Plastic Waste : 'ഇക്കോബ്രിക്സ് എന്ന വിഡ്ഢിത്തം'; ഇതെന്താണെന്ന് മനസിലായോ?
റീസൈക്കിള്‍ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്രദമാക്കാനാണ് ഇക്കോബ്രിക്സ് എന്നൊരു പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളെ വച്ചാണ് നിലവില്‍ ഇത് കാര്യമായും ചെയ്യുന്നത്.
പ്ലാസ്റ്റിക് മാലിന്യം ( Plastic Waste ) എപ്പോഴും നമുക്ക് തലവേദനയാണ്, അല്ലേ? സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ ഇതിന് പദ്ധതികളുണ്ട്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് റീസൈക്കിളിംഗ് ( Plastic Recycling ) നടത്തുന്നതാണ് വ്യാപകമായും അംഗീകരിക്കപ്പട്ടിട്ടുള്ള മാര്‍ഗം.
എന്നാല്‍ റീസൈക്കിള്‍ ചെയ്യാനാകാത്ത ( Plastic Recycling )പ്ലാസ്റ്റിക് ( Plastic Waste ) അപ്പോഴും വെല്ലുവിളിയാണ്. ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യാൻ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗപ്രദമാക്കാനാണ് ഇക്കോബ്രിക്സ് എന്നൊരു പദ്ധതി ആവിഷ്കരിക്കപ്പെട്ടത്. വിദ്യാര്‍ത്ഥികളെ വച്ചാണ് നിലവില്‍ ഇത് കാര്യമായും ചെയ്യുന്നത്.
ചുരുങ്ങിയ സമയത്തിനകം ഇക്കോബ്രിക്സ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഈ പദ്ധതി പ്ലാസ്റ്റിക് മാലിന്യം ഭാവിയില്‍ വലിയ പ്രതിസന്ധിയാകുന്നതിലേക്ക് നയിക്കുമെന്നാണ് വേസ്റ്റ് മാനേജ്മെന്‍റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധൻ ഷിബു കെ എൻ ചൂണ്ടിക്കാട്ടുന്നത്. ജിഎഐഎ (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ഇന്‍സിനറേറ്റര്‍ ആള്‍ട്ടര്‍നേറ്റീവ്സ്) ഏഷ്യാ പസഫിക്, ഇന്ത്യ കോ ഓര്‍ഡിനേറ്ററാണ് ഷിബു കെ എന്‍.
അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കുറിപ്പ് മുഴുവനായി വായിക്കാം...
പോസ്റ്റിന്‍റെ പൂര്‍ണരൂപം...
ഇക്കോബ്രിക്സ് എന്ന വിഡ്ഢിത്തം
ബഹുമാനപ്പെട്ട Dr T N Seema, V Sivankutty എന്നിവരുടെ ശ്രദ്ധക്ക്.
പ്ലാസ്റ്റിക്ക് മാലിന്യത്തിനൊരു പരിഹാരമെന്ന നിലയിൽ തീർത്തും തെറ്റായതും അശാസ്ത്രീയമായതുമായ ഒരു രീതി കേരളമൊട്ടാകെയുള്ള വിദ്യാർത്ഥികളെക്കൊണ്ട് ചെയ്യിപ്പിച്ചു വരുന്നുണ്ട്. ഇക്കോ ബ്രിക്സ് എന്നാണതിൻറെ പേര്. നിർഭാഗ്യവശാൽ നമ്മുടെ പലേ ജനപ്രതിനിധികളും അധ്യാപകരുമൊക്കെ ഒരുപോലെ ഇതിൽ പെട്ടു പോകുന്നുണ്ട്.
റീസൈക്കിൾ ചെയ്യാനാവാത്ത, കനം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളും സാഷേകളും, മിഠായിത്തൊലികളുമൊക്കെ ശേഖരിച്ച് പെറ്റ് ബോട്ടിലുകൾക്കുള്ളിൽ കുത്തി നിറച്ച് ഉണ്ടാക്കുന്നതാണ് ഇക്കോ ബ്രിക്സ്. ഇങ്ങനെ നിർമിക്കുന്ന ബ്രിക്സ് ഉപയോഗിച്ച് ചെറുതും വലുതുമായ നിർമിതികൾ സാധ്യമാണെന്ന് ഇതിൻറെ പ്രയോക്താക്കൾ അവകാശപ്പെടുന്നു.
സ്കൂളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഇരിപ്പിടങ്ങളോ, വൃക്ഷങ്ങൾക്കു ചുറ്റുമുള്ള തറ കെട്ടലോ, എന്തിന് വീടുകൾ വരെ ഉണ്ടാക്കി നോക്കുന്നുണ്ട് ചിലർ.
ഒന്നാമതായി ഇത് പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരമാകുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പരിഹാരമൊരുങ്ങാനുള്ള വഴിയെ തടസ്സപ്പെടുത്തുകയോ അത്തരം പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നു.
രണ്ടാമതായി പെറ്റ് ബോട്ടിൽ നല്ലതുപോലെ റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്കുകളാണ്. അവയ്ക്കുള്ളിലേക്കാണ് വിലകുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഇടിച്ചു കയറ്റി ബ്രിക്കുകളുണ്ടാക്കി നിർമിതികൾക്കുപയോഗിക്കുന്നത്. പെറ്റ് ബോട്ടിലുകളുടെ റീസൈക്ലിംഗ് ഈ പരിപാടി തടയുന്നു എന്നതിനു പുറമേ ഏതെങ്കിലും തരത്തിൽ റീസൈക്ലിംഗിന് സാധ്യതയുള്ള പ്ലാസ്റ്റിക്കുകളെക്കൂടി ഇത് പിടിച്ചു വെക്കുന്നു.
ഇനി ഇത്തരം ബ്രിക്കുകൾ കുറച്ച് കാലം കഴിയുമ്പോൾ പൊട്ടി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുറത്തു വരാൻ തുടങ്ങും. ഇത് ചൂട് ആഗിരണം ചെയ്ത് അകത്തുള്ള പ്ലാസ്റ്റിക്കുകളിൽ നിന്നുള്ള പലേതരം വിഷങ്ങളെയും രാസവസ്തുക്കളെയും ദ്രാവകരൂപത്തിലും വാതക രൂപത്തിലും പുറന്തള്ളുന്നു.
പാരിസ്ഥിതിക ബോധമോ പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള അറിവോ ശാസ്ത്രബോധമോ ഇല്ലാത്ത മധ്യവർഗ്ഗ ചാരിറ്റി പ്രവർത്തകരുടെ ഈ കണ്ടുപിടിത്തം പ്ലാസ്റ്റിക് ഉൽപാദകർ പിന്തുണക്കുന്നത്, പ്ലാസ്റ്റിക് ഒരു പ്രശ്നമല്ല എന്ന് വരുത്തിത്തീർക്കുന്നതിനാണ്.
കേരള സർക്കാരിൻറെ നിലപാടിനനുസരിച്ച് ഹരിതകേരള മിഷനും ശുചിത്വ മിഷനും നടപ്പിലാക്കി വരുന്ന പരിപാടികൾക്ക് വിരുദ്ധമായാണ് ഇത്തരം പദ്ധതികൾ സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും ഒക്കെ ഏറ്റെടുത്ത് നടപ്പാക്കുന്നത്.
ജൈവ മാലിന്യങ്ങളെ ഉറവിടത്തിലോ സമീപത്തോ കമ്പോസ്റ്റ് അല്ലെങ്കിൽ ബയോഗ്യാസ് ആക്കി മാറ്റുകയും അജൈവ മാലിന്യങ്ങളെ തരം തിരിച്ച് സംഭരിച്ച് റീസൈക്ലിംഗിന് പറ്റുന്നവയെ റീസൈക്ലിംഗിനയക്കുകയും അല്ലാത്തവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിത കർമസേനകളെ ഏൽപ്പിക്കുകയുമാണ് വേണ്ടത്. ഈ പ്രവർത്തനങ്ങൾക്ക് മെറ്റീരിയൽ റിക്കവറി ഫസിലിറ്റികളും റിസോഴ്സ് റിക്കവറി ഫസിലിറ്റികളും സ്ഥാപിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
വികേന്ദ്രീകൃതമായി കൈകാര്യം ചെയ്യാൻ കഴിയാത്ത അപകടകരമായ മാലിന്യങ്ങളെയും പ്ലാസ്റ്റിക് മാലിന്യങ്ങളെയും സംസ്കരിക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്തമാണ്. അതിനുവേണ്ട സാങ്കേതിക - സാമ്പത്തിക സഹായമൊരുക്കേണ്ടത് പ്ലാസ്റ്റിക് ഉൽപാദകരാണ്.
ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.