തീപിടുത്തം പതിവായ ഗ്രാമം; ഒടുവിലിതാ വിചിത്രമായ കാരണം പുറത്ത്...
ഒരു മാസത്തോളമായി ഈ ഗ്രാമത്തില്‍ പലപ്പോഴായി തീപിടുത്തമുണ്ടാകുന്നു. ചെറുതോ വലുതോ ആയ തീപിടുത്തങ്ങള്‍ ആവര്‍ത്തിച്ച് വരുമ്പോഴും ഇതിന് പിന്നിലെ കാരണം കണ്ടെത്താൻ ആര്‍ക്കും സാധിച്ചിരുന്നില്ല.
ടെക്നോളജിയുടെയോ സയൻസിന്‍റെയോ വളര്‍ച്ചകള്‍ സമൂഹത്തെയും സംസ്കാരത്തെയുമെല്ലാം നേരിട്ടും അല്ലാതെയും സ്വാധീനിക്കുമെന്ന് നമുക്കറിയാം. ആ അര്‍ത്ഥത്തില്‍ തീര്‍ച്ചയായും പുരോഗമനത്തിന്‍റെ പാതയില്‍ തന്നെയാണ് നമ്മളെല്ലാം എന്ന് പറയാം.
പക്ഷേ അപ്പോള്‍ പോലും പലയിടങ്ങളിലും, പ്രത്യേകിച്ച് രാജ്യത്തെ പല ഉള്‍പ്രദേശങ്ങളിലും അശാസ്ത്രീയമായ പ്രവണതകളും, അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളുമെല്ലാം ആളുകളുടെ നിത്യജീവിതത്തിന് മുകളില്‍ ആധിപത്യം സ്ഥാപിച്ച നിലയില്‍ തന്നെ മുന്നോട്ട് പോകുന്നത് കാണാം.
പലപ്പോഴും വാര്‍ത്തകളിലൂടെയാണ് ഇക്കാര്യങ്ങളെല്ലാം അറിയാനും, ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നമുക്ക് അവസരമുണ്ടാകുന്നത്. സമാനമായ രീതിയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ആന്ധ്ര പ്രദേശിലെ സാനംബട്‍ല എന്നൊരു ഗ്രാമത്തില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത.
ഒരു മാസത്തോളമായി ഈ ഗ്രാമത്തില്‍ പലപ്പോഴായി തീപിടുത്തമുണ്ടാകുന്നു. ചെറുതോ വലുതോ ആയ തീപിടുത്തങ്ങള്‍ ആവര്‍ത്തിച്ച് വരുമ്പോഴും ഇതിന് പിന്നിലെ കാരണം കണ്ടെത്താൻ ആര്‍ക്കും സാധിച്ചിരുന്നില്ല.
വസ്ത്രങ്ങള്‍ കൂടിക്കിടന്ന് കത്തിപ്പിടിക്കുന്നതും വൈക്കോല്‍ കൂന കത്തിപ്പിടിക്കുന്നതുമാണ് പലവട്ടം ഇവിടെ ആവര്‍ത്തിക്കപ്പെട്ടത്. 12 തവണ ഇത്തരത്തിലുള്ള തീപിടുത്തങ്ങളുണ്ടായി. ഇത് പല വീടുകളിലും അവയുടെ പരിസരങ്ങളിലുമായാണ് നടന്നത്.
തീപിടുത്തം തുടര്‍ക്കഥയായതോടെ ഗ്രാമവാസികളെല്ലാം ഭയത്തിലാവുകയും ചിലര്‍ ഇതിനെതിരെ മന്ത്രവാദം വരെ നടത്താൻ മുതിരുകയും ചെയ്തു. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെ സ്ഥലം എംഎല്‍എ വരെ ഗ്രാമവാസികളെ സമാധാനിപ്പിക്കാനായി ഇവിടെയെത്തി. തീപിടുത്തത്തിന്‍റെ കാരണം കണ്ടെത്താൻ അങ്ങനെ ഏവരും ഉറച്ച് മുന്നോട്ടിറങ്ങി.
പൊലീസ് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് പലരെയും ചോദ്യം ചെയ്യുന്ന കൂട്ടത്തിലാണ് തീപിടുത്തത്തിന്‍റെ കാരണം വ്യക്തമായത്. ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയാണ് ഇതിന് പിന്നില്‍.
ഗ്രാമത്തില്‍ നിന്ന് തന്‍റെ കുടുംബം വിട്ടുപോകുന്നതിന് വേണ്ടിയും ഇതിലൂടെ അമ്മയുടെ സ്വഭാവം നന്നായി വരും എന്ന് പ്രതീക്ഷിച്ചുമാണത്രേ പെണ്‍കുട്ടി തുടര്‍ച്ചയായി വസ്ത്രങ്ങള്‍ കൂട്ടിയിട്ടും വൈക്കോല്‍ കൂനയ്ക്കുമെല്ലാം തീയിട്ടത്.
പഠനത്തില്‍ പിന്നാക്കമായിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള വിഷമതകള്‍ മാനസികമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളിലെ സൂചന. ആദ്യമാദ്യം സ്വന്തം വീട്ടില്‍ മാത്രമാണ് തീയിട്ടിരുന്നതെങ്കില്‍ പതിയെ ഇത് അയല്‍വീടുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി നേരത്തെ തന്നെ പ്രതികൂലമായ സാഹചര്യങ്ങളെ മറികടക്കുന്നതിന് എന്തെങ്കിലുമൊക്കെ കത്തിക്കുന്ന ശീലത്തിലേക്ക് എത്തിപ്പെട്ടിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. തന്‍റെ സുഹൃത്ത് പിണങ്ങിയതിന് വരെ പെണ്‍കുട്ടി ഇത്തരത്തില്‍ തീപിടുത്തമുണ്ടാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്തായാലും ഒരു മാസമായി ഗ്രാമത്തില്‍ നീണ്ടുനിന്നിരുന്ന ഭയവും ആശങ്കയും നിഗൂഢതയുമാണ് ഇതോടെ ഒഴിഞ്ഞിരിക്കുന്നത്. ഒപ്പം അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള ശക്തമായൊരു താക്കീത് കൂടിയാവുകയാണ് സംഭവം.
Also Read:- പാതിരാത്രി വീടിന് തീപിടിച്ചു; ദമ്പതികളുടെ ജീവന് രക്ഷയായത് വളര്‍ത്തുനായ്ക്കള്‍