'മനസ്സാകെ മടുത്തു, ജോലി വേണ്ടെന്ന് വച്ചാലോ, ഒറ്റയ്ക്ക് ഇരിക്കണം...'; ഈ ചിന്തകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ...?
തന്റെ സങ്കടങ്ങളും ഭയങ്ങളും തുറന്നു പറയാന്‍ ശ്രമിക്കുന്ന വ്യക്തിയെ കേൾക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക എന്നതും ഇതോടൊപ്പം തന്നെ പ്രധാനമാണ്. ഈ നാളുകളില്‍ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളുകളില്‍ പ്രധാനമായും കണ്ടുവരുന്നത് വളരെ വൈകി ചികിത്സ തേടുന്നു എന്നതാണ്.
മടുത്തു... ജോലിയിലെ ടെൻഷനും വീട്ടിലെ പ്രശ്നങ്ങളും എല്ലാം കൂടിയാകുമ്പോൾ തീരെ പറ്റാതെ വരുന്നു. എല്ലാംകൂടി വേണ്ടാന്നു വച്ച് എങ്ങോട്ടെങ്കിലും പോയാലോ എന്നു വച്ചാല്‍ ഈ സമയത്ത് അതും പറ്റുന്നില്ല. ജോലി വേണ്ടന്നു വച്ചാലോ എന്നുപോലും ചിന്തിച്ചുപോകാറുണ്ട്. രണ്ടു ദിവസമായി നല്ല സുഖമില്ല എന്നു പറഞ്ഞപ്പോള്‍ ഒരു വിധമാണ് അവധി കിട്ടിയത്. പക്ഷേ ഇനിയും എത്ര ദിവസം അതു പറ്റും? മനസ്സാകെ മടുത്തു. ഇനി വയ്യ...മേല്‍ പറഞ്ഞ ചിന്തകള്‍ നിങ്ങളുടേതാണോ?
എന്നാല്‍ നിങ്ങള്‍ ഈ ചിന്തകള്‍ ഉള്ള ഏക വ്യക്തി അല്ല. പലരും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുമ്പോള്‍ ചോദിക്കാറുണ്ട് എന്നെപ്പോലെ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഞാന്‍ മാത്രമേ ഉണ്ടാവുള്ളൂ അല്ലേ”. അതിനുള്ള മറുപടി നിങ്ങള്‍ ഒറ്റയ്ക്കല്ല എന്നതാണ്. കൊവിഡിനുശേഷം ഇനി അഭിമുഖീകരിക്കാന്‍ പോകുന്ന അടുത്ത പ്രശ്നം എന്തായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം‘മാനസികാരോഗ്യ പ്രശ്നങ്ങള്‍’ എന്നതായിരിക്കും.
ഇതു പറയുന്നത് അൽപം ക്രൂരമാണ് എങ്കില്‍ പോലും കൊവിഡിനു മുമ്പ് തന്നെ നാലുപേരില്‍ ഒരാള്‍ വീതം മാനസിക പ്രശ്നങ്ങള്‍ അനുഭവിച്ചിരുന്നു എന്ന ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ഉണ്ടായിരുന്നു. ഇപ്പോൾ ജീവിതമാകെ മാറിമറിഞ്ഞ ഈ മഹാമാരിക്കാലം ആളുകളിൽ കൂടുതല്‍ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്.
മുമ്പ് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകാതെ തടയുന്നതില്‍ നാം അധികം ശ്രദ്ധ വച്ചിരുന്നു എങ്കില്‍ ഈ മഹാമാരിക്കാലത്ത് നമ്മള്‍ ആരും തന്നെ കൊവിഡിനോട് എന്നതുപോലെതന്നെ മാനസിക പ്രശ്നങ്ങളോടും പ്രതിരോധശേഷി പൂർണ്ണമായും കൈവരിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഈ സമയം നാം അതീവ പ്രാധാന്യം കൊടുക്കേണ്ടത് ഒരു പ്രശ്നം മനസ്സിനെ ബാധിച്ചാല്‍ ഇത്രയും വേഗം അതിനെ അതിജീവിച്ചു ജീവിതത്തിലേക്കു മടങ്ങി വരിക എന്നതിനാണ്. Resilience എന്ന ഈ കഴിവു വളർത്തി യെടുക്കാന്‍ ചികത്സയിലൂടെ വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് ഇപ്പോള്‍ വേണ്ടത്.
മുമ്പൊക്കെ വീട്ടിലെ എന്തെങ്കിലും പ്രശ്നങ്ങള്‍ കുട്ടികളോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ ആരെങ്കിലും പുറത്തുള്ള ആരോടെങ്കിലും പറഞ്ഞു എന്നു വന്നാല്‍ വലിയ പ്രശ്നമായി കണ്ടിരുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിക്കണം എന്ന നിർബന്ധം നമുക്കെല്ലാവർക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രശ്നങ്ങള്‍ ആരോടും തുറന്നു പറഞ്ഞുള്ള ഒരു ശീലം നമ്മള്‍ പലർക്കും ഇല്ല.
എന്നാല്‍ ഇന്ന് ഓരോ വീടുകളിലും പലതരം മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം ഇങ്ങനെ വർദ്ധിച്ചു വരുമ്പോള്‍ സങ്കടങ്ങള്‍ തുറന്നു സംസാരിക്കാന്‍ തയ്യാറാവുക’ എന്ന ഒരു പുതിയ ശീലം നാം എല്ലാവരും ഉണ്ടാക്കിയെടുക്കുക എന്നത് വളരെ അധികം പ്രധാനമാണ്. പ്രസവാനന്തരം കുട്ടികളെ കൊലപ്പെടുത്തുന്ന അമ്മമാരും, ഒരുകുടുംബത്തില്‍ എല്ലാവരും ആത്മഹത്യ ചെയ്തു എന്ന വാർത്തകളും എല്ലാം പല സങ്കടങ്ങളും തുറന്നു പറയാതെ പോയതിന്റെ ദുരനുഭവങ്ങളാകാം.
തന്റെ സങ്കടങ്ങളും ഭയങ്ങളും തുറന്നു പറയാന്‍ ശ്രമിക്കുന്ന വ്യക്തിയെ കേൾക്കാന്‍ കുടുംബാംഗങ്ങള്‍ തയ്യാറാവുക എന്നതും ഇതോടൊപ്പം തന്നെ പ്രധാനമാണ്. ഈ നാളുകളില്‍ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്ന ആളുകളില്‍ പ്രധാനമായും കണ്ടുവരുന്നത് വളരെ വൈകി ചികിത്സ തേടുന്നു എന്നതാണ്. അധികം ആളുകളും പറയാറുണ്ട്, വളരെ നാളുകളായി ഈ ചികിത്സ വേണം എന്നു പറഞ്ഞിട്ടും വീട്ടിലുള്ള ആരും അതു ചെവിക്കൊണ്ടില്ല. ഇപ്പോള്‍ എല്ലാ വിധത്തിലും ടെൻഷനുള്ള ഈ സമയത്ത് മാനസിക സമ്മർദ്ദം തീരെ സഹിക്കാന്‍ കഴിയാതെയായി എന്ന്.
ശരീരത്തിന്റെ രോഗാവസ്ഥ പോലെതന്നെ മാനസികപ്രശ്നങ്ങളും തുടക്കത്തില്‍ തന്നെ ചികിത്സ തേടി പരിഹരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അതിലൂടെ കടന്നുപോകുന്ന വ്യക്തി അനുഭവിക്കേണ്ട വരുന്ന മാനസിക പിരിമുറുക്കം അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ധൈര്യപൂർവ്വം പ്രശ്നങ്ങളെ നേരിടാന്‍ പ്രപ്തരാവുകയാണ് വേണ്ടത്. പറയും പോലെ എളുപ്പമല്ല കാര്യങ്ങള്‍ എങ്കില്‍പോലും കഴിയുന്നത്ര ശ്രമം നടത്തുക എന്നതാണ് ഇപ്പോള്‍ വേണ്ടത്.
എഴുതിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
For AppointmentsCall: 8281933323
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona