത് ശ്രമകരമായ സംഗതി തന്നെയാണ്. 

ഇങ്ങനെ എപ്പോഴും സോഷ്യല്‍ മീഡിയിയല്‍, പ്രത്യേകിച്ച് ട്വിറ്ററില്‍ ശ്രദ്ധേയമായ ചിത്രങ്ങളോ വീഡിയോകളോ എല്ലാ പങ്കുവയ്ക്കാറുള്ളൊരു വ്യക്തിയാണ് ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാൻ. ഇദ്ദേഹം പങ്കുവച്ച പല വീഡിയോകളും ചിത്രങ്ങളുമെല്ലാം ചുരുങ്ങിയ സമയത്തിനകം തന്നെ വ്യാപകമായി പങ്കുവയ്ക്കപ്പെടാറുണ്ട്. 

ഇപ്പോഴിതാ ഇദ്ദേഹം പങ്കുവച്ചിരിക്കുന്നൊരു ചിത്രം പക്ഷേ വലിയ രീതിയിലാണ് വിമര്‍ശനങ്ങള്‍ നേരിടുന്നത്. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ ഫീല്‍ഡില്‍ നടക്കുന്നതിനിടെ ആകസ്മികമായി കണ്ട പാമ്പ് എന്ന പേരിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഗ്രീൻ പിറ്റ്‍വൈപ്പറെയാണ് ചിത്രത്തില്‍ കാണുന്നത്. 

തെളിച്ചമുള്ള പച്ചനിറത്തില്‍ തന്നെ ഗ്രീൻ പിറ്റ്‍വൈപ്പര്‍ കാണപ്പെടാറുണ്ടെങ്കില്‍ ഈ ചിത്രത്തില്‍ കാണുന്നത് പക്ഷേ ഗ്രാഫിക്സ് ചെയ്തത് തന്നെയാണെന്നാണ് അധികപേരുടെയും കമന്‍റുകള്‍. എന്തിനാണ് കള്ളം പറയുന്നതെന്നും വ്യാജചിത്രങ്ങള്‍ അവകാശവാദത്തോടെ പങ്കുവയ്ക്കുന്നതെന്നും പലരും ചോദിക്കുന്നു. 

അതേസമയം ചിത്രം നന്നായിരിക്കുന്നുവെന്നും കാട്ടിലൂടെയുള്ള യാത്രകളില്‍ വല്ലപ്പോഴും തങ്ങളെയും കൂടെ കൂട്ടണമെന്നുമെല്ലാം കമന്‍റ് ചെയ്തിരിക്കുന്നവരും ഏറെയാണ്.

 


ഏതാനും ആഴ്ചകള്‍ക്ക് മുമ്പെ പര്‍വീൺ കാസ്വാൻ പങ്കുവച്ച മറ്റൊരു ചിത്രവും ഇതേ രീതിയില്‍ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. രാജവെമ്പാലയുടെ ചിത്രമായിരുന്നു അന്ന് ഇദ്ദേഹം പങ്കുവച്ചത്. ഇതും ഗ്രാഫിക്സ് ചെയ്തെടുത്തതാണെന്നായിരുന്നു അന്ന് പലരും കമന്‍റ് ചെയ്തത്.

Also Read:- ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്ന്; ഒരേയൊരു കടിയില്‍ എത്ര പേരെ കൊല്ലാനുള്ള വിഷമെന്നോ....

Latest Videos
Follow Us:
Download App:
  • android
  • ios