ഇനിയില്ല 'തടവറ'; റാണി, ബ്രൂണി, ബ്രൂണോ ഒടുവില്‍ ജയിലില്‍ നിന്നും വീട്ടിലേയ്ക്ക് !

നായ്ക്കളെ പരിപാലിക്കാന്‍ ആളില്ലാതായതോടെയാണ് നായ്ക്കളെ ലേലം ചെയ്തത്. തടവുകാരെ ഇവ ആക്രമിക്കുമോ എന്ന സുരക്ഷാ വീഴ്ച യെ ഭയന്നുമാണ് കാക്കനാട് ജില്ലാ ജയിലില്‍ വളര്‍ത്തു നായകളെ ലേലത്തില്‍ വിറ്റതെന്ന് ജയില്‍ വകുപ്പ് പറയുന്നു.

dogs from jail sold in auction azn

കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ്ക്കളായ റാണി, ബ്രൂണി, ബ്രൂണോ എന്നിവര്‍  'ജയില്‍ മോചിത'രായി. കഴിഞ്ഞ മൂന്നര വര്‍ഷം ജയിലില്‍ കഴിഞ്ഞ നായ്ക്കള്‍ ഇനി പുതിയ ലോകം കാണും. അവര്‍ ഇനി മൃഗസ്നേഹിയായ ഇബ്രാഹിമിന് സ്വന്തം. ജില്ലാ ജയിലിലെ നായ പരിപാലന കേന്ദ്രത്തില്‍ വളര്‍ന്ന മൂന്ന് നായ്ക്കളെയാണ് ഫെബ്രുവരി 17 വെള്ളിയാഴ്ച ലേലം ചെയ്തത്.  ഡോബർമാൻ, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട മൂന്ന് പേരെയാണ് ലേലത്തില്‍ വിറ്റത്. മൂന്ന് പേര്‍ക്കും മൂന്നര വയസാണ് പ്രായം. 

8600 രൂപയ്ക്ക് കളമശേരി സ്വദേശി ഇബ്രാഹിം ആണ് ഇവരെ ലേലത്തില്‍ വാങ്ങിയത്. മുഴുവന്‍ പണവും അപ്പോള്‍ തന്നെ നല്‍കിയാണ് ഇബ്രാഹിം നായ്ക്കളെ സ്വന്തമാക്കിയത്.  റാണി, ബ്രൂണി, ബ്രൂണോ എന്നീ നായ്ക്കള്‍ ആണ് ജയില്‍ വിട്ടത്. ഡോബർമാന് 30 കിലോയും മറ്റ് രണ്ട് ഇനത്തിനും 20 കിലോയുമാണ് ഭാരം.  നാല്- അഞ്ച് പേര്‍ ലേലത്തിന് എത്തിയിരുന്നതായും ജയില്‍ അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.  നായ്ക്കളെ പരിപാലിക്കാന്‍ ആളില്ലാതായതോടെയാണ് നായ്ക്കളെ ലേലം ചെയ്തത്. തടവുകാരെ ഇവ ആക്രമിക്കുമോ എന്ന സുരക്ഷാ വീഴ്ചയെ ഭയന്നുമാണ് കാക്കനാട് ജില്ലാ ജയിലില്‍ വളര്‍ത്തു നായകളെ ലേലത്തില്‍ വിറ്റതെന്ന് ജയില്‍ വകുപ്പ് പറയുന്നു. 

ഒരു വരുമാന മാര്‍ഗം എന്ന രീതിയിലാണ് മൂന്ന് വര്‍ഷം മുമ്പ് ജയിലില്‍ നായ് പരിപാലന കേന്ദ്രം ആരംഭിച്ചത്. അങ്ങനെ 2019ലാണ് നായകള വാങ്ങിയത്. നായ്ക്കളെ വളര്‍ത്തിയിരുന്ന തടവുകാരെ ഇതിനെ പരിപാലിക്കാനും ഏല്‍പ്പിച്ചിരുന്നു. പുറത്തു നിന്നും ബ്രീഡ് ചെയ്യ് ആദ്യ ഘട്ടത്തില്‍ അവയുടെ കുഞ്ഞുങ്ങളെ വിറ്റ് വരുമാനവും ലഭിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ മാറിയതോടെ ആണ് ഇവയുടെ ഭക്ഷണം ഉള്‍പ്പടെയുള്ള പരിപാലനത്തില്‍ തടസ സാധ്യതകള്‍ കണ്ടത്.  കെന്നല്‍ ക്ലബ് രജിസ്ട്രേഷനും ഹെല്‍ത്ത് കാര്‍ഡും നായ്ക്കള്‍ക്ക് കൃത്യമായി വാക്സിനേഷനും നല്‍കിയിട്ടുണ്ടെന്ന് ജയില്‍ സൂപ്രണ്ട് അഖില്‍ എസ് നായര്‍ പറഞ്ഞു. 

Also Read: പ്രഭാത സവാരിക്കിടയിൽ വഴിതെറ്റി, വളർത്തുനായ 'ടാക്‌സിയില്‍ കയറി'വീട്ടിലെത്തി!

Latest Videos
Follow Us:
Download App:
  • android
  • ios