കുട്ടികളിൽ കാണുന്ന ഈ മാറ്റങ്ങളെ അവഗണിക്കരുത് ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട 20 കാര്യങ്ങൾ
ചെറിയ കുട്ടികളിലും കൗമാരപ്രായക്കാരിലും അക്രമവാസനകളും നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യം നടന്നതിനുശേഷം കുറ്റക്കാരായവരെ തിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ഇത് തടയുന്നതിന് ആവശ്യമായ ഒരു പദ്ധതിയും നാളിതുവരെ രൂപം കൊണ്ടിട്ടില്ല.
കുട്ടികളിൽ ലഹരി ഉപയോഗം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സിഗരറ്റ്, പുകയില, മദ്യം, മയക്കുമരുന്ന് തുടങ്ങി അനേകം ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഭീഷണിയാണ്. കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.
പേനയും പുസ്തകം കൊണ്ട് നടക്കേണ്ട കൗമാരക്കാരന്റെ കൈകളിൽ കത്തിയും ലഹരി വസ്തുക്കളും. പോലീസും എക്സൈസും പിടികൂടുമ്പോഴാണ് രക്ഷിതാക്കൾ തിരിച്ചറിയുന്നത്. ഇതെല്ലാം കുട്ടികളുടെ കയ്യിൽ എങ്ങനെ എത്തി എന്നു രക്ഷിതാക്കളും ബന്ധപ്പെട്ടവർ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.
ചെറിയ കുട്ടികളിലും കൗമാരപ്രായക്കാരിലും അക്രമവാസനകളും നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യം നടന്നതിനുശേഷം കുറ്റക്കാരായവരെ തിരുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും വേണ്ടിയിട്ടുള്ള നിരവധി പദ്ധതികൾ ഉണ്ടെങ്കിലും ഇത് തടയുന്നതിന് ആവശ്യമായ ഒരു പദ്ധതിയും നാളിതുവരെ രൂപം കൊണ്ടിട്ടില്ല.
കടയ്ക്കൽ വളം വയ്ക്കുന്നതിനു പകരം തലയ്ക്കൽ വളം മുക്കുന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞാലും പലരും പേടി മൂലമോ അല്ലെങ്കിൽ തങ്ങൾ നൽകുന്ന വിവരങ്ങൾക്ക് കൃത്യമായ നടപടികൾ എടുക്കാത്തത് കാരണമോ പലപ്പോഴും കണ്ടില്ലാ എന്നു നടിക്കും. കഴിഞ്ഞദിവസം തൃശ്ശൂർ തേക്കിൻകാട് പരിസരത്ത് നടന്ന കൊലപാതകം ഇതിനു ഏറ്റവും അവസാനം നടന്ന ഉദാഹരണമാണ്.
ഇനിയും നമ്മൾ ഓരോരുത്തരും കണ്ണടച്ചിരുന്നാൽ വരും തലമുറകളെ കാർന്നു തിന്നുന്ന മഹാവ്യാധിയായി മാറും എന്നതിൽ സംശയം വേണ്ട. കുട്ടികളിലെ ഇത്തരം ദുഷ്ട പ്രവർത്തികൾ കാരണം സ്വന്തം വീടുകളിൽ പോലും സുരക്ഷിതമായി ഉറങ്ങുവാൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചേരും. ഇനിയും കണ്ണടച്ചിരിക്കാതെ കുട്ടികളിൽ അക്രമവാസനയും സമൂഹത്തിൽ നിന്നു തുടച്ചുനീക്കുന്നതിനും ലഹരി ഉപയോഗവും തടയുന്നതിനും സഹായിക്കുന്ന 20 നിർദ്ദേശങ്ങളാണ് താഴെപ്പറയുന്നത്.
1) കുട്ടികൾ പ്രായത്തിന് മുതിർന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുന്നത് ഒഴിവാക്കുക.
2) കുട്ടികളുടെ സുഹൃത്തുക്കളെ കുറിച്ചുള്ള പൂർണ്ണമായ അറിവ് എല്ലാ മാതാപിതാക്കൾക്കും ഉണ്ടായിരിക്കണം
3) കുട്ടികളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഉണ്ടെങ്കിൽ മനശാസ്ത്ര വിദഗ്ധരെ കൺസൾട്ട് ചെയ്യുക.
4) പഠനസംബന്ധമായ ബുദ്ധിമുട്ടുകൾ കുട്ടികൾക്ക് ഉണ്ടോ എന്നു കണ്ടെത്തുക.
5) കുട്ടികളുമായി ദിവസവും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ആശയവിനിമയം നടത്തുക.
6) മാതാപിതാക്കൾക്കിടയിലുള്ള വഴക്കുകൾ പൂർണമായും ഒഴിവാക്കുക.
7) ചോദിക്കാതെ കുട്ടികൾ പണം എടുക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
8) മൊബൈൽ ഫോണുകൾ ആവശ്യത്തിനു മാത്രം നൽകുക.
9) കുടുംബത്തിൻ്റെ ബുദ്ധിമുട്ട് അറിയിച്ചു മക്കളെ വളർത്തുക.
10) കുട്ടികളുടെ ന്യായമായ ആവശ്യങ്ങൾ മാത്രം നടപ്പിലാക്കി കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
11) കുട്ടികളുടെ നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ദുശീലങ്ങൾ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക.
12) കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള വസ്തുക്കൾ പ്രത്യേകിച്ച് വാഹനങ്ങൾ നൽകുവാൻ ശ്രദ്ധിക്കണം.
13) കുട്ടികൾ കിടന്നുറങ്ങുമ്പോൾ ഇടയ്ക്ക് അവരെ നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
14) അവരുടെ ബാഗും ബെഡ്റൂമും ഇടയ്ക്കിടയ്ക്ക് പരിശോധിക്കുക.
15) പണത്തിന്റെ വില അറിഞ്ഞു വളർത്തുക.
16) കുട്ടികളെ ഒരിക്കലും അന്ധമായി വിശ്വസിക്കരുത്.
17) സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ വളരുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
18) സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.
19) സ്കൂൾ / ട്യൂഷൻ അധ്യാപകരുമായി സംസാരിക്കുകയും കുട്ടികളുടെ പഠനത്തിലും മറ്റു കാര്യങ്ങളിലും ഉള്ള പുരോഗതി നിരന്തരം വിലയിരുത്തേണ്ടതാണ്.
20) നിങ്ങളുടെ കുട്ടികളെ കുറിച്ച് ബന്ധുക്കളും അയൽപക്കക്കാരും പറയുന്ന കാര്യങ്ങൾ ഗൗരവത്തോടെ എടുക്കുകയും അതനുസരിച്ച് പേരെന്റിങ്ങിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ള കുട്ടികളെ നേരത്തെ കണ്ടെത്തുവാനും അവരെ അതിൽ നിന്ന് മോചിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികൾ നമ്മുടെ നാട്ടിൽ രൂപം കൊള്ളേണ്ടിയിരിക്കുന്നു. ഓർക്കുക "കുറ്റവാളിയായി ഇവിടെ ആരും ജനിക്കുന്നില്ല. സാഹചര്യമാണ് അവരെ കുറ്റവാളി ആക്കി മാറ്റുന്നത്" ആ സാഹചര്യങ്ങളെയാണ് ആദ്യമേ തിരുത്തേണ്ടത് ആ സാഹചര്യങ്ങളാണ് ആദ്യമേ ഇല്ലാതാക്കേണ്ടത് അതാണ് കണ്ടെത്തേണ്ടതും തിരുത്തേണ്ടതും.
Read more 'ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ പക്വതയോടു കൂടി ഉപയോഗിക്കുവാൻ ശ്രമിക്കണം'