നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എപ്പോഴും ആരോടെങ്കിലും പറയുന്ന ശീലം ഉണ്ടോ?
എന്തു പ്രശ്നം വന്നാലും മറ്റൊരാളെ ആശ്രയിക്കുന്ന ശീലം നമ്മൾ മാറ്റിയെടുക്കണം. ഞാൻ നിസ്സഹായ അവസ്ഥയിലാണ് എന്ന ചിന്ത നമ്മളിൽ കൂടുതൽ ശക്തമാകാൻ ഇതു കാരണമാകും.
നമ്മുടെ സങ്കടങ്ങൾ ആരോടെങ്കിലും പറയാൻ കഴിഞ്ഞാൽ ഒരാശ്വാസം കിട്ടും എന്നത് ശരിയാണ്. അതിനാലാണ് നമ്മൾ സുഹൃത്തുക്കളോട് പ്രശ്നങ്ങൾ പറയുന്നതും സൈക്കോളജിസ്റ്റിനെ സമീപിക്കുന്നതും എല്ലാം. പക്ഷേ ഒരാശ്വാസത്തിനായി മറ്റുള്ളവരോടു സംസാരിക്കുന്നതും എപ്പോഴും മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്.
പൊതുവേ പ്രശ്നം പരിഹരിക്കുന്നത്തിനാണല്ലോ നമ്മൾ ആരോടെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യുന്നത്. പക്ഷേ പ്രശ്ങ്ങൾ പരിഹരിക്കാൻ ഒരു ശ്രമങ്ങളും നടത്താതെ എനിക്ക് ഇതിൽനിന്നും രക്ഷപ്പെടാനാവില്ല എന്ന വിശ്വാസം മനസ്സിൽ കടന്നുകൂടിയാലോ? അതു നമ്മുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്ന് ഉറപ്പാണ്.
എന്തു പ്രശ്നം വന്നാലും മറ്റൊരാളെ ആശ്രയിക്കുന്ന ശീലം നമ്മൾ മാറ്റിയെടുക്കണം. ഞാൻ നിസ്സഹായ അവസ്ഥയിലാണ് എന്ന ചിന്ത നമ്മളിൽ കൂടുതൽ ശക്തമാകാൻ ഇതു കാരണമാകും. ഉദാഹരണത്തിന് നമ്മളെ ജോലി സ്ഥലത്തുള്ള ചില ആളുകൾ, അല്ലെങ്കിൽ ബന്ധുക്കൾ ഒക്കെ വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കുന്നു എന്നിരിക്കട്ടെ.
നമുക്ക് ഈ കാര്യങ്ങൾ നമ്മുടെ സുഹൃത്തുക്കളോടോ പാർട്ണറിനോടോ സംസാരിക്കണം എന്ന് തോന്നാം. പക്ഷേ നിരന്തരം ഒരേ കാര്യങ്ങൾ നമ്മൾ മറ്റൊരാളോട് പറയുന്നതുകൊണ്ട് മാത്രം നമ്മുടെ പ്രശ്നം മാറുന്നില്ല. നമ്മളെ വിഷമിപ്പിക്കുന്ന വ്യക്തി അത് അവസാനിപ്പിക്കണമെങ്കിൽ നമ്മുടെ ഭാഗത്തുനിന്നുള്ള ചില ധൈര്യപൂർവ്വമുള്ള പ്രതികരണങ്ങൾ ആവശ്യമാണ്. അവരോടു “നോ” പറയാൻ നമ്മൾ ധൈര്യം കാണിക്കണം. അവരുടെ സംസാരരീതി നമ്മളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് അവരോടു ധൈര്യമായി പറയാനോ, അല്ലെങ്കിൽ അത്തരം സംസാരത്തെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രതികരിക്കുക (ignore).
ഇതെല്ലാം അവരോടു പറയുമ്പോൾ വളരെ ദേഷ്യഭാവം കാണിക്കണം എന്നില്ല. എനിക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ധൈര്യമായി ദേഷ്യമില്ലാതെയും പറയാൻ കഴിയും. അവരുടെ മുന്നിൽ കരയുന്നതും ദേഷ്യപ്പെടുന്നതും എല്ലാം നമ്മൾ മനസ്സിന് ധൈര്യം ഇല്ലാത്തവരാണ് എന്ന ചിന്ത അവരിലും നമുക്കു തന്നെയും ഉണ്ടാക്കും.
സ്വയം അംഗീകരിക്കാനുള്ള മനസ്സും നമ്മൾ വളർത്തിയെടുക്കണം. മറ്റൊരാൾ എന്തെങ്കിലും പറയുന്നതുകൊണ്ട് ഇല്ലാതാകുന്നതാണോ നമ്മുടെ ജീവിതം/ ആത്മവിശ്വാസം എന്ന് സ്വയം ചോദിച്ചുനോക്കുക. സ്വന്തം സമാധാനത്തിന് ആവശ്യമായ കാര്യങ്ങൾക്കായി നാം കൂടുതൽ സമയം കണ്ടെത്തണം.
എപ്പോഴും ആരെയെങ്കിലും ആശ്രയിക്കേണ്ട ആവശ്യമില്ല എന്ന് സ്വയം മനസ്സിലാക്കിയെടുക്കാൻ ഇനി പ്രശ്നങ്ങൾ വരുമ്പോൾ സ്വയം പരിഹരിക്കാനാകുമോ എന്ന് ശ്രമിച്ചു നോക്കുക. മറ്റൊരാളുടെ സഹായം എത്രമാത്രം ആവശ്യമുണ്ട് എന്ന് ആലോചിച്ചത്തിനു ശേഷം, സ്വയം കഴിയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുക.
(തിരുവല്ലയിലെ ബ്രീത്ത് മെന്റ് കെയറിലെ ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് പ്രിയ വർഗീസ്).