ഇതാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച; ഇതിനെത്ര വയസായി എന്നറിയാമോ?
സാധാരണഗതിയില്‍ ഒരു പൂച്ചയ്ക്ക് എത്ര ആയുസുണ്ട് എന്നതുകൂടി അറിഞ്ഞാലേ ഫ്ളോസിയുടെ പ്രായത്തിന്‍റെ പ്രാധാന്യം ശരിക്ക് മനസിലാകൂ. 12 മുതല്‍ 14 വരെയൊക്കെയാണ് പൂച്ചകളുടെ ശരാശരി ആയുസ്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ, പുരുഷൻ- സ്ത്രീ എന്നിങ്ങനെയുള്ള ബഹുമതികളെ കുറിച്ചെല്ലാം ഏവരും കേട്ടിരിക്കും. ഇപ്പോഴിതാ സമാനമായ രീതിയില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ചയെ പരിചയപ്പെടുത്തുകയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ്.
ഇവരുടെ രേഖകള്‍ പ്രകാരം യുകെയില്‍ നിന്നുള്ള ഫ്ളോസീ എന്ന പൂച്ചയ്ക്കാണ് ലോകത്തില്‍ ഏറ്റവും പ്രായക്കൂടുതലുള്ളത്. ഇതിനെത്ര വയസായി എന്നറിയാമോ? ഇരുപത്തിയാറ് വയസും മുന്നൂറിലധികം ദിവസവും പ്രായമുണ്ട് ഇതിന്.
സാധാരണഗതിയില്‍ ഒരു പൂച്ചയ്ക്ക് എത്ര ആയുസുണ്ട് എന്നതുകൂടി അറിഞ്ഞാലേ ഫ്ളോസിയുടെ പ്രായത്തിന്‍റെ പ്രാധാന്യം ശരിക്ക് മനസിലാകൂ. 12 മുതല്‍ 14 വരെയൊക്കെയാണ് പൂച്ചകളുടെ ശരാശരി ആയുസ്. ചില പൂച്ചകള്‍ 20 വര്‍ഷം വരെയെല്ലാം പിടിച്ചുനില്‍ക്കാം. എന്നാല്‍ ഇരുപത്തിയാറ് വര്‍ഷമെന്നത് ഒരിക്കലും നിസാരമായ സംഗതിയല്ല.
ഇനി മറ്റൊന്നുകൂടി കേട്ടാല്‍ ഫ്ളോസിയുടെ ആയുസിന്‍റെ ബലം വീണ്ടും നമ്മളില്‍ അത്ഭുതം നിറയ്ക്കും. അതായത് മനുഷ്യര്‍ ഇന്ന് നൂറ് വയസ് വരെ പോലും പോകുന്നത് അപൂര്‍വമാണ്. നൂറ് കടന്ന് പോകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നും പറയാം. ഇങ്ങനെ ഒരു മനുഷ്യൻ 120 വര്‍ഷം വരെ ജീവിച്ചാലോ? ഇതിന് തുല്യമാണത്രേ ഇരുപത്തിയാറ് വര്‍ഷം ഒരു പൂച്ച ജീവിക്കുന്നത്.
വാര്‍ധക്യത്തിലാണെങ്കിലും ഫ്ളോസിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കാഴ്ചയ്ക്ക് നല്ലതോതിലുള്ള മങ്ങലുണ്ട്, ചെവിയും കേള്‍ക്കില്ല. എന്നാലീ പ്രശ്നങ്ങള്‍ ഫ്ളോസിയെ സംബന്ധിച്ച് ഒന്നുമല്ലെന്നാണ് ഇവളുടെ ഉടമസ്ഥര്‍ പറയുന്നത്. കാര്യങ്ങളെല്ലാം ചെയ്യും, നടക്കും, കളിക്കും, സാമാന്യം ഭക്ഷണം കഴിക്കാനുള്ള വിശപ്പ് എപ്പോഴുമുണ്ടായിരിക്കും. എങ്കിലും മികച്ച രീതിയില്‍ തന്നെ ഇവളെ പരിപാലിക്കുന്നുണ്ടെന്ന് ഉടമസ്ഥര്‍ തീര്‍ത്തുപറയുന്നു.
തെരുവില്‍ ജനിച്ചതാണത്രേ ഫ്ളോസി. ഇവിടെ നിന്ന് ഒരു സ്ത്രീ ഇവളെ എടുത്തുകൊണ്ടുപോയി. അവര്‍ക്കൊപ്പം പത്ത് വര്‍ഷം ജീവിച്ചു. അവര്‍ മരിച്ചതിന് ശേഷം അവരുടെ സഹോദരി ഫ്ളോസിയെ അങ്ങോട്ട് കൊണ്ടുപോയി. അവര്‍ക്കൊപ്പം 14 വര്‍ഷവും ജീവിച്ചു. അവരും മരിച്ചതോടെ പൂച്ചകളെ സംരക്ഷിക്കുന്ന ഒരു സംഘടനയുടെ പ്രധാന പ്രവര്‍ത്തകയും ഈ മേഖലയില്‍ വിദഗ്ധയുമായ വിക്കി ഗ്രീൻ എന്ന യുവതിയുടെ കയ്യിലെത്തി.
'ഇവള്‍ കയ്യിലെത്തിയപ്പോള്‍ തന്നെ ഏറെ പ്രത്യേകതയുള്ളയാളാണെന്ന് തോന്നിയിരുന്നു. എങ്കിലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡൊക്കെ നേടാനും മാത്രം പ്രത്യേകതയുള്ളയാളാണ് എന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരോടും ഏറെ സ്നേഹത്തോടെ പെരുമാറുന്നയാളാണ് ഫ്ളോസി. തന്‍റെ പരിമിതികള്‍ക്കൊപ്പം ജീവിക്കാൻ അവള്‍ക്കറിയാം. മിടുക്കിയാണ്...'- വിക്കി ഗ്രീൻ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെ കുറിച്ചുള്ള വിവരങ്ങളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് പുറത്തുവിട്ടിരുന്നു. കാലിഫോര്‍ണിയയില്‍ നിന്നുള്ള ജിനോ വൂള്‍ഫ് എന്ന ഇരുപത്തിരണ്ടുകാരൻ നായയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ശ്വാനൻ.
Also Read:- അസാധാരണമായ കാല്‍പാദങ്ങളുമായി സ്ത്രീ; ചെരുപ്പോ ഷൂവോ ഒരിക്കലും പാകമാകില്ല!