മണി മണി പോലെ മലയാളം; വൈറലായ നാഗാലാൻഡുകാരൻ ഡോ. വിസാസോ കിക്കി...
കേരള സര്‍ക്കാരിന്‍റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി നമ്മുടെ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് ഡോ. വിസാസോ കിക്കി സംസാരിച്ച ഭാഗം വൈറലായതോടെയാണ് അദ്ദേഹവും മലയാളികള്‍ക്ക് സുപരിചിതനായത്.
മലയാളികളല്ലാത്തവരെ സംബന്ധിച്ച് മലയാളം സംസാരിക്കുകയെന്നത് അല്‍പം പ്രയാസമുള്ള സംഗതി തന്നെയാണ്. ഇത് മലയാളം പഠിക്കാൻ ഒരിക്കലെങ്കിലും ശ്രമിച്ചിട്ടുള്ള ഏതൊരു ഇതരഭാഷക്കാരും പറയാറുള്ള കാര്യമാണ്. പൊതുവില്‍ പ്രയാസമുള്ള ഭാഷയായി തന്നെയാണ് മലയാളം കണക്കാക്കപ്പെടുന്നതും.
എന്നാല്‍ ഇത്തിരി സമയം കൊടുത്താല്‍, അതിലേറെ മനസും കൊടുത്താല്‍ നല്ല മണി മണി പോലെ മലയാളം പറയാൻ പറ്റുമെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന നാഗാലാൻഡുകാരൻ ഡോ. വിസാസോ കിക്കി.
കേരള സര്‍ക്കാരിന്‍റെ 'കേരളീയം' പരിപാടിയുടെ ഭാഗമായി നമ്മുടെ ആരോഗ്യസംവിധാനങ്ങളെ കുറിച്ച് ഡോ. വിസാസോ കിക്കി സംസാരിച്ച ഭാഗം വൈറലായതോടെയാണ് അദ്ദേഹവും മലയാളികള്‍ക്ക് സുപരിചിതനായത്. ഇപ്പോള്‍ ഡോ. വിസാസോ കിക്കി ഒരു സെലിബ്രിറ്റിയാണെന്ന് തന്നെ പറയാം.
പത്ത് വര്‍ഷം മുമ്പാണ് ഇദ്ദേഹം കേരളത്തിലെത്തുന്നത്. 2013ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് ചേരാൻ. നാട്ടില്‍ തനിക്കുള്ള മലയാളി അയല്‍ക്കാരാണ് പഠനത്തിനായി കേരളം തെരഞ്ഞെടുക്കുന്നതിന് തനിക്ക് പ്രചോദനമായതെന്ന് ഡോ. വിസാസോ കിക്കി പറയുന്നു.
ഇവിടെ വന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. അതിന് ശേഷം എംഎസ്. ഇപ്പോള്‍ മൂന്ന് വര്‍ഷത്തോളമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലുണ്ട് ഇദ്ദേഹം.
കേരളത്തിലേക്ക് വന്ന് ആദ്യമെല്ലാം ഇവിടത്തെ സംസ്കാരവുമായും ജീവിതരീതികളുമായുമെല്ലാം പൊരുത്തപ്പെടാൻ സ്വാഭാവികമായ പ്രയാസമുണ്ടായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ പിന്നീട് കേരളം തന്‍റെ തന്നെ ഒരു ഭാഗമായി മാറിയെന്നാണ് ഇരുപത്തിയൊമ്പതുകാരനായ ഡോക്ടടര്‍ പറയുന്നത്.
കേരളത്തിലെ ആരോഗ്യമേഖലയെ കുറിച്ച് മാത്രമല്ല ആളുകളെ കുറിച്ചും ഭക്ഷണത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചുമെല്ലാം വാതോരാതെ സംസാരിക്കും ഡോ. വിസാസോ കിക്കി.
മിക്കവാറും എല്ലാ ജില്ലകളിലും യാത്ര ചെയ്തിട്ടുണ്ട്. പോയ ഇടത്തെല്ലാം സുഹൃത്തുക്കളുണ്ട്. വര്‍ക്കല ക്ലിഫും വയനാട് ചുരവും ഒക്കെ ഡോക്ടര്‍ക്ക് അത്രയും പ്രിയപ്പെട്ട അനുഭവങ്ങളാണ്. ഒരു മലയാളിയെ വെല്ലുവിളിക്കും വിധം മലയാളത്തില്‍ ഡോക്ടര്‍ സംസാരിക്കുന്നത് കേള്‍ക്കാനേ കൗതുകം തോന്നും.
വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ഒരു ട്രെയിനപകടത്തില്‍ ഇടതുകാലിന്‍റെ ഒരു ഭാഗം നഷ്ടപ്പെട്ട ഡോക്ടര്‍ പക്ഷേ, പരിമിതിയുടെ യാതൊരു അടയാളവും പ്രതിഫലിപ്പിക്കാതെ ഏറെ ചുറുചുറുക്കോടെയാണ് തന്‍റെ ജീവിതം ചിട്ടപ്പെടുത്തി കൊണ്ടുപോകുന്നത്.
ഡോ. വിസാസോ കിക്കിയുടെ അഭിമുഖം കാണാം...
Also Read:- കുട്ടിയാനയുടെ വ്യായാമവും അതിനിടയിലെ അബദ്ധവും; രസകരമായ വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-