മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ

''തലയോട്ടിയും മുഖവുമൊക്കെ ഏതാണ്ട് ഒരു താമരപ്പൂ വിരിഞ്ഞ മാതിരി പല "ഇതളു"കളായി വിടർന്ന് അകന്നിരിക്കുന്നു, ചില ഇതളുകൾ തെറിച്ചെവിടെയോ പോയിരുന്നു. തലച്ചോറും കണ്ണുകളൊക്കെ (നേത്രഗോളങ്ങൾ) എവിടെയോ തെറിച്ച് പോയിട്ടുണ്ട്. എന്നിട്ടും ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞിരുന്നു...''

forensic surgeon writes about how dead bodies can be mistaken hyp

കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവം വലിയ രീതിയിലാണ് ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തപ്പോഴാണ് ആശുപത്രി ജീവനക്കാര്‍ക്ക് അബദ്ധം പിണഞ്ഞത്. സംഭവം വിവാദമായതോടെ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

കടയ്ക്കല്‍ സ്വദേശിയായ വാമദേവൻ (68)ന്‍റെ മൃതദേഹത്തിന് പകരം കടയ്ക്കല്‍ സ്വദേശി തന്നെയായ രാജേന്ദ്രൻ എന്നയാളുടെ മൃതദേഹമാണ്. ആശുപത്രിയില്‍ വച്ച് ഇക്കാര്യം ബന്ധുക്കള്‍ അറിഞ്ഞില്ല. മൃതദേഹം വീട്ടിലെത്തിച്ച ശേഷം ആംബുലൻസില്‍ നിന്ന് ഇറക്കുമ്പോഴാണ് ഇത് പലരുടെയും ശ്രദ്ധയില്‍ പെട്ടത്. വാമദേവൻ ഏറെ നാള്‍ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്നു എന്നതിനാല്‍ മുഖത്തിന് മാറ്റങ്ങള്‍ വന്നിരുന്നു, ഇതിനാല്‍ ബന്ധുക്കള്‍ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല എന്നാണ് സൂചന. അതേസമയം മൃതദേഹം മാറിയതിനെ തുടര്‍ന്ന് തിരികെ ആശുപത്രിയിലെത്തിയ ബന്ധുക്കള്‍ പ്രതിഷേധമറിയിച്ചതോടെ അല്‍പം സംഘര്‍ഷമുണ്ടായിരുന്നു. പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. 

എങ്ങനെയാണ് മൃതദേഹം മാറിപ്പോവുക, ഇതൊക്കെ ഇത്ര നിസാരമായാണോ കൈകാര്യം ചെയ്യുന്നത്- ഇങ്ങനെയൊരു തെറ്റ് ആശുപത്രിക്കാര്‍ക്ക് പറ്റിക്കൂട എന്നുതുടങ്ങി പല തരത്തിലുള്ള വിമര്‍ശനങ്ങളും സംഭവത്തില്‍ പലയിടങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വിശദീകരണം ചോദിച്ചിട്ടുണ്ട്. 

ഇതിനിടെ ഫൊറൻസിക് സര്‍ജനായ ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തന്‍റെ ഒരനുഭവകഥ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മൃതദേഹങ്ങള്‍ മാറിപ്പോകുമോ, ഇങ്ങനെയൊക്കെ ആശുപത്രിക്കാര്‍ക്ക് തെറ്റ് പറ്റുമോ എന്ന് സംശയിക്കുന്നവര്‍ക്ക് ഒരു വ്യക്തതയ്ക്കായി ഇദ്ദേഹത്തിന്‍റെ അനുഭവം വായിക്കാവുന്നതാണ്. 

ട്രെയിൻ തട്ടി മുഖം അടക്കമുള്ള ശരീരഭാഗങ്ങള്‍ ചിതറിപ്പോയൊരു മനുഷ്യന്‍റെ മൃതദേഹം തുന്നിക്കൂട്ടി ബന്ധുക്കള്‍ക്ക് മുന്നിലെത്തിച്ചപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ചാണ് ഡോ. കൃഷ്ണൻ ബാലേന്ദ്രൻ ഓര്‍മ്മിക്കുന്നത്. അദ്ദേഹമെഴുതിയ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

''മരിച്ച് കഴിഞ്ഞാൽ നമ്മളെ കണ്ടാൽ ഇപ്പോള്‍ ഇരിക്കുന്ന പോലെ തന്നെയിരിക്കണം എന്നൊരു നിർബന്ധവുമില്ല. പല കാരണങ്ങൾ കൊണ്ടും സാധരണ ഒരു മനുഷ്യനെ തിരിച്ചറിയാൻ മറ്റുള്ളവർ ഉപയോഗിക്കുന്ന, അവർ മുന്നേ കണ്ട് പരിചയിച്ച ബാഹ്യലക്ഷണങ്ങളൊക്കെ മാറീട്ടുണ്ടാവും. 

രോഗാവസ്ഥ കൊണ്ട് നീര് വന്ന് മുഖം വീർത്ത് വന്നോ, അല്ലെങ്കിൽ ക്ഷീണിച്ച് മുഖത്തെ കൊഴുപ്പെല്ലാം പോയി മുഖത്തെ എല്ലുകൾ ഉന്തിയ മാതിരിയായോ, പരിക്കുകൾ കൊണ്ട് മുഖത്തിന്റെ natural countours നഷ്ടപ്പെട്ടോ വികലമാക്കപ്പെട്ടിട്ടോ…അങ്ങനെ പല കാരണങ്ങൾ കൊണ്ടും മരിച്ചയാളെ കണ്ടാൾ അവരുടെ ഉറ്റവർക്ക് പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാകുന്ന സംഭവങ്ങൾ തുടങ്ങി, "തിരിച്ചറിഞ്ഞത്" തെറ്റിപ്പോയിട്ടുള്ള സംഭവങ്ങൾ വരെ എന്റെ പ്രോഫഷനൽ ജീവിതത്തിൽ തന്നെ ഒരുപാട് തവണ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. 

ക്രിമിനൽ നടപടി ക്രമം പ്രകാരം ക്രിമിനലി സസ്പീഷ്യസായ കേസുകളുമായി ബന്ധപ്പെട്ട് മൃതദേഹങ്ങളിൽ മുമ്പേനിശ്ചയിച്ചതും കേസ് സ്പെസിഫിക്കുമായ objectives നിറവേറ്റാനായിട്ടാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനകൾ നടത്തുന്നത്. 

ഈ പരിശോധനയുടെ ഒരു stated objective ഒന്നുമല്ലെങ്കിലും പോസ്മോർട്ടം പരിശോധന നടത്തി കഴിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കുമ്പോൾ അത് അവർക്ക് കഴിവതും മനസ്സിന് വിഷമം ഉണ്ടാകാതെ കാണാനും, കണ്ട് നിൽക്കാനും പറ്റുന്ന തരത്തിൽ, അവരുടെ വിശ്വാസങ്ങൾക്കും വാല്യു സിസ്റ്റംസിനും തൃപ്‌തികരവും ഹിതകരവും സ്വീകാര്യമായ തരത്തിൽ ഡ്രസ് ചെയ്ത് തിരികെ കൊടുക്കുക എന്നത് ഓരോ കേസിലും ഞാനും എന്റെ കൂടെ ജോലി ചെയ്യുന്നവരും എല്ലാ ദിവസവും ചെയ്യുന്ന പണിയാണ്. 

എല്ലാ കേസുകളിലും ഇങ്ങനെ ചെയ്യാൻ പറ്റാതെ വന്നിട്ടുണ്ട്. വാഹനങ്ങൾ തലയിൽ കൂടി കയറിയിറങ്ങി മുഖമുൾപ്പടെ ചതഞ്ഞരഞ്ഞ് പോയതോ, അല്ലെങ്കിൽ മുഖമൊക്കെ വാളോ അത് പോലുള്ള ആയുധങ്ങൾ കൊണ്ട് പല തവണ റിപ്പീറ്റഡായി വെട്ടി വികൃതമാക്കപ്പെട്ടതോ, അല്ലെങ്കിൽ ട്രെയിനിടിച്ച് അംഗച്ഛേദം വന്നതും ഛിന്നഭിന്നമാക്കപ്പെട്ടതുമായ ശരീരങ്ങൾ തിരിച്ച് മനുഷ്യക്കോലത്തിലാക്കി എടുക്കുക എന്നത് ചിലപ്പോഴെങ്കിലുമൊക്കെ പറ്റാതെയായും പോയിട്ടുണ്ട്. 

ഏതാണ്ട് ഇരുപത് വർഷം മുമ്പ് കോഴിക്കോട്ടായിരുന്നപ്പോ നടന്ന ഒരു കേസിന്‍റെ കാര്യം പറയാം. 

നടക്കാവീന്നോ പന്ന്യങ്കരയീന്നോ മറ്റോ ആണെന്ന് തോന്നുന്നു, റെയിൽവേപ്പാളത്തിനരികെ നിന്നും കണ്ടെത്തിയ ഒരു കേസായിരുന്നു അത്. സാധാരണഗതിക്ക് ആളേ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ, തീവണ്ടിയുടെ മൊമന്‍റത്തിന്‍റെ സംഹാരശക്തിയുടെ മൊത്തം ഊക്കുമേറ്റുവാങ്ങി പലയിടങ്ങളിലായി അംഗഹീനമാക്കപ്പെട്ട് മ്യുട്ടിലേറ്റഡായിപ്പോയ ഒരു ശരീരം. 

തലയോട്ടിയും മുഖവുമൊക്കെ ഏതാണ്ട് ഒരു താമരപ്പൂ വിരിഞ്ഞ മാതിരി പല "ഇതളു"കളായി വിടർന്ന് അകന്നിരിക്കുന്നു, ചില ഇതളുകൾ തെറിച്ചെവിടെയോ പോയിരുന്നു. തലച്ചോറും കണ്ണുകളൊക്കെ (നേത്രഗോളങ്ങൾ) എവിടെയോ തെറിച്ച് പോയിട്ടുണ്ട്. 

എന്നിട്ടും ബന്ധുക്കൾ ആളെ തിരിച്ചറിഞ്ഞിരുന്നു. അവസാനം വീട്ടിൽ നിന്നിറങ്ങിയപ്പോ ധരിച്ചിരുന്ന വസ്ത്രത്തിന്‍റെയും പിന്നെ അതിന്‍റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സിലെവിടയോ സൂക്ഷിച്ച് വച്ചിരുന്ന അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ഫോട്ടോയുമൊക്കെയാണ് അന്ന് ആളെ തിരിച്ചറിയാൻ അവരെ സഹായിച്ചത്.
 
എന്നിരുന്നാലും ബന്ധുക്കളെ മോർച്ചറിയിൽ വിളിച്ച് കയറ്റി ബോഡി അവരെ കൊണ്ട് ഒന്ന് കൂടി തിരിച്ചറിഞ്ഞ് ബോധ്യപ്പെടുത്തിയിട്ടാണ് അന്ന് ആ കേസ് തുടങ്ങിയത്. ഇങ്ങനെ ചെയ്യുന്നതിനും കാരണമുണ്ട്. 
മരണകാരണം മനസ്സിലാക്കുവാനും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളേക്കുറിച്ചുമുള്ള നിയമപരമായ അന്വേഷണമായ ഇൻക്വസ്റ്റിന്‍റെ ഭാഗമായി നടത്തപ്പെടുന്ന പരിശോധനയായ പോസ്മോർട്ടം പരിശോധനയുടെ ഒരു stated objective ആണ് തിരിച്ചറിയപ്പെട്ടില്ലാത്ത ഒരു ശരീരത്തിന്‍റെ സ്വത്വം നിജപ്പെടുത്തുക എന്നത് (to establish the identity of an unidentified person). 
ഇങ്ങനെ ആകെ താറുമാറായിപ്പോയ ശരീരത്തിൽ നിന്ന് ബാഹ്യമായ ലക്ഷങ്ങൾ കൊണ്ട് identity ബന്ധുക്കൾ നിജപ്പെടുത്തിയില്ലെങ്കിൽ പിന്നെ പോസ്മോർട്ടവും അതിന്‍റെ റിപ്പോർട്ടും വീണ്ടും നീണ്ട് പോകും. അതിൽ identity establish ചെയ്യാനുള്ള കാര്യങ്ങൾ കൂടി വിശദമായി objective ആയിട്ട് നോക്കണം. ഉയരം, വയസ്സ് നിർണ്ണയിക്കണം, വേണ്ടി വന്നാൽ DNA ടെസ്റ്റ് ന് വേണ്ടി വസ്തുക്കള്‍ ശേഖരിക്കണം, അതൊക്കെ reportൽ വിശദമായി എഴുതണം.  അങ്ങനെയങ്ങനെയങ്ങനെ...

എന്തായാലും ബന്ധുക്കൾ എന്‍റെ മുന്നില്‍ വച്ചും ടേബിളിൽ കിടന്ന ആളെ പോസിറ്റീവായിട്ട് വീണ്ടും തിരിച്ചറിഞ്ഞു. ഞാന്‍ പരിശോധനയും നടത്തി. എല്ലാം കഴിഞ്ഞ് ബോഡി restoration and reconstruction തുടങ്ങി. ആളുടെ തല എതാണ്ട് ഇല്ല. കണ്ണില്ല. ചെവി എതാണ്ട് കീറി പറിഞ്ഞ അവസ്ഥയിലാണ്. മുഖം എന്ന് പറയുന്നത് ചിതറി കിടന്നിരുന്ന കുറെ എല്ലും പല്ലും തൊലിയും മാംസവും മാത്രം
എന്തായാലും നമ്മൾ പണി തുടങ്ങി. വാസ്തവം പറഞ്ഞാൽ പോസ്റ്റുമോര്‍ട്ടം പരിശോധനയെക്കാൾ സമയമെടുത്തു എല്ലാം ഒന്ന് തുന്നി ചേർത്തൊരു മനുഷ്യ ശരീരത്തിന്‍റെ ഏകദേശ രൂപമെത്തിക്കാൻ തന്നെ. 

പരിയാരത്ത് സർജറിയിലെ ആറ് വർഷത്തെ പരിചയവും surgery ചെയ്യാൻ കൈ പിടിച്ചു പഠിപ്പിച്ച് തന്ന ബാലചന്ദ്രൻ സാറിന്‍റേം, കുഞ്ഞമ്പു സാറിന്‍റേം പ്ലാസ്റ്റിക്ക് സർജറിയേയും, പിന്നെ സാജേട്ടന്‍റെയും ഓർമ്മകളുടെ മുന്നിൽ ഒരുപിടി മനുഷ്യമാംസവും വാരിയിട്ടോണ്ട് എല്ലാരേം മനസ്സിൽ ധ്യാനിച്ച് ദർബാർ രാഗത്തിലൊരു ചെയ്ത്തങ്ങ് ചെയ്തു. 

തുന്നിക്കൂട്ടിയാൽ മുഖത്തെ contours നഷ്ടപ്പെടുമെന്ന് ഉറപ്പുള്ളയിടങ്ങളിൽ quick fix ഉള്‍പ്പടെ പ്രയോഗിച്ചു. അല്ലാത്തയിടങ്ങളിൽ തുന്നൽ. എന്നിട്ടും കണ്ണുകൾ ഒരു രക്ഷേം ഇല്ല. അവസാനം eye socketsന്‍റെ ഉള്ളിലേക്ക് കുറേ വെള്ളപഞ്ഞി നിറച്ചിട്ട ഒരു നേത്രഗോളമുണ്ടാക്കി. 

കൃഷ്ണമണിക്ക് പകരം വൃത്താകൃതിയിൽ ഇച്ചിരി എക്സ്റേ ഫിലിം വെട്ടിയെടുത്ത് സ്ഥാപിച്ചു. പക്ഷേ കൺപോളകളില്ലാതെ എന്ത് കണ്ണ്? 

അങ്ങനെ ആ ശ്രമം വല്ല വിധേനേം ഒപ്പിച്ചിട്ട് ഒരു തൃപ്തി വരാഞ്ഞ് സ്റ്റാഫിനെ വിട്ട് ആൾക്കാർ തിമിര ശസ്ത്രക്രിയ കഴിഞ്ഞ് ഇടുന്നമാതിരിയൊരു dark cooling glass മേടിപ്പിച്ച് ഏതാണ്ട് ഇങ്ങനെ ➡️😎 ആക്കി. 

എല്ലാം കഴിഞ്ഞ് പല discrete മാംസകഷണങ്ങളായി മോർച്ചറിക്കുള്ളിലേക്ക് വന്ന ശരീരഭാഗങ്ങൾ തുന്നി ചേർത്ത് വച്ച് ഒരു stretcherൽ ഒരു മനുഷ്യ ശരീരത്തിന്‍റെ രൂപം കൈവരുത്തിയിട്ട് പുറത്തേക്ക് വിട്ടു. 

സ്വന്തം കരവിരുതിന് ഒരു അപ്രീസിസിയേഷൻ കിട്ടുമെന്ന് വിചാരിച്ച് ഞാന്‍ കുറേ ദൂരെ മാറി നിന്ന് കാര്യങ്ങൾ നോക്കി കണ്ടോണ്ട് നിന്നു. അന്നേരം ഒരു ബന്ധു (നേരത്തെ ബോഡി തിരിച്ചറിഞ്ഞവരിലൊരാൾ) വന്നിട്ട് ഒരു ഡയലോഗ്...

"സാറേ ഇത് നമ്മുടെ ആളല്ല..ഇയാളുടെ മുഖം ഇങ്ങനല്ലിരിക്കുന്നത് ..!! " 

'ഇങ്ങോട്ട് വന്നയാള് തന്നെയാണ് അങ്ങോട്ടും വന്നത്..'.. ഞാന്‍ പറഞ്ഞു. 

എന്‍റെ കുരുത്തത്തിന് അന്ന് പിന്നെ ബോഡി മാറിപ്പോകാൻ വേറാരും അവിടില്ലാഞ്ഞത് കൊണ്ടും വേറൊരു സാധ്യതയും ഇല്ലാത്തത് കൊണ്ട് അവർ കിട്ടിയതും കൊണ്ട് തിരിച്ച് പോയി. 

ഇന്ന് പത്രം കണ്ടപ്പോ കണ്ട വാർത്തയാണ് താഴെ കൊടുത്തിരിക്കുന്നത്. ഞാന്‍ മനസ്സിലാക്കുന്നത് ഇത് ആ ആശുപത്രയില്‍ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോഡികളിൽ നിന്നും ബന്ധുക്കൾക്ക് കൊടുത്ത് വിട്ട ബോഡി മാറി പോയതാണെന്നതാണ്. 

പോസ്റ്റ്‌മോര്‍ട്ടം പരിശോധന കഴിഞ്ഞ് പോയതാണെന്ന് ഇത് വായിച്ചിട്ട് തോന്നുന്നില്ല. ഇനി ആണേലും അല്ലേലും വാസ്തവമെന്തെന്നാൽ ആ ആശുപത്രിയിൽ നിന്നും ഒരാളുടേതെന്ന് പറഞ്ഞ് കൊടുത്തുവിട്ട ബോഡി മാറിപ്പോയി. 

രണ്ട് ജീവനക്കാരെ ഉടൻ തന്നെ ജോലിയിൽ നിന്നു സസ്പെന്‍ഷന്‍ കൊടുത്ത് വീട്ടിൽ പറഞ്ഞ് വിട്ടിട്ടുണ്ട് "അധികാരികൾ" . ഒരു ഗ്രേഡ് 2 ജീവനക്കാരിയേയും ഒരു നഴ്സിനേം. എനിക്ക് ഈ സംഭവത്തിനേ കുറിച്ച് മറ്റൊന്നും അറിയില്ല, ഈ വാർത്തയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളല്ലാതെ. ഒരിക്കലും നടക്കാൻ പാടില്ലാത്ത, ന്യായീകരിക്കാനും കഴിയാത്ത ഒരു പിഴവാണ് അവിടെ നടന്നത്. സമ്മതിച്ചു.  നമ്മുടെ ഉറ്റവരുടേതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മറ്റോരാളുടെ ശരീരം തന്ന് വിട്ടാൽ അത് വല്യ പ്രശ്നമാണ്. അതും സമ്മതിച്ചു. എന്നാലും കുറേ കാര്യങ്ങള്‍ പറയാന്‍ കഴിയുമെന്ന് തോന്നുന്നു. ട

◾വാർത്തയിൽ തന്നെ പറയുന്നത് ബന്ധുക്കൾ ബോഡി കണ്ട് തിരിച്ചറിഞ്ഞിട്ടാണ് ആശുപത്രിയിൽ നിന്നും വാങ്ങി കൊണ്ട് പോയതെന്നാണ്.
◾പരേതൻ ദീർഘകാലം വെന്‍റിലേറ്റര്‍ ചികിത്സയിലായിരുന്നതിനാൽ ബന്ധുക്കൾക്ക് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അതാണ് ബോഡി മാറി പോകാനും കാരണം എന്നാണ്.
◾ആ ഗ്രേഡ് - 2 ജീവനക്കാരി എന്തായാലും മനപ്പൂര്‍വ്വം ഒരു ബോഡി ക്ക് പകരം മറ്റൊരു ബോഡി അതിന്‍റെ ബന്ധുക്കൾക്ക് മാറി കൊടുത്തു എന്ന് എനിക്ക് എന്‍റെ സാമാന്യബുദ്ധി വച്ച് തോന്നുന്നില്ല. 
ഒരു പിഴവ് പറ്റി പോയി.

ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരുടെ pecking orderൽ ഏതാണ്ട് ഏറ്റവും താഴേത്തട്ടിൽ ഉള്ളവരാണ് ഈ ഗ്രേഡ് - 2 ജീവനക്കാരി പെടുന്ന കൂട്ടർ. അനിതരസാധാരണമായ ഉദാഹരണങ്ങള്‍ കാണും എന്നാലും ഒന്ന് സാമാന്യവത്കരിച്ച് പറഞ്ഞാൽ ഇവരിൽ കൂടുതൽ പേരും പാവങ്ങളാണ്. പാവപ്പെട്ടവരാണ്. 

അതിൽ തന്നെ എന്‍റെ അനുഭവത്തിൽ മോർച്ചറിയിൽ ജോലി ചെയ്യുന്ന സ്ത്രീകളായിട്ടുള്ള ഗ്രേഡ് - 2 ജീവനക്കാരികളെല്ലാം (ഞങ്ങളുടെ രമേച്ചി ഉൾപ്പെടെ) സത്യസന്ധമായി ജോലി ചെയ്ത് കുടുംബം പോറ്റുന്നവരാണ്. ഇതിപ്പോ ഒരു താലൂക്ക് ആശുപത്രിയിലെ കാര്യമാണ്. മെഡിക്കൽ കോളേജല്ല. അതും അറിയാം.  എന്നാലും പറയാം.  മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കുറേ ബോഡികളിൽ നിന്നും ഒന്ന് അതിന്‍റെ ബന്ധുക്കൾക്ക് കൈമാറിയപ്പോ ഒരു പിഴവ് സംഭവിച്ചു.  അതും, ബന്ധുക്കൾ കണ്ട് "തിരിച്ചറിഞ്ഞത്". 

വെന്‍റിലേറ്ററില്‍ ദീർഘകാലം കിടന്ന് മുഖമുൾപ്പടെയുള്ള തിരിച്ചറിയല്‍ ലക്ഷണങ്ങളിൽ അസ്പഷ്ടതയും വ്യക്തതക്കുറവും വന്ന് കഴിഞ്ഞിരുന്ന ഒരു ബോഡി തെറ്റായി മാറി കൊടുത്ത് പോയി.  ഇങ്ങനെ മാറി പോകാതിരിക്കാനുള്ള സംവിധാനങ്ങളില്‍ കൂടുതൽ കൃത്യത വരുത്തുക,വ്യക്തമായ മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ ഉണ്ടാക്കുക (അങ്ങനെയൊന്ന് ആ താലൂക്ക് ആശുപത്രിയിൽ ഇല്ലെങ്കിൽ)... ഇതൊക്കെയാണ് ഭരണകൂടവും അധികാരികളും ചെയ്യേണ്ടത്. 

കേട്ടപാതി കേൾക്കാത്ത പാതി ഒരു സംഭവം നടന്നാൽ ഉടൻ തന്നെ അതിന് ബലിയാടുകളേ കണ്ടെത്തി അവരെ ഉടൻ suspend ചെയ്യുക എന്നത് ഒന്നും ഒരു നല്ല ഭരണാധികാരിയുടേയും മേന്മയല്ല.  ഒരു തെറ്റുപറ്റി പോയി. അതും പൂര്‍ണമായി അവരുടെ ഭാഗത്തു മാത്രം ഒതുങ്ങാത്ത ഒരു തെറ്റ്.  മന്ത്രിയും ഡോക്ടറും എഞ്ചിനിയറും വക്കീലും വല്യ ഉദ്യോഗസ്ഥരും സൂപ്രണ്ടും ഡിഎംഓ യും ഒന്നുമല്ല സർ ഈ ഗ്രേഡ് - 2 ജീവനക്കാരി ഉൾപ്പെടുന്ന വിഭാഗം ജീവനക്കാർ പാവങ്ങളാണ്. 

പൂർണ്ണമായും അവരുടേതല്ലാത്ത ഒരു പിഴവ് അവരുടെ ഭാഗത്ത് നിന്നുണ്ടായാൽ അവരോട് ഇത്തിരി കരുണയും ദയയും മനുഷ്യത്വവും ഒക്കെയാവാം… അധികാര കസേരകളിലിരുന്ന് ഇങ്ങനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ… 

 

Also Read:- അമിതമായി മദ്യപിച്ചതിന് പിന്നാലെ ടൂറിസ്റ്റിന് ദാരുണാന്ത്യം; മതിയായ ചികിത്സ കിട്ടിയില്ലെന്ന് കുടുംബം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios