'ഇതൊരു പഞ്ചാരയമ്മൂമ്മ തന്നെ'; ആരെയും അല്‍പനേരത്തേക്ക് സന്തോഷിപ്പിക്കും ഈ വീഡിയോ...
എല്ലാത്തിനും പുറമെ സ്വന്തം ലുക്കില്‍ അഭിമാനത്തോടെ ചിരിക്കുന്ന അമ്മൂമ്മയുടെ സന്തോഷത്തിനും മുകളില്‍ എന്തുണ്ട് എന്നാണ് ഏവരും ചോദിക്കുന്നത്. അത്രയും മനോഹരമായാണ് വീഡിയോയുടെ അവസാനത്തില്‍ ഇവര്‍ ചിരിക്കുന്നത്.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറ്. ഇവയില്‍ പലതും താല്‍ക്കാലികമായി ആസ്വാദനത്തിന് മാത്രമുള്ള, മുൻകൂട്ടി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളായിരിക്കും. എങ്കിലും ചില വീഡിയോകള്‍ വെറുതെ നേരം കളയാൻ കാണുന്നതാണെങ്കിലും ശരിക്കും നമ്മുടെ മനസിനെ തൊടാറുണ്ട്, അല്ലേ?
സമാനമായ രീതിയിലുള്ളൊരു 'ക്യൂട്ട്' വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. സാധാരണഗതിയില്‍ 'ക്യൂട്ട്' എന്ന് നാം പറയാറുള്ളത് കുട്ടികളുടെ വീഡിയോകളെയാണ്. മുതിര്‍ന്നവരുടെ മാനസികസമ്മര്‍ദ്ദങ്ങളെയും സംഘര്‍ഷങ്ങളെയും സങ്കടങ്ങളെയുമെല്ലാം നിമിഷനേരം കൊണ്ട് അലിയിച്ചുകളയുന്നതാണ് കുരുന്നുകളുടെ കളിചിരികളും കുസൃതികളും കൊഞ്ചിയുള്ള സംസാരങ്ങളുമെല്ലാം.
കുട്ടികളോളം തന്നെ 'ക്യൂട്ട്' ആണ് പലപ്പോഴും വൃദ്ധരും. ഇത് ഏവരും പറയാറുമുണ്ട്. ഇപ്പോഴിതാ ഇവിടെ പങ്കുവയ്ക്കുന്ന 'ക്യൂട്ട്' വീഡിയോയിലും ശരിക്കും താരം ഒരു വൃദ്ധയാണ്. കാഴ്ചയില്‍ എണ്‍പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്നൊരു സ്ത്രീ. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നും വ്യക്തമല്ല. ഇവരും ഇവരുടെ പേരക്കുട്ടിയായ യുവതിയുമാണ് കാര്യമായും വീഡിയോയിലുള്ളത്.
പേരക്കുട്ടി അമ്മൂമ്മയ്ക്ക് മുടി കളര്‍ ചെയ്തുകൊടുക്കുന്നതാണ് രംഗം. വളരെ വ്യത്യസ്തമായ കടും നിറങ്ങളാണ് മുടിയുടെ ഓരോ ഭാഗത്തായി ഇവര്‍ അടിക്കുന്നത്. കാണുമ്പോള്‍ ഒരുപക്ഷേ കാഴ്ചക്കാരില്‍ ചെറിയ അസ്വസ്ഥതയോ സംശയമോ ഉണ്ടാകാം. എന്നാല്‍ അവര്‍ക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ല. ഓരോ നിറം അടിക്കുമ്പോഴും ഇരുവരും പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്.
എങ്കിലും നിറം കൊടുക്കല്‍ മുഴുവനായി കഴിയുമ്പോള്‍ എന്തായിരിക്കും അവസ്ഥയെന്നെങ്കിലും കാഴ്ചക്കാര്‍ ചിന്തിക്കും. എന്നാല്‍ സംഭവം എല്ലാം കഴിഞ്ഞ് മുടി സ്റ്റൈല്‍ ചെയ്ത് ഇട്ടുകണ്ടപ്പോള്‍ മിക്കവര്‍ക്കും ഇത് ഇഷ്ടപ്പെട്ടിരിക്കുകയാണ്. ഒട്ടും മോശമല്ലാത്ത രീതിയില്‍ കളര്‍ഫുള്‍ ആയിട്ടുണ്ടെന്നും ട്രെൻഡി ലുക്ക് ആയിട്ടുണ്ടെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ പറയുന്നു.
എല്ലാത്തിനും പുറമെ സ്വന്തം ലുക്കില്‍ അഭിമാനത്തോടെ ചിരിക്കുന്ന അമ്മൂമ്മയുടെ സന്തോഷത്തിനും മുകളില്‍ എന്തുണ്ട് എന്നാണ് ഏവരും ചോദിക്കുന്നത്. അത്രയും മനോഹരമായാണ് വീഡിയോയുടെ അവസാനത്തില്‍ ഇവര്‍ ചിരിക്കുന്നത്. പഞ്ചാരയമ്മൂമ്മയെന്നും, ക്യൂട്ടസ്റ്റ് അമ്മൂമ്മയെന്നുമെല്ലാം നിരവധി പേര്‍ ഇവരെ കമന്‍റില്‍ വിശേഷിപ്പിച്ചിരിക്കുന്നു. ഇങ്ങനെയൊരു അമ്മൂമ്മയെ ആരാണ് ആഗ്രഹിക്കാത്തത് എന്നും ഇവര്‍ ചോദിക്കുന്നു.
രസകരമായ വീഡിയോ കണ്ടുനോക്കൂ...
Also Read:- ആനയാണെന്ന് കരുതി പേടിച്ചു, തൊട്ടത് പാപ്പാൻ; നടി മോക്ഷയുടെ രസകരമായ വീഡിയോ...