പട്ടിക്കുഞ്ഞിനെ ഹൈഡ്രജന്‍ ബലൂണ്‍ കെട്ടി പറപ്പിച്ച യൂട്യൂബറെ അറസ്റ്റ് ചെയ്തു

തന്റെ വളര്‍ത്തുപട്ടിയായ ഡോളറിനെ ഹൈഡ്രജന്‍ ബലൂണുകള്‍ പുറത്തു ഘടിപ്പിച്ച് പറത്തുന്നതായിരുന്നു വീഡിയോ. സുഹൃത്തിന്റെ സഹായത്തോടെയാണ് ഗൗരവ് ഇത് ചെയ്തത്. വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ കാറിന് മുകളില്‍ നിന്നായി ബലൂണുകള്‍ പുറത്ത് ഘടിപ്പിച്ച ഡോളറിനെ ഗൗരവ് തന്നെയാണ് പറത്തിവിടുന്നത്

flying dog video in controversy youtuber arrested

യൂട്യൂബില്‍ വീഡിയോ ഹിറ്റ് ആകുന്നതിനായി ചില യൂട്യൂബര്‍മാര്‍ കണ്ടെത്തുന്ന മാര്‍ഗങ്ങള്‍ പലപ്പോഴും എല്ലാവര്‍ക്കും സ്വീകാര്യമായിക്കോളണം എന്നില്ല, അല്ലേ? അത്തരത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ ഒരു വീഡിയോ ആയിരുന്നു ഗൗരവ് ശര്‍മ്മ എന്ന യൂട്യൂബര്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടൊരു വീഡിയോ. 

തന്റെ വളര്‍ത്തുപട്ടിയായ ഡോളറിനെ ഹൈഡ്രജന്‍ ബലൂണുകള്‍ പുറത്തു ഘടിപ്പിച്ച് പറത്തുന്നതായിരുന്നു വീഡിയോ. സുഹൃത്തിന്റെ സഹായത്തോടെയാണ് ഗൗരവ് ഇത് ചെയ്തത്. വലിയൊരു ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ കാറിന് മുകളില്‍ നിന്നായി ബലൂണുകള്‍ പുറത്ത് ഘടിപ്പിച്ച ഡോളറിനെ ഗൗരവ് തന്നെയാണ് പറത്തിവിടുന്നത്. 

എന്നാല്‍ പറന്നുപൊങ്ങിയ പട്ടിക്കുഞ്ഞിനെ ഏതോ ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നിരുന്നവര്‍ കയ്യോടെ നിലത്തിറക്കി. നാല് മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഗൗരവ് ശര്‍മ്മയുടെ യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ചുരുങ്ങിയ സമയത്തിനകം തന്നെ വൈറലാവുകയായിരുന്നു.

വൈകാതെ തന്നെ വീഡിയോ വലിയ വിവാദത്തിലുമായി. പട്ടിക്കുഞ്ഞിനോട് വലിയ ക്രൂരതയാണ് ഗൗരവ് ശര്‍മ്മ കാട്ടിയതെന്ന വാദമാണ് മിക്കവരും ഉയര്‍ത്തിയത്. അങ്ങനെ ദില്ലിയിലെ 'പീപ്പിള്‍ ഫോര്‍ ആനിമല്‍സ്' എന്ന മൃഗസംരക്ഷക സംഘടന പരാതിയുമായി പൊലീസിനെ സമീപിക്കുകയും ചെയ്തു.

ഈ പരാതിയില്‍ ഗൗരവ് ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വാര്‍ത്തയാണ് പിന്നീട് വന്നത്. എന്നാല്‍ ഇപ്പോള്‍ ഗൗരവ് ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. താനൊരു തമാശയ്ക്ക് വേണ്ടിയാണ് വീഡിയോ ചെയ്തതെന്നും തന്റെ വളര്‍ത്തുപട്ടിയായ ഡോളര്‍ തനിക്ക് സ്വന്തം കുഞ്ഞിനെ പോലെയാണെന്നും ജാമ്യത്തിലിറങ്ങിയ ശേഷം ഗൗരവ് പറഞ്ഞു. 

'ഈ സംഭവത്തിന്റെ പേരില്‍ ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരോട് ഞാന്‍ തൊഴുകൈകളോടെ മാപ്പ് ചോദിക്കുന്നു. എന്റെ തെറ്റായിരുന്നു ഇതെന്ന് ഞാന്‍ മനസിലാക്കുന്നുണ്ട്. ഞാന്‍ അവിവാഹിതനായ ഒരാളാണ്. ഡോളര്‍ എനിക്കെന്റെ കുഞ്ഞിനെ പോലെയാണ്. എന്റെ മുമ്പത്തെ വീഡിയോകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് കാണാം, ഡോളറിനെ ഞാനെന്ത് മാത്രം കാര്യമായിട്ടാണ് നോക്കുന്നതെന്ന്...'- ഗൗരവ് പറയുന്നു. 

നേരത്തേ പുറത്തെത്തിയ പല വീഡിയോകളിലും ഗൗരവ് ഡോളറിനുമൊത്ത് ഷോപ്പിംഗിന് പോകുന്നതും, ഡോളറിനാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതും, മറ്റ് പട്ടികളെയെല്ലാം കൂട്ടി ഡോളറിന്റെ പിറന്നാള്‍ ആഘോഷിക്കുന്നതുമെല്ലാം കാണിച്ചിരുന്നു. ഏതായാലും പുതിയ വീഡിയോ വിവാദമായ സ്ഥിതിക്ക് ഇനി ഗൗരവ് ശര്‍മ്മ എത്തരത്തിലാണ് യൂട്യൂബ് വീഡിയോ ലോകത്തേക്ക് തിരിച്ചെത്തുക എന്നത് കണ്ടറിയാം. 

വിവാദമായ വീഡിയോ...

 


(വീഡിയോ അനുകരിക്കാതിരിക്കുക- ഇത് നിയമവിരുദ്ധം)

Also Read:- 'ഞങ്ങൾക്ക് ഇത് നിസാരം...'; കുപ്പിയുടെ അടപ്പ് തുറക്കുന്ന രണ്ട് തേനീച്ചകൾ, വെെറലായി വീഡിയോ...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios