കോച്ചിംഗിന് കുട്ടികളെ പറഞ്ഞയക്കുമ്പോള്‍ അത് മരണത്തിലേക്ക് ആവരുതേ...
ഇക്കഴിഞ്ഞ ദിവസം വെറും നാല് മണിക്കൂറിനുള്ളില്‍ രണ്ട് ആത്മഹത്യകളാണ് കോട്ടയില്‍ ഇത്തരത്തില്‍ നടന്നത്. രണ്ട് പേരും കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ തന്നെ.
വിവിധ പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നതിനുള്ള കോച്ചിംഗ് സെന്‍ററുകള്‍ ഇന്ന് എങ്ങും വ്യാപകമാണ്. എങ്കിലും ചില കേന്ദ്രങ്ങള്‍ ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതായിരിക്കും. രാജസ്ഥാനിലെ കോട്ട എന്ന സ്ഥലം ഇത്തരത്തില്‍ രാജ്യത്ത് തന്നെ അറിയപ്പെടുന്ന കോച്ചിംഗ് സെന്‍ററുകളുടെ കേന്ദ്രമാണ്.
നിരവധി കോച്ചിംഗ് സെന്‍ററുകളാണ് കോട്ടയിലുള്ളത്. ഇന്ത്യയുടെ കോച്ചിംഗ് ഹബ്ബ് എന്നാണ് കോട്ട നിലവില്‍ അറിയപ്പെടുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ട കോച്ചിംഗ് സെന്‍ററുകള്‍ ഇപ്പോള്‍ അവരുടെ മരണത്തിനുള്ള കാരണമായി മാറുന്ന കാഴ്ചയാണ് കാണാനാകുന്നത്.
കോട്ടയില്‍ കോച്ചിംഗിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠന സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുറത്തുവന്നിട്ടുള്ളതും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. എന്നാലിപ്പോള്‍ അത് നമുക്ക് ഉള്‍ക്കൊള്ളാവുന്നതിലും അപ്പുറമെത്തിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം വെറും നാല് മണിക്കൂറിനുള്ളില്‍ രണ്ട് ആത്മഹത്യകളാണ് കോട്ടയില്‍ ഇത്തരത്തില്‍ നടന്നത്. രണ്ട് പേരും കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ തന്നെ. പതിനേഴും പതിനെട്ടും പ്രായമുള്ള വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ താൻ പഠിക്കുന്ന കോച്ചിംഗ് സെന്‍ററിന്‍റെ മുകളില്‍ നിന്ന് ചാടിയും മറ്റെയാള്‍ താമസിക്കുന്നതിടത്ത് ഫാനില്‍ തൂങ്ങിയുമാണ് മരിച്ചിരിക്കുന്നത്.
ഇതോടെ ഈ വര്‍ഷം മാത്രം കോട്ടയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 25 ആയി മാറിയിരിക്കുകയാണ്. എക്കാലത്തെയും റെക്കോര്‍ഡാണ് ഈ കണക്ക് ഭേദിച്ചിരിക്കുന്നത്. 2017ല്‍ പത്തും, 2018ല്‍ പന്ത്രണ്ടും വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ പഠനഭാരം മൂലമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. 2019ല്‍ കൊവിഡിന്‍റെ വരവോടെ കോച്ചിംഗ് സെന്‍ററുകളുടെ പ്രവര്‍ത്തനം ഏറെക്കാലത്തേക്ക് പൂര്‍ണമായും തുടര്‍ന്ന് ഭാഗികമായും നിലച്ചിരുന്നു. അതിനാല്‍ ഈ വര്‍ഷം കാര്യമായ രീതിയില്‍ അത്യാഹിതങ്ങളുണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഈ വര്‍ഷം വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്‍റെ കണക്ക് ലഭ്യവുമല്ല.
എന്തായാലും 2019-20 വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ കോട്ടയില്‍ കുത്തനെ കുറഞ്ഞുവെന്ന് തന്നെയാണ് എല്ലാ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. കൊവിഡിന് ശേഷം വീണ്ടും കോച്ചിംഗ് സെന്‍ററുകള്‍ തുറന്നപ്പോള്‍ വീണ്ടും പഴയ അതേ അവസ്ഥ തിരികെ വന്നു.
2021ല്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. 2022ല്‍ അത് പതിനഞ്ചായി ഉയര്‍ന്നു. അതും ഡിസംബറില്‍ ഒരു ദിവസം മാത്രം മൂന്ന് ആത്മഹത്യകളാണ് കോട്ടയില്‍ നടന്നത്. കൊവിഡിന് ശേഷം കോട്ടയിലെ വിദ്യാര്‍ത്ഥി ആത്മഹത്യയുടെ നിരക്ക് അറുപത് ശതമാനമെങ്കിലും കൂടി എന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
'ഈ വര്‍ഷം ഇത് ഭീകരമായ അവസ്ഥയാണ്. നമ്മള്‍ കഴിഞ്ഞ 20 വര്‍ഷമായി സംസ്ഥാന സര്‍ക്കാരിനോട് ഈ വിഷയത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്താനാവശ്യപ്പെടുന്നു. എന്നാല്‍ ഇതുവരെ ആയിട്ടും യാതൊരുവിധത്തിലുള്ള നടപടികളും ഉണ്ടായിട്ടില്ല. കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് അവരുടെ വീട്ടുകാരുടെ തണലില്‍ നില്‍ക്കാൻ സാധിച്ചിരുന്നു. ഇതാണ് ആത്മഹത്യയുടെ എണ്ണം കുറച്ചത്. എന്നാല്‍ കൊവിഡിന് ശേഷം കോച്ചിംഗ് സെന്‍ററുകള്‍ തുറന്നപ്പോള്‍ അവര്‍ക്ക് വീണ്ടും ആശ്രയമില്ലാതായി....
...ഇവിടെ കോച്ചിംഗ് സെന്‍ററുകളില്‍ അഡ്മിഷനെടുക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും പതിനഞ്ചും പതിവാറുമെല്ലാം വയസുള്ള കുട്ടികളാണ്. അവര്‍ കളിച്ചുചിരിച്ച് സ്കൂള്‍ പഠനം നടത്തേണ്ട പ്രായമാണ്. എന്നാലിവിടെ വരുമ്പോള്‍ കലാ-കായിക പരിപാടികളില്ല, മറ്റ് വിനോദങ്ങളില്ല, സൗഹൃദങ്ങളില്ല. കോച്ചിംഗ് ഷെഡ്യൂളുകളുടെ സ്ട്രെസ് മാത്രം. ഒരു മിനിമം പ്രായമെങ്കിലും കോച്ചിംഗ് സെന്‍ററുകളില്‍ അഡ്മിഷനെടുക്കുന്ന കുട്ടികളുടെ കാര്യത്തില്‍ നിശ്ചയിക്കപ്പെടണം.അതുപോലെ തന്നെ കോച്ചിംഗ് ഇൻഡസ്ട്രി തന്നെ മാറ്റങ്ങള്‍ക്ക് വിധേയമാകണം. കുട്ടികള്‍ക്ക് പഠിക്കാനും മുന്നേറാനും ആരോഗ്യകരമായ പരിസ്ഥിതിയാണ് ഇവര്‍ ഉറപ്പുവരുത്തേണ്ടത്. ഇത് മാതാപിതാക്കളും ചിന്തിക്കേണ്ട കാര്യമാണ്...'- കോട്ട മെഡിക്കല്‍ കോളേജില്‍ സൈക്യാട്രി വിഭാഗം മേധാവിയായ ഡോ. ഭരത് സിംഗ് ഷെഖാവത് പറയുന്നു.
പ്രതിവര്‍ഷം രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളെങ്കിലും കോച്ചിംഗിനായി കോട്ടയിലെത്തുന്നുണ്ട്. JEE, NEET പോലുള്ള പരീക്ഷകള്‍ക്കെല്ലാം തയ്യാറെടുക്കുന്നതിനാണ് കുട്ടികളെത്തുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തടയുന്നതിന് ഹോസ്റ്റലുകളില്‍ സ്പ്രിംഗ് എഫക്ടുള്ള ഫാനുകള്‍ പിടിപ്പിച്ചുവെന്നത് ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം പരിഗണിക്കാതെ, അതിന് വേണ്ടി ഒന്നും ചെയ്യാതെ സ്പ്രിംഗ് ഉള്ള ഫാൻ പിടിപ്പിക്കുകയല്ല വേണ്ടത് എന്നായിരുന്നു വിമര്‍ശനം. കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ചാടുന്നത് തടയാൻ ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ നെറ്റ് അടിക്കുന്നതും കോട്ടയില്‍ സാധാരണ കാഴ്ച തന്നെ.
ഇത്തരത്തില്‍ സമ്മര്‍ദ്ദങ്ങളേറ്റി കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രങ്ങളായി നമ്മുടെ കോച്ചിംഗ് സെന്‍ററുകള്‍ മാറുമ്പോള്‍ അധികൃതരും മാതാപിതാക്കളും ഒരുപോലെ ചിന്തിക്കേണ്ടതുണ്ട് എന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരെല്ലാം ഒരുപോലെ ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം തന്നെ രണ്ട് ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വലിയ ചര്‍ച്ചയാവുകയാണ് കോട്ടയിലെ മരണം മണക്കുന്ന കോച്ചിംഗ് സെന്‍ററുകളിലെ വിദ്യാര്‍ത്ഥി ജീവിതങ്ങള്‍.
Also Read:- ആത്മഹത്യ തടയാൻ സഹായിക്കുന്ന ഫാൻ; ട്രോള്‍ വാങ്ങിക്കൂട്ടി പുതിയ തീരുമാനം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-