പൊലീസ് എമര്‍ജൻസി നമ്പറിലേക്ക് കുരുന്നിന്‍റെ വിളി; പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ സംഭവിച്ചത്...
ഈ സംഭവം സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായൊരു വീഡിയോയിലുള്ളതാണ്. ഹൃദ്യമായ രംഗം എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്.
പൊലീസിന്‍റെ അടിയന്തര സേവനങ്ങള്‍ക്കായി ബന്ധപ്പെടാൻ നമ്പര്‍ നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ അടിയന്തരസേവനങ്ങള്‍ക്കോ, അത്രയും അത്യാവശ്യങ്ങള്‍ക്കോ മാത്രമേ നമ്മള്‍ ഈ നമ്പറില്‍ ബന്ധപ്പെടൂ, അല്ലേ?
സ്വാഭാവികമായും കോളുകളെത്തുമ്പോള്‍ എമര്‍ജൻസി വിഭാഗത്തിലെ പൊലീസുകാരും അതേ ഗൗരവത്തോടെയാണ് അതിനെ എടുക്കുക. എത്ര ചെറിയ കുഞ്ഞാണ് വിളിക്കുന്നതെങ്കിലും വിവരങ്ങളന്വേഷിച്ച് അപകടമുണ്ടോ ഇല്ലയോ എന്നുറപ്പുവരുത്താനും ആവശ്യമെങ്കില്‍ അവരെ സഹായിക്കാനും പൊലീസ് ബാധ്യസ്ഥരാണല്ലോ.
സമാനമായ രീതിയില്‍ ഫ്ളോറിഡയിലെ പൊലീസ് എമര്‍ജൻസി വിഭാഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കുഞ്ഞിന്‍റെ ഫോണ്‍ കോളെത്തി. എന്താണ് കുഞ്ഞ് പറയുന്നത് എന്നതൊന്നും വ്യക്തമായില്ല. പക്ഷേ പൊലീസ് ഉടൻ തന്നെ നമ്പര്‍ പിന്തുടര്‍ന്ന് കുഞ്ഞ് ഫോണ്‍ ചെയ്ത വീട്ടിലെത്തി.
കോളിംഗ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറന്നത് ഒരു യുവതിയാണ്. ഇവരോട് കാര്യം പറഞ്ഞപ്പോള്‍ ഇവര്‍ ആദ്യം തന്നെ മകനെ പുറത്തേക്ക് വിളിക്കുകയായിരുന്നു. മകൻ അറിയാതെ കോള്‍ ചെയ്തതായിരിക്കുമെന്ന് അപ്പോള്‍ തന്നെ അവര്‍ പറയുന്നുണ്ട്. എങ്കിലും സംശയത്തോടെ പൊലീസ് കുഞ്ഞ് വരാനായി കാത്തുനില്‍ക്കുകയാണ്.
നാലോ അഞ്ചോ വയസ് പരമാവധി പ്രായം തോന്നിക്കുന്നൊരു ആണ്‍കുഞ്ഞ് തുള്ളിച്ചാടി അകത്തുനിന്നും വരുന്നു. തുടര്‍ന്ന് പൊലീസുകാര്‍ ചോദിച്ചപ്പോള്‍ പൊലീസുകാരന്‍റെ ഒരു കെട്ടിപ്പിടുത്തത്തിനായിട്ടാണ് താൻ ഫോണ്‍ ചെയ്തത് എന്നായി കുഞ്ഞ്.
ഇത് കേട്ടതും ദേഷ്യപ്പെടാതെ കുഞ്ഞിനെ ചേര്‍ത്തുപിടിച്ചു പൊലീസുകാരൻ. ശേഷം വളരെ ശാന്തനായി കുഞ്ഞിനോട് എമര്‍ജൻസി നമ്പറെന്നാല്‍ ഇങ്ങനെ വെറുതെ വിളിക്കാനുള്ള സ്ഥലമല്ലെന്നും തനിക്കോ അമ്മയ്ക്കോ എന്തെങ്കിലും അപകടം സംഭവിക്കുമെന്നായാലോ, ആരെങ്കിലും ആക്രമിക്കാനെത്തിയാലോ എല്ലാം വിളിക്കാനുള്ള നമ്പറാണെന്നും പറഞ്ഞുമനസിലാക്കുന്നു.
ഇതിനിടെ മകന്‍റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചുവെന്ന് മനസിലാക്കിയ യുവതി കുഞ്ഞിനോട് സോറി പറയാൻ ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിച്ച് കുഞ്ഞ് പൊലീസിനോട് സോറിയും പറയുന്നു.
ഈ സംഭവം സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായൊരു വീഡിയോയിലുള്ളതാണ്. ഹൃദ്യമായ രംഗം എന്ന അടിക്കുറിപ്പോടെ നിരവധി പേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. അടിയന്തരസേവനങ്ങള്‍ക്ക് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണെങ്കിലും ഒരു കൊച്ചുകുഞ്ഞിന്‍റെ അബദ്ധത്തോട് എത്ര മര്യാദയോടെയും സ്നേഹത്തോടെയുമാണ് അവര്‍ പെരുമാറുന്നത് എന്നാണ് ഏവരും ചൂണ്ടിക്കാട്ടുന്നത്. മാതൃകാപരമായ പ്രവര്‍ത്തിയെന്നും ഇങ്ങനെയാണ് പൊലീസ് പൊതുജനത്തോട് പെരുമാറേണ്ടത് എന്നും പലരും കമന്‍റിലൂടെ പറയുന്നു.
ഏതായാലും വൈറലായ വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ..
Also Read:- മീനുകള്‍ നീന്തുന്ന വെള്ളത്തില്‍ കാലിട്ടിരുന്ന് കാപ്പി കുടിക്കാം; വീഡിയോ വൈറലാകുന്നു...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-