68ാം വയസിൽ മൂന്നാം വിവാഹം ചെയ്ത് ഹരീഷ് സാല്‍വെ, അതിഥികളായി നിത അംബാനിയും ലളിത് മോഡിയുമടക്കമുള്ള സുഹൃത്തുക്കൾ
നിത അംബാനി, ലളിത് മോഡി, ഉജ്ജ്വല റൌത്ത് അടക്കമുള്ള പ്രമുഖരാണ് ലണ്ടനില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്
ലണ്ടന്‍: ഇന്ത്യയിലെ അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെ വീണ്ടും വിവാഹിതനായി. ഞായറാഴ്ച ലണ്ടനില്‍ വച്ചായിരുന്നു ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹം. അടുത്ത സുഹൃത്തുക്കള്‍ പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ട്രിനയാണ് വധു. നിത അംബാനി, ലളിത് മോഡി, ഉജ്ജ്വല റൌത്ത് അടക്കമുള്ള പ്രമുഖരാണ് ലണ്ടനില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തത്.
2020ലാണ് മീനാക്ഷി സാല്‍വെയുമായി ഹരീഷ് സാല്‍വെ വിവാഹ മോചനം നേടിയത്. 38 വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. ഈ ബന്ധത്തില്‍ സാക്ഷി, സാനിയ എന്നീ രണ്ട് പെണ്‍മക്കളാണ് ഹരീഷ് സാല്‍വെയ്ക്കുള്ളത്. കുല്‍ഭൂഷന്‍ ജാദവ് കേസ് അടക്കം രാജ്യത്തെ നിരവധി സുപ്രധാന കേസുകളില്‍ സുപ്രീം കോടതിയില്‍ ഹാജരായിട്ടുള്ള അഭിഭാഷകന്‍ കൂടിയാണ് 68കാരനാണ് ഹരീഷ് സാല്‍വെ. സല്‍മാന്‍ ഖാനെതിരായ അലക്ഷ്യമായി വാഹനം ഓടിച്ച കേസും കൈകാര്യം ചെയ്തത് ഹരീഷ് സാല്‍വെ ആയിരുന്നു.
1999 നവംബര്‍ മുതല്‍ 2002 നവംബര്‍ വരെ രാജ്യത്തിന്റെ സോളിസിറ്റര്‍ ജനറലായിരുന്നു ഹരീഷ് സാല്‍വെ. ജനുവരിയില്‍ ഇംഗ്ലണ്ടിലെ ക്വീന്‍സ് കൌണ്‍സെല്‍ ഫോര്‍ ദി കോര്‍ട്ട്സ് ഓഫ് വെയില്‍സിലും ഹരീഷ് സാല്‍വെ നിയമിതനായിരുന്നു. നാഗ്പൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി ബിരുദമെടുത്ത ഹരീഷ് സാല്‍വെ സോളിസിറ്റര്‍ ജനറല്‍ ആകുന്നതിന് മുന്‍പ് ദില്ലി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. മീനാക്ഷി സാല്‍വെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാല്‍വെയുടെ മുന്‍ ഭാര്യമാര്‍. 2020ലാണ് ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാല്‍വെ വിവാഹം ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം