തലമുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍

നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന നിസാര കാരണങ്ങള്‍ കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം.

Haircare tips to Manage hair fall in Summer

തലമുടി കൊഴിച്ചില്‍ എന്നത് പലരുടെയും തീരാത്ത പരാതിയാണ്. നിങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന നിസാര കാരണങ്ങള്‍ കൊണ്ടാകാം തലമുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയുടെ ആരോഗ്യത്തെ നമ്മുക്ക് സംരക്ഷിക്കാം.

അത്തരത്തില്‍ തലമുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. ജലാംശം നിലനിർത്തുക

ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇത് തലയോട്ടിയില്‍ ജലാംശം നിലനിര്‍ത്താനും മുടി കൊഴിച്ചിലിനെ തടയാനും സഹായിക്കും. തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച് തുടങ്ങിയ ജലാംശം നൽകുന്ന ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

2. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുക

വീര്യം കുറഞ്ഞ ഷാംപൂകൾ തലയോട്ടിയിൽ നിന്ന് പ്രകൃതിദത്ത എണ്ണകൾ നീക്കം ചെയ്യാതെ നോക്കും. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യുമെന്നും ഓര്‍ക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

3. ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക

ഹെയർ ഡ്രയർ, സ്‌ട്രൈറ്റനറുകൾ, കേളിംഗ് അയൺ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്. 

4. സൂര്യപ്രകാശത്തിൽ നിന്ന് തലമുടിയെ സംരക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികൾ തലമുടിക്കും തലയോട്ടിക്കും കേടുവരുത്തും. ഇത് തലമുടി വരൾച്ച, മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവയിലേക്ക് നയിക്കുന്നു. അതിനാല്‍ പുറത്ത് പോകുമ്പോൾ തൊപ്പിയോ സ്കാർഫോ ധരിക്കുക. 

5. സമീകൃതാഹാരം ഉറപ്പാക്കുക

ആരോഗ്യകരമായ മുടി വളർച്ചയെ സഹായിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പഴങ്ങൾ, പച്ചക്കറികൾ എന്നിവയും പ്രോട്ടീനുകൾ, ബയോട്ടിൻ, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. 

6. പ്രകൃതിദത്ത ഹെയർ മാസ്കുകൾ ഉപയോഗിക്കുക

പ്രകൃതിദത്ത ഹെയർ മാസ്കുകൾക്ക് തലയോട്ടിയെ പോഷിപ്പിക്കാനും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കും. കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ തുടങ്ങിയ ചേരുവകൾ കലർത്തി തലയോട്ടിയിലും മുടിയിലും 30 മിനിറ്റ് നേരം പുരട്ടുന്നത് നല്ലതാണ്. 

7. കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടുക

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ പലരും മറക്കാറുണ്ട്. മൂന്ന് മാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും സഹായകമാകും. 

8. സ്ട്രെസ് കുറയ്ക്കുക

സ്ട്രെസ് കുറയ്ക്കുന്നതും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.  

Also read: രാത്രി ഉറങ്ങുന്നതിന് മുമ്പ് കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം മാറ്റങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios