സൈക്കിള്‍ റിപ്പയര്‍ ചെയ്ത് മകളെ പഠിപ്പിച്ചു, വരനായി ഓസ്ട്രേലിയക്കാരൻ; ഈ അച്ഛനും മകളും ഹാപ്പി
ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്ട്രേലിയയില്‍ വച്ച് നിയമപരമായി തബസവും ആഷും വിവാഹിതരായി. വീട്ടുകാരെയെല്ലാം അറിയിച്ചുകൊണ്ട്, അവരുടെ അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ആഷിന്‍റെ പ്രിയപ്പെട്ടവരാണ് അപ്പോള്‍ കൂടെയുണ്ടായിരുന്നത്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് എത്രയോ പേര്‍ വിദ്യാഭ്യാസത്തിലൂടെയും നല്ല ജോലിയിലൂടെയും ആരോടും മത്സരിക്കാവുന്ന മികവിലേക്ക് എത്തിയിരിക്കുന്നു. സാധാരണ കുടുംബങ്ങളില്‍ നിന്നോ സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നോ പഠിച്ച് മുന്നേറിവരുന്നത് പോലെയല്ല തീര്‍ച്ചയായും ഇത്. ഒരുപാട് സഹനങ്ങളുടെയും പോരാട്ടങ്ങളുടെയും വിജയം കൂടിയായിരിക്കും ഇത്തരത്തിലുള്ള വ്യക്തികളുടെ വളര്‍ച്ച.
സമാനമായ രീതിയില്‍ വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റുകയാണ് മദ്ധ്യപ്രദേശിലെ മനാവര്‍ സ്വദേശിയായ തബസം ഹുസൈൻ എന്ന യുവതി. ധര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് തബസം ജനിച്ചത്. അച്ഛൻ ഒരു സൈക്കിള്‍ റിപ്പയര്‍ കടയിലെ ജോലിക്കാരനാണ്. അമ്മയും മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരും അടങ്ങുന്നതാണ് തബസത്തിന്‍റെ കുടുംബം.
ചെറുപ്പത്തിലേ പഠിക്കാൻ മിടുക്കിയായിരുന്ന തബസം 2016ല്‍ ഓസ്ട്രേലിയയില്‍ ഉന്നത പഠനത്തിന് പോകുന്നതിനായി 45ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ് നേടി. 2017ഓടെ തബസം ബ്രിസ്ബെയ്നിലേക്ക് യാത്രയായി. അവിടെ പഠനങ്ങളുമായി തുടരുന്നതിനിടെയാണ് ആഷ് ഹോൻഷീല്‍ഡ് എന്ന യുവാവുമായി പരിചയപ്പെടുന്നത്.
വൈകാതെ തന്നെ ഇരുവരും പ്രണയത്തിലുമായി. എന്നാല്‍ പഠനത്തിനും ജോലിക്കുമെല്ലാം പ്രാധാന്യം നല്‍കി, ഇരുവരും വിവാഹം നീട്ടിവച്ചു. ഒപ്പം തന്നെ രണ്ട് രാജ്യക്കാരും രണ്ട് സംസ്കാരങ്ങളില്‍ നിന്നുള്ളവരുമായതിനാല്‍ വീട്ടുകാരെ ഇതിലേക്ക് എത്തിക്കുന്നതിനും സമയം വേണമെന്ന് ഇവര്‍ തീരുമാനിച്ചു.
ഇതിനിടെ രണ്ട് വര്‍ഷം മുമ്പ് ഒരു ജര്‍മ്മൻ കമ്പനിയുടെ സ്കോളര്‍ഷിപ്പും തബസത്തെ തേടിയെത്തി. 74 ലക്ഷത്തിന്‍റെ സ്കോളര്‍ഷിപ്പായിരുന്നു ഇത്.കരിയര്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതോടെ തബസം വിവാഹം എന്ന തീരുമാനത്തിലേക്കെത്തി.
ഒടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്ട്രേലിയയില്‍ വച്ച് നിയമപരമായി തബസവും ആഷും വിവാഹിതരായി. വീട്ടുകാരെയെല്ലാം അറിയിച്ചുകൊണ്ട്, അവരുടെ അനുഗ്രഹത്തോടെയായിരുന്നു വിവാഹം. ആഷിന്‍റെ പ്രിയപ്പെട്ടവരാണ് അപ്പോള്‍ കൂടെയുണ്ടായിരുന്നത്.
ഇതിന് ശേഷമിപ്പോള്‍ ആഷ് തന്‍റെ അമ്മയ്ക്കൊപ്പം തബസത്തിന്‍റെ നാട്ടിലെത്തുകയും ഇവരുടെ ആചാരപ്രകാരം വിവാഹം നടത്തുകയും ചെയ്തിരിക്കുകയാണ്. സൈക്കിള്‍ റിപ്പയര്‍ കടയില്‍ ജോലി ചെയ്യുന്നയാളുടെ മകള്‍ക്ക് ഓസ്ട്രേലിയക്കാരൻ വരൻ എന്ന രീതിയില്‍ ഇവരുടെ വിവാഹം ഏറെ ശ്രദ്ധിക്കപ്പെട്ടു.
എത്ര ചെറിയ വരുമാനത്തിന് ജോലി ചെയ്യുന്നവരായാലും വിദ്യാഭ്യാസത്തിനും ജോലിക്കും പുരോഗമനകരമായ ജീവിതരീതിക്കും പ്രാധാന്യം നല്‍കാൻ സാധിച്ചാല്‍ അത് തന്നെ വലിയ സമ്പത്തെന്ന് വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നു.
അതേസമയം ഇന്ത്യയില്‍ രണ്ടാം തവണ സന്ദര്‍ശനം നടത്തുന്ന ആഷിന് ഇന്ത്യൻ സംസ്കാരത്തോടുള്ള ഇഷ്ടം പതിന്മടങ്ങ് ആയിരിക്കുന്നുവെന്നാണ് ഇദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയെന്നാല്‍ വര്‍ണാഭമായ ചിത്രം പോലെയാണെന്നും ഇവിടത്തെ സംസ്കാരവും ഭക്ഷണവും എല്ലാം തന്നെ ഒരുപാട് ആകര്‍ഷിക്കുന്നുവെന്നും അമ്മയും ഏറെ സന്തോഷവതിയാണെന്നും ആഷ് പറയുന്നു.
Also Read:- വിവാഹത്തിന് മുഖം തിളക്കമുള്ളതാക്കാൻ ഇതിന് മുമ്പായി ചെയ്യാവുന്ന ചിലത്...