Beauty Care | മുടിയുടെ നീളവും മുഖത്തിന്‍റെ നിറവും വര്‍ധിപ്പിക്കാൻ യഥാര്‍ത്ഥത്തില്‍ സാധ്യമാണോ?
എത്ര 'കെയര്‍' നല്‍കിയാലും ജൈവികമായി നമ്മളിലുള്ള ചില ഘടകങ്ങള്‍ നമുക്ക് മാറ്റാന്‍ സാധിക്കുകയില്ല. പലപ്പോഴും സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ നമ്മളില്‍ ഇത്തരം മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. പക്ഷേ അവയില്‍ ഏതെല്ലാം കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ നമുക്ക് സാധ്യമാവുകയെന്നതില്‍ നമുക്ക് തന്നെ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാകാം
സൗന്ദര്യപരിപാലനമെന്നാല്‍ ( Beauty Care ) ഇന്ന് ലിംഗവ്യത്യാസമില്ലാതെ ധാരാളം പേര്‍ പ്രാധാന്യം നല്‍കുന്നൊരു വിഷയമാണ്. അത് മുടിയുടെ കാര്യമോ ( Hair Care ), ചര്‍മ്മത്തിന്റെ കാര്യമോ ( Skin Care ) ഏതുമാകട്ടെ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേര്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുകയും, സ്വയം മെച്ചപ്പെടുത്താനായി ആശ്രയിക്കാവുന്ന മാര്‍ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാറുണ്ട്.
എന്നാല്‍ എത്ര 'കെയര്‍' നല്‍കിയാലും ജൈവികമായി നമ്മളിലുള്ള ചില ഘടകങ്ങള്‍ നമുക്ക് മാറ്റാന്‍ സാധിക്കുകയില്ല. പലപ്പോഴും സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ നമ്മളില്‍ ഇത്തരം മാറ്റങ്ങള്‍ വാഗ്ദാനം ചെയ്യാറുണ്ട്. പക്ഷേ അവയില്‍ ഏതെല്ലാം കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ നമുക്ക് സാധ്യമാവുകയെന്നതില്‍ നമുക്ക് തന്നെ അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാകാം.
അത്തരത്തില്‍ പരിപാലനത്തിലൂടെ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കാത്ത അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഹെല്‍ത്ത് ആന്റ് ബ്യൂട്ട് എക്‌സ്പര്‍ട്ട് ആയ ഡോ. ഗുര്‍വീണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതാണ് ഇക്കാര്യങ്ങള്‍.
ഒന്ന്...
സ്ത്രീകളിലാണെങ്കില്‍ ആര്‍ത്തവത്തിന് മുന്നോടിയായി വരുന്ന 'പ്രീമെന്‍സ്ട്രല്‍ സിംപ്ടംസ്' ( പിഎംഎസ്)ന്റെ ഭാഗമായി വരുന്ന മുഖക്കുരു, ആരോഗ്യപ്രശ്‌നങ്ങള്‍, 'മൂഡ്' പ്രശ്‌നങ്ങള്‍ എന്നിവ നമുക്ക് മാറ്റാന്‍ സാധിക്കുകയില്ലെന്നാണ് ഡോ. ഗുര്‍വീണ്‍ പറയുന്നത്.
ഇങ്ങനെയുണ്ടാകുന്ന മുഖക്കുരു ഏതെങ്കിലും ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എന്നാലിത് ഹോര്‍മോണ്‍ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്താണ് എന്നതിനാല്‍ തന്നെ ഇവ മാറ്റാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്.
രണ്ട്...
മുടിയുടെ ആരോഗ്യവുമായും അഴകുമായും ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നമ്മളെല്ലാം നേരിടാറുണ്ട്യ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരത്തിനായി വിവിധ ഉത്പന്നങ്ങളെ പതിവായി ആശ്രയിക്കുന്നവരുമുണ്ട്. എന്നാല്‍ മുടിയുടെ നീളത്തിന്റെ കാര്യത്തില്‍ മറ്റൊന്നിനെയും ആശ്രയിച്ചിട്ട് കാര്യമില്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇത് വലിയൊരു പരിധി വരെയും ജനിതകമാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മുടിയുടെ നീളത്തെ ഏതെങ്കിലും വിധേന സ്വാധീനിക്കുക സാധ്യമല്ലെന്നും ഇവര്‍ പറയുന്നു.
മൂന്ന്...
നമ്മുടെ ചര്‍മ്മത്തില്‍ തീരെ നേര്‍ത്ത സുഷിരങ്ങള്‍ കാണാന്‍ സാധിക്കും. ഇതുവഴിയാണ് 'ജെല്‍' പരുവത്തിലുള്ള 'സെബം' എന്ന, ചര്‍മ്മത്തിന് എണ്ണമയം നല്‍കുന്ന ദ്രാവകം വരുന്നത്. ചിലരില്‍ ഇത് കൂടുതലായിരിക്കും. പ്രായമാകും തോറും ഇവയുടെ വലിപ്പവും കൂടിവരാം. ഇക്കാര്യങ്ങളിലും പ്രത്യേകിച്ച് നമുക്ക് മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍ പറയുന്നു.
നാല്...
മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഉയരുന്ന ഏറ്റവും വലിയ പരാതിയാണ് മുടി കൊഴിച്ചില്‍. പ്രകൃത്യാ തന്നെ ഒരു അളവ് മുടി നിത്യവും നമ്മളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നുണ്ട്.
Also Read:- കണ്ടീഷ്ണര്‍ ഉപയോഗിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ?
ദിവസവും നൂറ് മുതല്‍ നൂറ്റമ്പത് മുടിനാരിഴ വരെ എന്നതാണ് ഇതിന്റെ ഏകദേശ കണക്ക്. ഈ അളവില്‍ മാറ്റം വരുത്താന്‍ നമുക്ക് സാധ്യമല്ലെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ച്...
സൗന്ദര്യ പരിപാലന രംഗത്ത് ഏറ്റവുമധികം 'ഡിമാന്‍ഡ്' ഉള്ളത് ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങള്‍ക്കാണ്. എന്നാല്‍ ഒരു വ്യക്തിക്ക് അയാളുടെ ജൈവികമായ നിറം മാറ്റിയെടുക്കാന്‍ സാധ്യമല്ലെന്നാണ് ഡോക്ടര്‍ പറയുന്നത്. പകരം നമ്മുടെ നിറത്തിനെ തന്നെ പരിപാലിച്ചെടുത്ത് അതിനെ ഭംഗിയാക്കി സൂക്ഷിക്കാം. അതിന് വേണ്ട കാര്യങ്ങള്‍ ചെയ്യാം. ചര്‍മ്മത്തിന്റെ നിറം ഏതുതന്നെ ആയാലും അതിന് തനതായ അഴകുണ്ടെന്നും അക്കാര്യത്തില്‍ അപകര്‍ഷത അനുഭവിക്കരുതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.