വീട്ടിലെ പലചരക്ക് ബില്ല് കുറയ്ക്കാനിതാ അഞ്ച് സൂപ്പര്‍ ടിപ്സ്...
ഓരോ ആഴ്ചത്തേക്കുമുള്ള ഭക്ഷണങ്ങളുടെ ഒരു പ്ലാൻ നിങ്ങള്‍ക്കുണ്ടാകണം. ഇതനുസരിച്ച് വേണം സാധനങ്ങള്‍ ഷോപ്പ് ചെയ്യാൻ. പ്രത്യേകിച്ച് പച്ചക്കറി, മത്സ്യ, മാംസാദികള്‍
അവശ്യസാധനങ്ങള്‍ക്കെല്ലാം വില കൂടുന്നത് തീര്‍ച്ചയായും സധാരണക്കാരെ ചെറിയ രീതിയിലൊന്നുമല്ല വലയ്ക്കുന്നത്. വീട്ടുചെലവ് താങ്ങാൻ കഴിയുന്നില്ലെന്ന് പരാതി പറയാത്ത ഇടത്തരക്കാരെ കാണാൻ തന്നെ പ്രയാസമാണ്.
വിലക്കയറ്റത്തിന് അനുസരിച്ച് വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നില്ല എന്ന സാഹചര്യത്തിലാണ് ഇടത്തരക്കാര്‍ വെട്ടിലാകുന്നത്. ഈയൊരു ചുറ്റുപാടില്‍ നമ്മുടെ വീട്ടുചിലവുകളെ എങ്ങനെ കുറയ്ക്കാം, എന്തെല്ലാമാണ് അതിനായി ചെയ്യാവുന്നത്, എന്ന കാര്യങ്ങളിലേക്ക് തന്നെയാണ് ശ്രദ്ധ കൊടുക്കാൻ ഴിയുക.
വീട്ടുചിലവുകള്‍ കുറയ്ക്കുക എന്ന് പറയുമ്പോള്‍ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും കഴിക്കാതെ കഷ്ടപ്പെട്ട് കഴിയണമല്ലോ എന്നാണ് അധികപേരും ചിന്തിക്കുക. എന്നാലങ്ങനെയല്ല, സമര്‍ത്ഥമായി മുന്നോട്ട് പോകാനായാല്‍ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കഴിക്കാനും, ഒപ്പം തന്നെ വീട്ടുചിലവ് ചുരുക്കാനും നമുക്ക് സാധിക്കും. ഇതിന് സഹായകമായിട്ടുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
പലചരക്ക് ബില്ല് കുറയ്ക്കാൻ നാം ആദ്യം ചെയ്യേണ്ടത് മീല്‍സ് പ്ലാനിംഗ് ആണ്. ഇതെന്താണെന്നല്ലേ? പറയാം.
ഓരോ ആഴ്ചത്തേക്കുമുള്ള ഭക്ഷണങ്ങളുടെ ഒരു പ്ലാൻ നിങ്ങള്‍ക്കുണ്ടാകണം. ഇതനുസരിച്ച് വേണം സാധനങ്ങള്‍ ഷോപ്പ് ചെയ്യാൻ. പ്രത്യേകിച്ച് പച്ചക്കറി, മത്സ്യ, മാംസാദികള്‍. എന്നിട്ട് ഈ പ്ലാനില്‍ പരമാവധി ഉറച്ചുനില്‍ക്കുക. ഇതനുസരിച്ച് മാത്രമേ മുന്നോട്ട് പോകാവൂ എന്നല്ല. പക്ഷേ ഈയൊരു അടിത്തറ നിര്‍ബന്ധം.
ഷോപ്പിംഗിന് പോകുമ്പോള്‍ തോന്നുന്ന സാധനങ്ങളെല്ലാം വാങ്ങിക്കുന്ന ശീലം നിര്‍ത്തണം. ലിസ്റ്റിലുള്ളത് മാത്രം വാങ്ങി ശീലിക്കുക.
രണ്ട്...
നമ്മുടെ വീട്ടില്‍ ബാക്കിയുള്ള സാധനങ്ങള്‍ പരമാവധി ഉപയോഗിച്ച് ശീലിക്കണം. അത് എണ്ണ ആയാലും, പച്ചക്കറി ആയാലും, മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പ്രത്യേകം വാങ്ങിക്കൊണ്ടുവന്ന സാധനങ്ങളുടെ ബാക്കി ആയാലും എല്ലാം. ഇങ്ങനെ വേസ്റ്റേജ് കുറയ്ക്കുന്നതിലൂടെ നമുക്കൊരുപാട് സേവ് ചെയ്യാൻ സാധിക്കും. ചെറിയൊരു കഷ്ണം കുമ്പളങ്ങയോ, ചേനയോ കളയുമ്പോള്‍ ഒരു നേരത്തേക്കുള്ള കറിയാണ് നമ്മള്‍ വെറുതെ കളയുന്നത് എന്ന് തന്നെ ചിന്തിക്കുക. അല്ലെങ്കില്‍ ഒരു മുട്ടയോ ഒരു പഴമോ കളയുമ്പോള്‍ അതൊരു നേരത്തെ സ്നാക്ക് ആണെന്ന് തന്നെ ഓര്‍ക്കണം. വിവിധ പൊടികള്‍, ധാന്യങ്ങള്‍ എന്നിങ്ങനെ എല്ലാ വിഭവങ്ങളും ബുദ്ധിപൂര്‍വം ഉപയോഗിച്ച് ശീലിക്കണം.
മൂന്ന്...
ഫ്രീസ് ചെയ്ത് സൂക്ഷിക്കാവുന്ന വിഭവങ്ങളെല്ലാം ഫ്രീസ് ചെയ്ത് സൂക്ഷിക്കുക തന്നെ വേണം. ഇത്തരത്തില്‍ നേരാംവണ്ണം ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നത് തന്നെ വളരെയധികം ചിലവ് ചുരുക്കാൻ സഹായിക്കും.
നാല്...
പല സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ ഓഫര്‍ വിലയിലും ഡിസ്കൗണ്ടലും അവശ്യസാധനങ്ങള്‍ കിട്ടും. ഇങ്ങനെയുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.
അഞ്ച്...
ചിലരുണ്ട്, എല്ലാ സാധനങ്ങളും ബ്രാൻഡഡ്, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന ക്വാളിറ്റിയേ വാങ്ങൂ എന്ന് വാശിയുള്ളവര്‍. ഈ വാശി പക്ഷേ വീട്ടുസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ മാറ്റിവയ്ക്കുന്നതാണ് നല്ലത്. കഴിയുന്നതും ചെറിയ കടകളില്‍ നിന്ന് തന്നെ സാധനങ്ങള്‍ വാങ്ങിക്കാം. ഇതിലെല്ലാം നമുക്ക് ചെറിയ ലാഭങ്ങളുണ്ടാകും.
ആറ്...
സാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ പല സ്റ്റോറുകളിലെയും വില അറിയണം. ഇവ താരതമ്യപ്പെടുത്തി വില കുറവുള്ളിടത്ത് തന്നെ പതിവാക്കാം. ഇത് ഇടയ്ക്കിടെ മാറി മാറി ചെയ്തുനോക്കാവുന്നതാണ്. ഇങ്ങനെ നാം ലാഭിക്കുന്ന നാലും അഞ്ചും പത്തും രൂപയുമെല്ലാം ഒരു മാസം പിന്നിടുമ്പോള്‍ ഒരു തുകയായി മാറും. പണം ലാഭിക്കുകയെന്നാല്‍ ഇങ്ങനെ തന്നെയാണ് അതിന്‍റെ ശരിയായ രീതി.
Also Read:- 'ഇങ്ങനെയൊരു മുറിയില്‍ താമസിക്കാൻ ആര് വരും?'; അത്ഭുതക്കാഴ്ചയായി വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-