കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചില വീടുകളിൽ മാതാപിതാക്കൾക്ക് മക്കളിൽ ഒരു ശ്രദ്ധയും ഉണ്ടാവുകയില്ല. അവർ അവർക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത്. കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നും സ്നേഹം കിട്ടാതെ വരുമ്പോൾ അവർ സ്നേഹം തേടി പുറത്തേക്ക് പോവുകയും അപകടകരമായ ബന്ധങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. 

easy tips for effective parenting

കുട്ടികളിൽ സാമൂഹിക വിരുദ്ധ സ്വഭാവങ്ങളും ക്രിമിനൽ വാസനകളും കാണിക്കുന്നതിനുള്ള ചില കാരണങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

കുറച്ചു നാൾ മുൻപ് പത്താം ക്ലാസ് വിദ്യാർത്ഥിയെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയ വാർത്ത കേട്ട് അസ്വസ്ഥരായവരാണ് നമ്മൾ. എല്ലാ മാതാപിതാക്കൾക്കും ഒരുപാട് ദുഃഖവും അതുപോലെ പലരുടെയും മനസ്സിൽ ഒരുപാട് ചോദ്യങ്ങളും ഉയർത്തിയ സംഭവമായിരുന്നു അത്. എങ്ങനെയാണ് കുട്ടികൾക്ക് ഇത്രയും ചെറുപ്പത്തിൽ തന്നെ കൊലപാതകം ചെയ്യാൻ പറ്റുക, ഒരാളെ കൊല്ലാനുള്ള ദേഷ്യം എങ്ങനെയാണ് ഈ രണ്ടു കുട്ടികൾക്കും ഉണ്ടായി, വർഷങ്ങൾ ബന്ധമുള്ള സ്വന്തം സുഹൃത്തിനെ ഇത്രയും മൃഗീയമായി കൊലപ്പെടുത്താൻ ഇവർക്ക് എങ്ങനെ മനസ്സു വന്നു ഇത്തരത്തിലുള്ള പല ചോദ്യങ്ങളാണ് മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ പരസ്പരം ചോദിച്ചത്. അതിനു ഒറ്റ ഉത്തരമേ ഉള്ളൂ.

കുട്ടികളുടെ ഉള്ളിലുള്ള കുറ്റ വാസനയും വളർന്നു വന്ന സാഹചര്യവും അവരെ കുറ്റവാളികളാക്കി എന്നതാണ്. കുട്ടികളുടെ കുറ്റവാസനകൾ തുടക്കത്തിൽ തന്നെ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന രണ്ടു വ്യക്തികളാണ് രക്ഷിതാക്കളും അധ്യാപകരും. എന്നാൽ അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ചില തെറ്റായ പ്രവണതകളാണ് ഇത് കൂടുതൽ രൂക്ഷമാക്കുന്നത്.

കൗമാര പ്രായത്തിലാണ് കുട്ടികളിൽ പെരുമാറ്റ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കൂടുതലും പ്രകടമാകുന്നത്. അതു പല രീതികളിൽ കുട്ടികൾ വീടുകളിലും സ്കൂളുകളിലും സമൂഹത്തിലും കാണിക്കും. ലക്ഷണങ്ങൾ കാണുന്ന സമയത്ത് തന്നെ മാനസിക ആരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്ത് കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്ന് തടയാം. കുട്ടികളിൽ സാമൂഹിക വിരുദ്ധ സ്വഭാവങ്ങളും ക്രിമിനൽ വാസനകളും കാണിക്കുന്നതിന് പ്രധാനമായിട്ടും അഞ്ചു കാരണങ്ങളാണ് ഉള്ളത്.    

 1) സുരക്ഷിതമല്ലാത്ത കുടുംബ അന്തരീക്ഷം

ചില വീടുകളിൽ മാതാപിതാക്കൾക്ക് മക്കളിൽ ഒരു ശ്രദ്ധയും ഉണ്ടാവുകയില്ല. അവർ അവർക്കു വേണ്ടി മാത്രമാണ് ജീവിക്കുന്നത് . കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്നും സ്നേഹം കിട്ടാതെ വരുമ്പോൾ അവർ സ്നേഹം തേടി പുറത്തേക്ക് പോവുകയും അപകടകരമായ ബന്ധങ്ങളിൽ എത്തിച്ചേരുകയും ചെയ്യുന്നു. അതുപോലെ ചില മാതാപിതാക്കൾ ചെറിയ തെറ്റുകൾക്ക് പോലും അമിതമായി ശിക്ഷ നൽകും. ഇത് കുട്ടികളിൽ വെറുപ്പും വിദ്വേഷവും ഉണ്ടാക്കും. അത് മൂലം മാതാപിതാക്കളുടെ ആഗ്രഹങ്ങൾക്ക് വിപരീതമായി അവർ പ്രവർത്തിച്ചു തുടങ്ങും. 

ആത്മവിശ്വാസം കുറഞ്ഞ് വരുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

 ക്രിമിനൽ സ്വഭാവമുള്ള മതം ജനിക്കുന്ന കുട്ടികളിലും ഇത്തരം സ്വഭാവങ്ങൾ കണ്ടുവരുന്നുണ്ട്. ഡിവോഴ്സ് കഴിഞ്ഞിട്ടുള്ള പേരൻസ്'അല്ലെങ്കിൽ സിംഗിൾ പേരന്റ് ആയി ജീവിക്കുന്നവർ അല്ലെങ്കിൽ ഡിവോഴ്സ് കഴിഞ്ഞിട്ട് മാതാപിതാക്കൾ കുട്ടികളെ വേണ്ട എന്നു വയ്ക്കുന്നതോടെ ഗ്രാൻഡ് പേരൻസ് വളർത്തുന്ന കുട്ടികൾ. ഇത്തരം സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്ക് പേരൻസിന്റെ കെയർ മിസ്സാകുമ്പോൾ അവർ സഹജീവികളോട് കാണിക്കേണ്ട സ്നേഹം, കരുണ, ദയ തുടങ്ങിയവ എന്താണെന്ന് അറിയാതെ പോകുന്നു. സെൽഫ് ഡിസിപ്ലിൻ കുറയുകയും മറ്റുള്ളവരുടെ ഭാഗത്തുനിന്നും ചിന്തിക്കാനോ പെരുമാറാനോ അവർക്ക് കഴിയാതെ വരുന്നു. ഇങ്ങനെ സ്നേഹം കിട്ടാതെ വരുമ്പോൾ അവരിൽ സ്വാർത്ഥ താല്പര്യങ്ങൾ ഉണ്ടാവുകയും സ്വന്തം കാര്യങ്ങൾ മാത്രം നേടിയെടുക്കാനുള്ള മനസിൻ്റെ ഉടമകളായി മാറുകയും ചെയ്യും.

2) ചില കൂട്ടുകെട്ടുകൾ 

കൂട്ടുകെട്ടുകൾ ജീവിതത്തിൽ ആവശ്യമാണ്. എന്നാൽ ചില കൂട്ടുകെട്ടുകൾ പ്രത്യേകിച്ച് പ്രായത്തിലും മുതിർന്ന ആളുകളുമായും നിരോധിത ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുമായും കൂട്ടുകൂടുമ്പോൾ ചില കുട്ടികളെ അത് വലിയ അപകടങ്ങളിലേക്ക് എത്തിക്കുന്നു. വീട്ടിൽ നിന്ന് സ്നേഹവും പരിചരണവും കിട്ടാതെ വരുമ്പോഴാണ് പലപ്പോഴും കുട്ടികൾ ഇങ്ങനെയുള്ള ബന്ധങ്ങളിൽ എത്തിച്ചേരുന്നത്. ഇങ്ങനെയുള്ള കുട്ടികളുടെ സുഹൃത്തുക്കൾ എപ്പോഴും പ്രായത്തിൽ മുതിർന്നവർ ആയിരിക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം സമപ്രായക്കാർ അല്ലാതെ മുതിർന്നവരുമായി കൂട്ടുകെട്ടുകൾ ആരംഭിക്കുമ്പോൾ അവർ പഠിക്കുന്നത് പ്രായത്തിൽ മുതിർന്ന കാര്യങ്ങൾ ആയിരിക്കും. 

പ്രായത്തിനു മീതെയുള്ള ആളുകളുമായി കൂട്ടുകൂടുമ്പോൾ കുട്ടികൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാവുകയും ലഹരി ആസക്തിയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. പിന്നീട് ' ഇവർക്ക് മുതിർന്നവർ പണം കൊടുത്ത് പല കാര്യങ്ങൾ ചെയിക്കും. ഉദാഹരണത്തിന് കഞ്ചാവ്, മെറ്റാഫിറ്റമിൻ, എൽ എസ് ഡി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ വിൽക്കുന്നതിന് ഇവരെ ഏൽപ്പിക്കും. ആദ്യമായി ലഭിക്കുന്ന ചെറിയ വരുമാനവും അവർ കാണിക്കുന്ന അമിത സ്നേഹവും കുട്ടികളെ കൂടുതലായി ഈ തൊഴിലിൽ പിടിച്ചു നിർത്തും. തനിക്ക് മാതാപിതാക്കളിൽ നിന്ന് ലഭിക്കാത്ത പലതുമാണ് അവർ നൽകുന്നത് എന്ന തെറ്റായ ധാരണയും വിശ്വാസവുമാണ് ഇതിനു കാരണം. പതിയെ ഇവരെ വീട്ടിൽ നിന്നും പണം മോഷ്ടിക്കാനായി പ്രേരിപ്പിക്കും. മോശം വാക്കുകൾ ഉൾപ്പെടെ പലതും പിന്നീട് അവർ ഉപയോഗിക്കാനായി തുടങ്ങും. പഠനത്തിൽ താൽപര്യം കുറയുകയും ഇഷ്ടമുള്ള സമയത്ത് വീട്ടിൽ നിന്ന് പുറത്തു പോവുകയും തിരിച്ചെത്തുകയും ചെയ്യുന്ന സ്വഭാവക്കാരായി മാറും. 

പങ്കാളി സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളാണോ?

3) സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന ദുരനുഭവങ്ങൾ

സ്കൂൾ എങ്ങനെ കാരണമാകുന്നു എന്ന് ചോദിച്ചാൽ ഇങ്ങനെയുള്ള കുട്ടികൾ സ്കൂളിൽ എത്തിക്കഴിഞ്ഞാൽ സ്വാഭാവികമായിട്ടും ടീച്ചേഴ്സിന് തലവേദന ആയിരിക്കും. അതുകൊണ്ടു തന്നെ ഇത്തരത്തിൽ സ്വഭാവമുള്ള കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ വലിയ പണിഷ്മെൻ്റാണ് പലപ്പോഴും കൊടുക്കുക. ഒപ്പം ഡിസിപ്ലെനറി ആക്ഷൻസ് എടുക്കും (സസ്പെൻഷൻ, ടെർമിനേഷൻ ). 

എന്നാൽ കുട്ടികളെ സസ്പെൻഷൻ, ടെർമിനേഷൻ ചെയ്യുന്നതിന് മുൻപ് കൗൺസലിംഗിനു വിധേയരാക്കുകയാണെങ്കിൽ രക്ഷപ്പെടുത്തിയെടുക്കാൻ കഴിയും എന്ന് പല അധ്യാപകരും തിരിച്ചറിയാറില്ല. ഒരു കുട്ടി ഇത്തരത്തിൽ സ്വഭാവങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അധ്യാപകർ ആദ്യം അന്വേഷിക്കേണ്ടത് ആ കുട്ടിയുടെ കുടുംബ പശ്ചാത്തലമാണ്. മോശം പശ്ചാത്തലത്തിൽ നിന്നും വന്നിട്ടുള്ള കുട്ടിയാണെങ്കിൽ ഇങ്ങനെയല്ലേ പെരുമാറുകയുള്ളൂ. മാതാപിതാക്കൾ കഴിഞ്ഞാൽ കുട്ടികളെ കറക്റ്റ് ചെയ്യാൻ കഴിയുന്നത് അധ്യാപകർക്കാണ്. അധ്യാപകർ പിടിഎയുടെ സഹായത്തോടെ സ്വഭാവ വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി അവരെ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ ഡിസിപ്ലിനറി ആക്ഷൻസ് മാത്രം എടുത്തതുകൊണ്ട് കുട്ടികളുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വരുത്തില്ല. പകരം കുട്ടികൾ ഈ സമയം മനസ്സിൽ ഉറപ്പിക്കുന്നു "ഐ ആം ബാഡ് (I'm Bad), നോബഡി ലവ്സ് മി (Nobody Love's Me)"

 പഠനം വൈകല്യങ്ങളും (Learning Disabilities) ഇങ്ങനെയുള്ള കുട്ടികളിൽ കണ്ടുവരാറുണ്ട് . അതിനുള്ള റെമഡിയൽ ട്രെയിനിങ് തക്ക സമയത്ത് കൊടുത്താൽ അത് മാറ്റിയെടുക്കാൻ കഴിയും. സ്കൂളുകളിൽ നിന്നും അധ്യാപകർ റെമഡിയൽ ട്രെയിനിങ്ങിന് വേണ്ടി കുട്ടികളെ എന്റെ അടുക്കൽ കൊണ്ടുവരാറുണ്ട് . എന്നാൽ ഭൂരിഭാഗം അധ്യാപകരും അതിന് മെനക്കെടാറില്ല എന്നതാണ് യാഥാർത്ഥ്യം. ഈ കുട്ടിയുടെ കാര്യം അവരുടെ മാതാപിതാക്കൾ നോക്കട്ടെ എന്നാണ് പല അധ്യാപകരും പറയാറ്. ചില സ്കൂളുകളിൽ സ്കൂൾ കൗൺസലർമാർ ഉണ്ടെങ്കിലും അവരുടെ അടുക്കലേക്ക് കുട്ടികളെ റഫർ ചെയ്യാറുമില്ല. ഇങ്ങനെയൊക്കെ ഉണ്ടാകുമ്പോഴാണ് സ്കൂളിൽ കുട്ടികളിലെ പെരുമാറ്റ വൈകല്യങ്ങൾ തുടക്കത്തിലെ തന്നെ കണ്ടെത്തി നിയന്ത്രിക്കുവാൻ കഴിയാതെ വരുന്നത്.

4) കുട്ടികളിലെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ :- 

കുട്ടികളിൽ കണ്ടുവരുന്ന വിവിധ തരത്തിലുള്ള മാനസിക ആരോഗ്യ പ്രശ്നങ്ങൾ അവരുടെ പെരുമാറ്റത്തെ ബാധിക്കാറുണ്ട്. ഇത്തരം കുട്ടികളിൽ ദേഷ്യം കൂടുതലും ക്ഷമ കുറവും ആയിരിക്കും. മറ്റുള്ളവരുടെ സ്ഥാനത്തു നിന്നും ചിന്തിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി പ്രത്യേകിച്ച് എ ഡി എച്ച് ഡി കണ്ടുവരുന്നുണ്ട്. ഇതെല്ലാം കറക്റ്റ് ചെയ്യാൻ കഴിയുന്നതാണ്. ഇത്തരം പ്രശ്നങ്ങളാണ് കുട്ടികളുടെ പഠനത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നത്. കുട്ടികളിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ കാണുന്ന സമയത്ത് ആരോഗ്യ വിദഗ്ധരുടെ അടുത്തേക്ക് നിങ്ങൾ റഫർ ചെയ്യുകയാണെങ്കിൽ ഇതെല്ലാം നമുക്ക് മുളയിലെ നുള്ളി അവരെ നല്ല വ്യക്തികളാക്കി മാറ്റുവാൻ കഴിയുന്നതാണ്.

5) വ്യക്തിത്വ വൈകല്യങ്ങൾ (Personality Disorders)

കുട്ടികളിൽ വ്യക്തിത്വ വൈകല്യങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത് എട്ടു വയസ്സ് മുതലാണ്. കുട്ടികൾ കാണിക്കുന്ന അത്തരം പ്രശ്നങ്ങളെ ഓപ്പോസിഷണൽ ഡീവിയൻ്റ് ഡിസോഡർ ( ODD ) എന്നാണ് പറയുന്നത്പറയുന്നത്. മുതിർന്ന ആളുകളോട് കയർത്ത് സംസാരിക്കുക , പറഞ്ഞത് അനുസരിക്കാതിരിക്കുക, പഠനത്തിൽ താല്പര്യക്കുറവ്, വീട്ടിൽ നിന്ന് ചോദിക്കാതെ പണം എടുക്കുക, നുണ പറയുക തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന ലക്ഷണങ്ങൾ. ഇത്തരം സ്വഭാവ വൈകല്യങ്ങൾ എട്ടു വയസു മുതൽ 13 വയസ്സുവരെ തുടരുകയും എട്ടു വയസ്സിനും 13നും ഇടയിൽ കുട്ടികൾ കാണിക്കുന്ന ഇത്തരം സ്വഭാവം നമ്മൾ തിരിച്ചറിഞ്ഞ് ചികിത്സിച്ചു മാറ്റിയെടുത്തില്ലെങ്കിൽ 13 വയസ്സ് ആകുമ്പോൾ കണ്ടക്ട് ഡിസോർഡേഴ്സ് (Conduct Disorder) അഥവാ സ്വഭാവ വൈകല്യമായി മാറുകയും ചെയ്യും. അതുവരെ വീടിനകത്ത് കാണിക്കുന്ന ഇത്തരം പെരുമാറ്റ വ്യതിയാനങ്ങൾ അവർ സമൂഹത്തിലേക്ക് കാണിക്കാൻ തുടങ്ങും. മാനസിക ആരോഗ്യ വിദഗ്ധരെ കാണിക്കേണ്ട ഇത്തരം പ്രശ്നങ്ങൾ ചികിത്സ നൽകുന്നതിനുപകരം മാതാപിതാക്കൾ ശിക്ഷ നൽകുകയാണ് ചെയ്യുന്നത്. 

സ്വഭാവ വൈകല്യമുള്ള കുട്ടികൾ പൊതുവേ സ്കൂൾ നിയമങ്ങൾ അനുസരിക്കാൻ മടി കാണിക്കും. ടീച്ചേഴ്സിനോട് മോശമായി സംസാരിക്കുകയും ക്ലാസിലെ മറ്റു കുട്ടികൾക്ക് ഡിസ്റ്റർബൻസ് ആയി മാറുകയും അവരുടെ ബാഗുകളിൽ നിന്നും സ്കൂൾ ഓഫീസ് റൂമിൽ നിന്നും പണം മോഷ്ടിക്കാനും തുടങ്ങും ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. അപ്പോഴും തിരിച്ചറിഞ്ഞ് കറക്റ്റ് ചെയ്യാതിരിക്കുകയാണെങ്കിൽ 18 വയസ്സാകുമ്പോൾ സ്വഭാവം ആൻറി സോഷ്യൽ പേഴ്സണാലിറ്റിയിലേക്ക് മാറും. 

എങ്ങനെ നിയന്ത്രിക്കാം?

കുട്ടികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയുവാൻ ഇന്ന് സാധിക്കും ട്രീറ്റ്മെന്റിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. കുട്ടികളെ മനസ്സിലാക്കുക എന്നതാണ് ആദ്യപടി. അത് സാധ്യമായാൽ പിന്നെ എല്ലാം വളരെ എളുപ്പമാണ്.

കുട്ടികളിലെ ഗുണവും ദോഷവും കഴിവും കഴിവില്ലായ്മയും തിരിച്ചറിഞ്ഞ് അവരെ നന്നായി സ്നേഹിക്കുക, അവർക്ക് നല്ലതുപോലെ വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുക, അവരുടെ കഴിവുകളെ നന്നായി പ്രോത്സാഹിപ്പിക്കുക, കഴിവുകേടുകളെ പരിഹരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തുകൊടുക്കുക,. അവരെ സെൽഫ് ഡിസിപ്ലിൻ പഠിപ്പിക്കുക,, ഷെയർ ചെയ്യാൻ പഠിപ്പിക്കുക , കെയർ ചെയ്യാൻ പഠിപ്പിക്കുക, വീട്ടിൽ ഉത്തരവാദിത്തങ്ങൾ അവരെ ഏൽപ്പിക്കുക, കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് ഉത്തരവാദിത്തങ്ങൾ കൂടുതൽ ഏൽപ്പിക്കുക, സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി വളർത്തുക

 മക്കളുടെ കൂട്ടുകാർ ആരാണെന്ന് അച്ഛനും അമ്മയും അറിഞ്ഞിരിക്കണം. അവരുടെ കൂട്ടുകാർ ആരാണ് അവരുടെ വീട് എവിടെയാണ് അവരുടെ കുടുംബ പശ്ചാത്തലം എന്താണ് അവരുടെ പാരൻസിന്റെ ഫോൺ നമ്പർ ഇതെല്ലാം നിങ്ങൾ അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ നിങ്ങളുടെ മക്കൾ കൂട്ടുകാരന്റെയോ കൂട്ടുകാരിയുടെയോ വീട്ടിലേക്ക് പോകുമ്പോൾ അവർ അവിടെ സുരക്ഷിതരാണോ എന്നു നിങ്ങൾക്ക് അറിയാൻ പറ്റുകയുള്ളൂ.

നിങ്ങൾ വീട്ടിൽ പണം വയ്ക്കുമ്പോൾ കൃത്യമായ ഒരു കണക്കുണ്ടാക്കണം. ഒരു രൂപ പോലും നഷ്ടപ്പെടാതെ നോക്കണം നഷ്ടപ്പെട്ടു എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് എങ്ങനെ എവിടെ ചെലവാക്കി എന്ന് അവരോട് ചോദിക്കണം. ഒപ്പം കുട്ടികളിൽ പണം സേവ് ചെയ്യാനുള്ള മനോഭാവം ഉണ്ടാക്കിയെടുക്കുകയും വേണം, എല്ലാ ദിവസവും കുറച്ചുനേരം നിങ്ങൾ മക്കളുടെ റൂമിൽ ചെന്നിരിക്കുക. അവർ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ കുറച്ചുനേരം കഴിയുമ്പോൾ നമുക്കറിയാൻ കഴിയും. അത് കണ്ടെത്തുകയാണെങ്കിൽ തുടക്കത്തിലെ ബന്ധപ്പെട്ട കൗൺസലിംഗ് അവർക്ക് കൊടുക്കുക.

ടീച്ചേഴ്സ് ചെയ്യേണ്ടത് കുട്ടികളിൽ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടനെ പാരന്റ്സിനെ വിളിക്കുക. അവരോട് സംസാരിക്കുക, അധ്യാപകർക്ക് അവരുടെ വീടുകളിൽ പോകാം. എല്ലാ പാരൻസും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരല്ല. ചില കുട്ടികൾ വരുന്നത് അവരുടെ മാതാപിതാക്കൾ ഒരു ദിവസം ജോലിക്ക് പോയില്ലെങ്കിൽ ഭക്ഷണം കഴിക്കാൻ പറ്റാത്ത സാഹചര്യമുള്ള കുടുംബങ്ങളിൽ നിന്നാണ്. അതുകൊണ്ട് നിങ്ങൾ അവരുടെ വീടുകളിലേക്ക് ചെല്ലുക. വൈകുന്നേരമോ അവധി ദിവസമോ അവിടെയെത്തി അവരുടെ കുടുംബ പശ്ചാത്തലം പഠിക്കുക.

നിങ്ങൾ നിങ്ങളുടെ കുട്ടികളെ പഠിക്കുക അതിനുശേഷം പാഠ്യപദ്ധതികൾ അവരെ പഠിപ്പിക്കുക അതല്ലേ നല്ലൊരു അധ്യാപകൻ ചെയ്യേണ്ടത്. അവന്റെ സാഹചര്യങ്ങൾ മനസ്സിലാക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെ വ്യക്തമായി അവനെ നിയന്ത്രിക്കാൻ സാധിക്കും. അവർ പുറമേ പ്രകടിപ്പിക്കുന്ന നേച്ചർ ആയിരിക്കില്ല വീട്ടിൽ കാണിക്കുന്നത്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഇങ്ങനെയുള്ള കുട്ടികളിൽ വ്യത്യസ്ത കഴിവുകൾ ഉണ്ടാകും. അതുകണ്ടെത്തി ശാസ്ത്രപരിചയ മേളകളിൽ അവരെ പങ്കെടുപ്പിക്കുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, പഠിക്കാനുള്ള കഴിവുണ്ടെങ്കിൽ അതും പ്രോത്സാഹിപ്പിക്കുക, സംസാരിക്കാനുള്ള ഉള്ളതെങ്കിൽ അവരെ സ്റ്റോറി ടെല്ലിങ് , പ്രസംഗം പോലെയുള്ള മറ്റുതലത്തിലേക്ക് കൊണ്ടുവരിക. ദേഷ്യം കൂടുതലുള്ള കുട്ടിയാണെങ്കിൽ അവനെ സ്പോർട്സിലേക്ക് കൊണ്ടുപോകുക. ഡിസിപ്ലിൻ കുറവുള്ള കുട്ടികളാണെങ്കിൽ ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ സി സി, എസ് പി സി ഏതിലെങ്കിലും ഉൾപ്പെടുത്തുക. അവർ ഡിസിപ്ലിൻ പഠിക്കും. ലേണിംഗ് ഡിസെബിലിറ്റി ഉണ്ടെങ്കിൽ റെമഡിയിൽ എജുക്കേഷൻ കൊടുക്കുക, ഐ ഇ ഡി യിൽ ഉൾപ്പെടുത്തുക അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ചികിത്സകൾ നൽകുന്ന ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ അടുക്കലേക്ക് റഫർ ചെയ്യുക. 

അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കുട്ടികളെ ഒരിക്കലും ലേബൽ ചെയ്യരുത്.. അവരെ ഡിസ്ക്രിമിനേറ്റ് ചെയ്യാതിരിക്കുക. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ കുട്ടികൾക്കിടയിൽ അധ്യാപകർ ദൈവങ്ങളായി മാറുന്നത്.

കുട്ടികളിൽ ഈ ആറ് കഴിവുകൾ ഉണ്ടോ? എങ്കിൽ അറിഞ്ഞിരിക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios