Hair care : ഉള്ള് കുറഞ്ഞ തലമുടിയാണോ? പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...
ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.
നല്ല കട്ടിയുള്ള തലമുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
തലമുടിയുടെ നീളം കുറയ്ക്കുന്നത് ഉള്ള് തോന്നിക്കാന്‍ സഹായിക്കുമെന്നാണ് മിക്ക ഹെയര്‍സ്റ്റൈലിസ്റ്റുകളും ശുപാര്‍ശ ചെയ്യുന്നത്. അതിനാല്‍ മുടി തോളറ്റമോ, അല്ലെങ്കിൽ നീളം കുറച്ചോ വെട്ടുന്നത് നല്ലതാണ്. മൂന്ന് മാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് മുടി വളരാനും സഹായിക്കും.
രണ്ട്...
തലമുടി ലെയറുകളായി മുറിക്കുന്നതും ഉള്ള് തോന്നിക്കാന്‍ സഹായിക്കുമെന്നാണ് ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ പറയുന്നത്.
മൂന്ന്...
മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു വഴിയാണ് കളറിങ്. മുടിയുടെ പുറം ഭാഗത്തായി ചേരുന്ന നിറം നൽകുന്നതാണ് ഉചിതം.
നാല്...
തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്തി കെട്ടുന്നതും മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും.
അഞ്ച്...
ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഷാംപൂ ചെയ്താല്‍ മതിയാകും.
ആറ്...
തല മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടെണ്ണ കൊണ്ടുള്ള മസാജ് ആണ് ഏറ്റവും നല്ലത്. വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. ഇത് ഉള്ളുള്ള തലമുടി നല്‍കും.
ഏഴ്...
ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുമ്പോള്‍ തലയോടിനോടു ചേര്‍ന്നുള്ള ഭാഗം ആദ്യം ഉണക്കുക. ഇതുവഴി തലമുടി ഉയര്‍ന്നു നില്‍ക്കുകയും ഉള്ളുള്ളതായി തോന്നിക്കുകയും ചെയ്യും.
Also Read: ചർമ്മം സുന്ദരമാക്കണോ? കഴിക്കാം ഈ അഞ്ച് പച്ചക്കറികള്‍...