സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തനായ വളര്‍ത്തുനായ ചീംസിന് വിട...
ജപ്പാൻകാരനായ ചീംസിന്‍റെ യഥാര്‍ത്ഥ പേര് ബാള്‍ട്സ് എന്നാണ്. എന്നാല്‍ കാണാൻ 'ചീസ്' പോലെയുണ്ട് എന്ന കമന്‍റുകള്‍ ആവര്‍ത്തിച്ചുവന്നതോടെ ഇഷ്ടക്കാര്‍ ഇവനെ ചീംസ് എന്ന് വിളിച്ചുതുടങ്ങുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളായവര്‍ ഏറെയാണ്. എന്നാലിക്കൂട്ടത്തില്‍ മനുഷ്യര്‍ മാത്രമല്ല ഉള്‍പ്പെടുന്നത്. വളര്‍ത്തുനായ്ക്കളും വളര്‍ത്തുപൂച്ചകളും അടക്കമുള്ള ഒരുപറ്റം വളര്‍ത്തുമൃഗങ്ങളും ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആഘോഷിക്കപ്പെട്ട് താരങ്ങളായി മാറിയിട്ടുണ്ട്.
ഇങ്ങനെ പ്രശസ്തനായ വളര്‍ത്തുനായ ആണ് 'ചീംസ്'. ജപ്പാൻകാരനായ ചീംസിന്‍റെ യഥാര്‍ത്ഥ പേര് ബാള്‍ട്സ് എന്നാണ്. എന്നാല്‍ കാണാൻ 'ചീസ്' പോലെയുണ്ട് എന്ന കമന്‍റുകള്‍ ആവര്‍ത്തിച്ചുവന്നതോടെ ഇഷ്ടക്കാര്‍ ഇവനെ ചീംസ് എന്ന് വിളിച്ചുതുടങ്ങുകയായിരുന്നു.
ജപ്പാനിലെ ഹണ്ടര്‍ ഡോഗ് ഇനമായ ഷിബ ഇനുവില്‍ പെട്ടതാണ് ചീംസും. ഇപ്പോഴിതാ ആളുകളെ ഒരുപാട് ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമെല്ലാം ചെയ്ത ചീംസിന്‍റെ വേര്‍പാടിന്‍റെ വാര്‍ത്തയാണ് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ ചീംസിനെ ആഘോഷിച്ച ഏവര്‍ക്കും ദുഖം സമ്മാനിക്കുന്നതാണ് ഈ വാര്‍ത്ത.
വളര്‍ത്തുമൃഗങ്ങളോട്, പ്രത്യേകിച്ച് നായ്ക്കളോട് പ്രത്യേക വാത്സല്യമുള്ളവരുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം സോഷ്യല്‍ മീഡിയയിലൂടെ ആണെങ്കിലും നായ്ക്കളുടെ കളിയും ചിരിയും കുസൃതിയുമെല്ലാം കാണുന്നത് ആഹ്ളാദത്തിന്‍റെ കാഴ്ചകള്‍ തന്നെയാണ്. ഇങ്ങനെയൊരു വിഭാഗം പേരെ ചീംസ് ഒരുപാട് സന്തോഷിപ്പിച്ചു എന്ന് പറയാം.
ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീംസിന്‍റെ ഉടമസ്ഥര്‍ വെറുതെ ഒരു രസത്തിന് വേണ്ടി സോഷ്യല്‍ മീഡിയിയല്‍ പങ്കിട്ടതാണ് ഇവന്‍റെ ഫോട്ടോകള്‍. ഈ ഫോട്ടോകള്‍ അന്നുതന്നെ വൈറലായി. അതിന് ശേഷം എപ്പോഴും ആളുകള്‍ അവന്‍റെ വിശേഷം അന്വേഷിച്ചുതുടങ്ങി. വൈകാതെ ചീംസിന്‍റെ ഉടമസ്ഥര്‍ അവന് വേണ്ടി തന്നെ സോഷ്യല്‍ മീഡിയ പേജുകള്‍ തുടങ്ങി. ഇന്ന് ഏവരെയും വിട്ട് മരണത്തിലേക്ക് മടങ്ങുമ്പോള്‍ ചീംസിന് ഇൻസ്റ്റഗ്രാം പേജില്‍ മാത്രം ഏഴര ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.
ഈ പേജിലൂടെ തന്നെയാണ് ചീംസിന്‍റെ മരണവിവരം ഉടമസ്ഥര്‍ ഏവരെയും അറിയിച്ചിരിക്കുന്നത്. ക്യാൻസര്‍ ബാധിതനായിരുന്നുവത്രേ അവൻ. ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. ഒരു സര്‍ജറിക്കിടെയാണ് ചീംസിന്‍റെ അന്ത്യം സംഭവിച്ചത്. ചീംസിനെ ഇഷ്ടപ്പെടുന്നവരും ആരാധിക്കുന്നവരുമെല്ലാം അവന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തുകയും അവന് ആദരാഞ്ജലി നേരുകയുമാണ്.
Also Read:- വിവാഹം ഷൂട്ട് ചെയ്യാനെത്തിയ ക്യാമറാമാൻ വൈറലായി; വീഡിയോ കണ്ടുനോക്കിക്കേ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം;-