ഗ്യാസ് സ്റ്റവില്‍ തീ കുറയുന്നോ? ഇക്കാര്യമൊന്ന് പരിശോധിച്ചുനോക്കൂ...
ബര്‍ണര്‍ മാറ്റുകയോ സ്റ്റവ് മാറ്റുകയോ റിപ്പയറിംഗിന് പുറത്ത് കൊടുക്കുകയോ ചെയ്യുകയെന്നത് അല്‍പം ജോലിയും പണംമുടക്കുമുള്ള കാര്യങ്ങളാണല്ലോ. ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനൊന്ന് ശ്രമിച്ചുനോക്കിയാലോ?
ഒരു അടുക്കളയില്‍ ഏറ്റവും അത്യാശ്യമായി ഇന്ന് വേണ്ടുന്നൊരു ഉപകരണമാണ് ഗ്യാസ് സ്റ്റവ്. പാചകത്തിന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം പല ബദലുകളും എത്തിയെങ്കിലും ഗ്യാസ് അടുപ്പിനുള്ള പ്രാധാന്യം ഇപ്പോഴും മങ്ങാതെ തന്നെ നില്‍ക്കുന്നു എന്നതാണ് സത്യം.
വളരെ എളുപ്പത്തില്‍, ഫലപ്രദമായി പാചകം ചെയ്യാൻ ഗ്യാസടുപ്പ് തന്നെയാണ് എപ്പോഴും സൗകര്യം. അതുകൊണ്ട് തന്നെ ഗ്യാസടുപ്പിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകള്‍ സംഭവിച്ചാല്‍ അത് മിക്കവാറും വീടിന്‍റെ താളം തന്നെ തെറ്റിക്കും. ഇത്തരത്തില്‍ നിങ്ങള്‍ നേരിട്ടേക്കാവുന്നൊരു പ്രശ്നമാണ് സ്റ്റവില്‍ തീ കുറഞ്ഞുവരുന്നുവെന്നത്.
ഗ്യാസ് തീരാറാകുന്നതാണെന്ന് ആദ്യം സംശയിക്കാമെങ്കിലും പുതുതായി റീഫില്‍ ചെയ്ത സിലിണ്ടറാണെങ്കില്‍ ഈ സംശയം വരികയില്ല. മറിച്ച് സ്റ്റവിന് തന്നെയാണ് പ്രശ്നമെന്ന് പെട്ടെന്ന് മനസിലാക്കാം. എന്നാല്‍ ബര്‍ണര്‍ മാറ്റുകയോ സ്റ്റവ് മാറ്റുകയോ റിപ്പയറിംഗിന് പുറത്ത് കൊടുക്കുകയോ ചെയ്യുകയെന്നത് അല്‍പം ജോലിയും പണംമുടക്കുമുള്ള കാര്യങ്ങളാണല്ലോ. ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനൊന്ന് ശ്രമിച്ചുനോക്കിയാലോ?
മറ്റൊന്നുമല്ല, ബര്‍ണറില്‍ എണ്ണ, പൊടി, നനവ്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ വീണ് ക്രമേണ ഗ്യാസ് വരുന്ന സുഷിരങ്ങള്‍ അടഞ്ഞുപോയത് മുഖേനയാകാം ഇത്തരത്തില്‍ തീ കുറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത് എളുപ്പത്തില്‍ തന്നെ വൃത്തിയാക്കിയെടുക്കാവുന്നതേയുള്ളൂ.
പുതിയ സ്റ്റവ് പോലെ വെട്ടിത്തിളങ്ങും വിധത്തില്‍ ഫലപ്രദമായി ബര്‍ണര്‍ ക്ലീൻ ചെയ്തെടുക്കാനുള്ളൊരു മാര്‍ഗമാണിനി വിശദീകരിക്കുന്നത്.
വലിയൊരു ബൗളില്‍ ചൂടുവെള്ളമെടുത്ത് വിനാഗിരി കലര്‍ത്തി (നാരങ്ങാനീരും ആകാം) ഇതിലേക്ക് അഴുക്ക് പിടിച്ച ബര്‍ണറുകള്‍ കുതിര്‍ത്താൻ വയ്ക്കുക. കഴിയുമെങ്കില്‍ ചെറുനാരങ്ങയുടെ രണ്ട് കഷ്ണങ്ങളും ഇതില്‍ വയ്ക്കാം. ഇത് രാത്രി മുഴുവനോ അല്ലെങ്കില്‍ കുറഞ്ഞത് മൂന്ന് മണിക്കൂര്‍ നേരമോ അങ്ങനെ തന്നെ വയ്ക്കാം.
ഇതിന് ശേഷം സ്ക്രബറുപയോഗിച്ച് ബര്‍ണറുകള്‍ തേച്ച് വൃത്തിയാക്കിയെടുക്കാം. ഇതിന് പാത്രം കഴുകുന്നതിനെടുക്കുന്ന ലോഷനോ ജെല്ലോ ഉപയോഗിക്കാം. ഒരു ടൂത്ത് പിക്കോ, വയറോ ഉപയോഗിച്ച് ബര്‍ണറുകളിലെ സുഷിരങ്ങളെല്ലാം കുത്തി, വൃത്തിയാക്കിയെടുക്കണം. നന്നായി വൃത്തിയാക്കിയ ശേഷം കഴുകി തുടച്ചുണക്കാം. ഇനിയൊന്ന് നോക്കൂ, പുതിയ സ്റ്റവ് പോലെ ഭംഗിയായും ഫലപ്രദമായും ഇത് കാണാം.
Also Read:- ക്യാരറ്റിന്‍റെ തൊലി കൊണ്ട് ചെയ്യാവുന്നത്; അറിയാം ആറ് ടിപ്സ്...