നായ്ക്കുട്ടിയുടെ ഉടമസ്ഥതയെച്ചൊല്ലി തർക്കം, ഡിഎൻഎ ടെസ്റ്റിന് സാമ്പിളയച്ച് പൊലീസ്
എത്രയും പെട്ടെന്ന് ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരുമെന്നും, വിഷയത്തിലെ ആശയക്കുഴപ്പം നീങ്ങുമെന്നുമുള്ള പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് ഇരു കൂട്ടരും
ചിത്രത്തിൽ കാണുന്നത് മൂന്നുവയസ്സു പ്രായമുള്ള ഒരു ലാബ്രഡോർ റിട്രീവർ നായ്ക്കുട്ടിയാണ്. മധ്യപ്രദേശിലെ ഹോഷംഗാബാദിൽ ഉള്ള ഈ നായ്ക്കുഞ്ഞൻ ഇന്നൊരു വിവാദത്തിന്റെ കേന്ദ്രബിന്ദുവാണ്. രണ്ടു പേർ, ഒരു പത്രപ്രവർത്തകനും, ഒരു എബിവിപി നേതാവും ഒരുപോലെ അവകാശപ്പെടുന്ന സാഹചര്യത്തിൽ ഇവന്റെ ഡിഎൻഎ സാമ്പിൾ ശേഖരിച്ച് ലാബിൽ ടെസ്റ്റിങ്ങിനയച്ച്, യഥാർത്ഥ ഉടമസ്ഥൻ ആരെന്നുറപ്പിക്കാൻ കാത്തിരിക്കുകയാണ് ഹോഷംഗാബാദ് പൊലീസ് ഇപ്പോൾ.
മൂന്നുമാസം മുമ്പാണ് ഹോഷംഗാബാദിലെ ദേഹാത് പൊലീസ് സ്റ്റേഷനിൽ ശദാബ് ഖാൻ എന്ന ഒരു ജേർണലിസ്റ്റ് തന്റെ നായ്ക്കുട്ടി കൊക്കോയെ കാണാനില്ല എന്ന പരാതി രജിസ്റ്റർ ചെയ്യുന്നത്. ഈ പരാതിയിന്മേൽ പൊലീസ് നടത്തിയ അന്വേഷണങ്ങളിൽ ഒരു തുമ്പും കിട്ടാഞ്ഞപ്പോൾ സ്വന്തം നിലക്കും ശദാബ് ഖാൻ അന്വേഷണങ്ങൾ നടത്തി. ഒടുവിൽ, ഈ നവംബർ 18-ന്, താൻ പ്രദേശത്തെ എബിവിപി നേതാവായ ക്രതീക് ശിവ്ഹരേയുടെ വീട്ടിൽ തന്റെ കൊക്കോയെ കണ്ടെത്തി എന്ന് പൊലീസിനെ അറിയിച്ചു. എന്നാൽ, സ്ഥലത്തെത്തിയ പോലീസിനോട് ശിവ്ഹരെ പറഞ്ഞത് താൻ ഇതാർസിയിൽ നിന്ന് ദിവസങ്ങൾക്കു മുമ്പ് പണം നൽകി വാങ്ങിയതാണ് ഈ നായ്ക്കുട്ടി എന്നും, ഇതിന്റെ പേര് കൊക്കോ എന്നല്ല ടൈഗർ എന്നാണ് എന്നുമാണ്.
അതോടെ പൊലീസ് വെട്ടിലായി. കാരണം കോക്കോ എന്ന് വിളിച്ചാലും ടൈഗർ എന്ന് വിളിച്ചാലും നായ്ക്കുഞ്ഞൻ വാലാട്ടിക്കൊണ്ട് അടുത്തുവരും. ശദാബ് ഖാനോടും ശിവ്ഹരെയോടും അവൻ ഒരേ അടുപ്പമാണ് കാണിക്കുന്നത്. "ഇതിൽ ഏതാണ് നിന്റെ ഉടമ?" എന്ന് ചോദിച്ചാൽ വാ തുറന്നു പറയാൻ നായ്ക്കുട്ടിയെക്കൊണ്ട് കഴിയാത്ത സ്ഥിതിക്ക് വസ്തുത കണ്ടുപിടിക്കുക പൊലീസിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായി മാറി.
വിട്ടുവീഴ്ചക്ക് ഇരു കൂട്ടരും തയ്യാറാകാത്ത സാഹചര്യത്തിലാണ് പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്തി നായ്ക്കുട്ടിയുടെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കാൻ തീരുമാനമെടുത്തത്. ഈ ഒരു പരിഹാരത്തിന് ഇരുകൂട്ടരും തയ്യാറുമാണ്. തന്റെ പട്ടിയുടെ അച്ഛനമ്മമാർ പഞ്ച്മർഹിയിൽ ഉള്ളതാണ് എന്ന ശദാബ് ഖാന്റെ അവകാശവാദത്തെ പിൻപറ്റി, അമ്മപ്പറ്റിയുടെയും ഈ നായ്ക്കുട്ടിയുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചാണ് മാച്ചിങ് നടത്താൻ പോകുന്നത്. എത്രയും പെട്ടെന്ന് ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരുമെന്നും, വിഷയത്തിലെ ആശയക്കുഴപ്പം നീങ്ങുമെന്നുമുള്ള പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് ഇരു കൂട്ടരും ഹോഷംഗബാദ് പൊലീസും ഇപ്പോൾ.