സ്കൂള്‍ ബസിനകത്ത് കൂറ്റൻ പെരുമ്പാമ്പ്; വീഡിയോ വൈറലാകുന്നു
ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ജീവനക്കാര്‍ കുരുക്ക് കെട്ടി ഇതിനെ പിടികൂടുന്നതെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. ബസിനടിയില്‍ നിന്ന് ശ്രമപ്പെട്ട് ഇതിന് മുകളിലേക്ക് എത്തിക്കുകയായിരുന്നു ആദ്യം.
കാടിന് സമീപമുള്ള ജനവാസമേഖലകളില്‍ വന്യജീവികളെ കാണുന്നത് സാധാരണമാണ്. എന്നാല്‍ പലപ്പോഴും നമ്മെ അതിയായി ഭയപ്പെടുത്തും വിധവും അതേസമയം അത്ഭുതപ്പെടുത്തും വിധത്തില്‍ ജനവാസകേന്ദ്രങ്ങളില്‍ വന്യജീവികളെ കണ്ടെത്താറുണ്ട്. അത്തരത്തിലൊരു കാഴ്ചയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് അസാധാരണമായ സംഭവമുണ്ടായിരിക്കുന്നത്. ഒരു സ്കൂള്‍ ബസിനകത്ത് നിന്ന് കൂറ്റനൊരു പെരുമ്പാമ്പിനെ പിടികൂടിയതാണ് സംഭവം. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയിലാകെയും പ്രചരിക്കുന്നത്.
റായ്ബറേലിയിലെ റയാൻ ഇന്‍റര്‍നാഷണല്‍ സ്കൂിന്‍റെ ബസാണിത്. അവധിയായിരുന്നതിനാല്‍ അടുത്തുള്ളൊരു ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ഇവിടെ വച്ച് നാട്ടുകാരാണ് ബസിനകത്ത് എന്തോ അനക്കം ശ്രദ്ധിച്ചത്. വന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു.
അസാധാരണമായ വലുപ്പമുള്ള- അതായത് മനുഷ്യവാസമുള്ളിടത്ത് അങ്ങനെ കാണാൻ സാധിക്കാത്ത തരത്തിലുള്ള കൂറ്റൻ പെരുമ്പാമ്പ്. സ്കൂള്‍ ബസിന് അടിയിലായി ചുറ്റിപ്പിണഞ്ഞ നിലയിലാരുന്നുവത്രേ ഇത്. ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്ന് ഒരാടിനെ ഭക്ഷിച്ച ശേഷമാണ് ഇത് ബസിനകത്ത് തമ്പടിച്ചതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
എന്തായാലും ഉടനെ സ്കൂള്‍ അധികൃതരെ ഇവര്‍ വിവരമറിയിക്കുകയും സ്കൂള്‍ അധികൃതര്‍ വനം വകുപ്പ് ജീവനക്കാരുമായി സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം നീണ്ട കഠിനപരിശ്രമങ്ങള്‍ക്കൊടുവില്‍ ഇതിനെ പിടികൂടിയിട്ടുണ്ട്. പാമ്പിനെ കയറിട്ട് കെട്ടിവലിച്ച് പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഏറെ പ്രയാസപ്പെട്ടാണ് വനം വകുപ്പ് ജീവനക്കാര്‍ കുരുക്ക് കെട്ടി ഇതിനെ പിടികൂടുന്നതെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്. ബസിനടിയില്‍ നിന്ന് ശ്രമപ്പെട്ട് ഇതിന് മുകളിലേക്ക് എത്തിക്കുകയായിരുന്നു ആദ്യം. ഇതിനാണ് ഏറെ സമയമെടുത്തത്. ശേഷം എളുപ്പത്തില്‍ ചാക്കിലാക്കിയെടുക്കുകയായിരുന്നു. സംഭവം അറിഞ്ഞ് നിരവധി ആളുകള്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു.
80 കിലോയോളം ഭാരമുണ്ട് ഈ പാമ്പിനെന്നാണ് അറിയുന്നത്. പതിനൊന്നര അടി നീളവും ഉണ്ടത്രേ. ഇത്രയും വലുപ്പമുള്ള പാമ്പായതിനാല്‍ തന്നെയാണ് ഇതിനെ പിടികൂടുന്ന രംഗങ്ങള്‍ ഇത്രയധികം പ്രചരിച്ചിരിക്കുന്നത്.
വീഡിയോ...
Also Read:- പെരുമ്പാമ്പ് വിഴുങ്ങുന്നത് എന്തിനെയാണെന്ന് നോക്ക്;വീഡിയോ