ക്യാൻസർ പോരാട്ടത്തിൽ മകന് മുന്നിലുള്ളത് മാസങ്ങൾ മാത്രം, 18കാരനായി അമ്പരപ്പിക്കുന്ന സമ്മാനവുമായി കുടുംബം
ചികിത്സകൾക്ക് പുരോഗമിക്കുമ്പോൾ മകന്റെ കണ്ണിലെ ചിരി മങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മകന്റെ ബക്കറ്റ് ലിസ്റ്റിലെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ജോസഫിന്റെ കുടുംബം തീരുമാനിക്കുന്നത്
ഉട്ടാ: 18 വയസിനുള്ളിൽ വിവിധ ഇനം ക്യാൻസറുകളെ നേരിടുന്ന മകന്റെ മങ്ങുന്ന ചിരി തിരിച്ച് പിടിക്കാൻ പിതാവിന്റെ സമ്മാനം എല്ലാവരേയും അത്ഭുതപ്പെടുത്തും. അമേരിക്കയിലെ ഉട്ടാ സ്വദേശിയായ 19കാരനാണ് ഒസ്റ്റിയോസാർകോമ ബോൺ ക്യാൻസറുമായി പോരാടുന്നത്. 13ാം വയസിൽ മുട്ടുവേദന രൂക്ഷമായതിന് ചികിത്സ തേടിയപ്പോഴാണ് ജോസഫ് ടെഗർടിന് ക്യാൻസർ സ്ഥിരികരിക്കുന്നത്. കീമോ തെറാപ്പിക്ക് ശേഷം രോഗാവസ്ഥയിൽ മാറ്റമുണ്ടായി. എന്നാൽ 2022 ജനുവരിയോടെ ശ്വാസകോശത്തിലേക്കും അരക്കെട്ടിലേക്കും ക്യാൻസർ പടർന്നു.
ചികിത്സകൾക്ക് പുരോഗമിക്കുമ്പോൾ മകന്റെ കണ്ണിലെ ചിരി മങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മകന്റെ ബക്കറ്റ് ലിസ്റ്റിലെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ജോസഫിന്റെ കുടുംബം തീരുമാനിക്കുന്നത്. ഇതിനായി മകന് ഏറെ താൽപര്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും മകന് താൽപര്യമുള്ള സാഹസിക സ്പോർട്സുമെല്ലാം ചെയ്തെങ്കിലും ഒരു ഫോർഡ് മസ്താംഗ് സ്വന്തമാക്കുകയെന്ന സ്വപ്നം മാത്രം ബാക്കി നിന്നിരുന്നു. ഇതിന് പിന്നാലെ 2024 ഫെബ്രുവരിയിൽ ക്യാൻസർ ശ്വാസകോശത്തിൽ നിന്ന് പറിച്ച് മാറ്റാൻ സാധിക്കാത്ത രീതിയിൽ വ്യാപിച്ചുവെന്ന് വ്യക്തമാവുകയും ചെയ്തതോടെയാണ് ജോസഫിന്റെ കുടുംബം അവന്റെ പ്രിയപ്പെട്ട വാഹനം മകനായി വാങ്ങിയത്.
ജോലി ചെയ്ത് പണമുണ്ടാക്കി മസ്താംഗ് വാങ്ങാനായി മകന് സാധിക്കാതെ വരുമെന്ന വിലയിരുത്തലിലാണ് പിതാവ് ജോയും മാതാവ് കെറിയും ചേർന്ന് ജോസഫിനായി ഫോർഡ് മസ്താംഗ് വാങ്ങിയത്. കാർ ലഭിച്ചപ്പോഴത്തെ മകന്റെ പ്രതികരണം ട്വീറ്റ് ചെയ്തതോടെ കുടുംബത്തെ ഞെട്ടിക്കുന്ന മറ്റൊരു കാര്യമാണ് നടന്നത്.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ഫോർഡ് മോട്ടോർസ് സിഇഒ ജിം ഫാർലി ജോസഫിനെ ഫോർഡിന്റെ റേസിംഗ് സ്കൂളിലേക്ക് ഡ്രൈവിംഗ് സെഷനായി ക്ഷണിച്ചിരിക്കുകയാണ്യ നോർത്ത് കരോലിനയിലെ ചാർലെറ്റിലെ റേസിംഗ് സ്കൂളിൽ വച്ച് ഏപ്രിൽ മാസത്തിലാണ് ജോസഫിന് ഫോർഡ് പരിശീലനം നൽകുക. ഫോർഡിന്റെ സ്പെഷ്യൽ എഡിഷൻ വാഹനമായ മസ്താംഗ് ഡാർക്ക് ഹോഴ്സ് റേസിംഗ് ട്രാക്കിൽ ഓടിക്കാനും ജോസഫിന് അവസരമുണ്ട്. 2023ലെ കണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ എട്ട് വർഷമായി ലോകത്തിലെ തന്നെ ഏറ്റവും അധികം വിറ്റഴിയുന്ന കാറുകളിലൊന്നാണ് മസ്താംഗ്. 2013നും 2022നും ഇടയിലായി ഒരു മില്യണോളം കാറുകളാണ് ഫോർഡ് വിൽപന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം