ചുംബിക്കുന്നതിന് മുമ്പ് നടിയോട് അനുവാദം ചോദിച്ചു; വീഡിയോ വൈറലാകുന്നു...
ഇന്ന് ചുംബനത്തെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്ന സാഹചര്യത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ധൈര്യപൂര്‍വ്വം പറയുന്നൊരു നടി കൂടിയാണ് ഹുമ ഖുറേഷി
ഇന്ന് ജൂലൈ 6, ലോക ചുംബന ദിനമാണ്. പ്രണയിതാക്കളുടെ ചുംബനം മാത്രമല്ല- സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും കരുതലിന്‍റെയുമെല്ലാം അടയാളപ്പെടുത്തലായി ചുംബനത്തെ കാണുന്നവരെല്ലാം തന്നെ ഈ ദിനം സന്തോഷപൂര്‍വം ഏറ്റെടുക്കുകയാണ്.
ഇന്ന് ചുംബനത്തെ കുറിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്ന സാഹചര്യത്തില്‍ ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ഒരു വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും ധൈര്യപൂര്‍വ്വം പറയുന്നൊരു നടി കൂടിയാണ് ഹുമ ഖുറേഷി. മുമ്പ് തനിക്കെതിരെ ബോഡി ഷെയിമിംഗ് ഉണ്ടായപ്പോള്‍ ആത്മവിശ്വാസത്തോടെ ഇതിനോടെല്ലാം ഇവര്‍ പ്രതികരിച്ചിരുന്നു. ശരീരവണ്ണത്തിന്‍റെ പേരില്‍ ഒരു വിഭാഗം പേര്‍ ഹുമയ്ക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയിരുന്നത്.
ഇപ്പോള്‍ വൈറലായ വീഡിയോയില്‍ ഹുമയ്ക്കൊപ്പമുള്ളത് ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രമുഖ ഷെഫ് ഗാരി മേഘൻ ആണ്. ഇവര്‍ ഹുമയുടെ പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ കണ്ടുമുട്ടുന്നതാണ് രംഗം. പ്രശസ്തയായ ഷെഫ് തര്‍ല ദലാലിന്‍റെ ജീവിത കഥയാണ് ഹുമയുടെ പുതിയ സിനിമയുടെ പ്രമേയം. ഇതില്‍ തര്‍ലയായാണ് ഹുമ വേഷമിട്ടിരിക്കുന്നത്. ഇങ്ങനെയൊരു സിനിമയായതിനാലാണ് പ്രമോഷൻ പരിപാടിക്ക് വേണ്ടി ഷെഫ് ആയ ഗാരിയെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ക്ഷണിച്ചത്.
ഗാരിയും ഹുമയും കണ്ടുമുട്ടി, പരസ്പരം ആലിംഗനം ചെയ്തുകൊണ്ടാണ് അഭിവാദനം അറിയിക്കുന്നത്. ഇതിനിടെ ഗാരി ഹുമയോട് ചുംബിക്കുന്നതിനായി അനുവാദം ചോദിക്കുന്നുണ്ട്. ഹുമ തുറന്ന ചിരിയോടെ അനുവാദം നല്‍കുകയും ചെയ്യുന്നു. ശേഷം ഗാരി ഇവരുടെ കവിളില്‍ ചുംബിക്കുന്നതും വീഡിയോയില്‍ കാണാം.
പല വിദേശരാജ്യങ്ങളിലും അടുപ്പമുള്ളവര്‍ പരസ്പരം കാണുമ്പോള്‍ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും സാധാരണമായ അഭിവാദന രീതിയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് പതിവല്ല. അതിനാല്‍ തന്നെ വിദേശത്ത് നിന്നുള്ളപല സെലിബ്രിറ്റികളും ഇന്ത്യൻ സെലിബ്രിറ്റികളോട് സ്വാതന്ത്ര്യപൂര്‍വം ഇങ്ങനെ പെരുമാറിയിട്ടുള്ളത് മുൻകാലങ്ങളില്‍ വിവാദം സൃഷ്ടിച്ചിട്ടുള്ളതാണ്.
ഒരുപക്ഷേ ഇക്കാര്യങ്ങളെ കുറിച്ചുള്ള അറിവുള്ളതിനാലാകാം ഗാരി ഹുമയോട് ചുംബിക്കുന്നതിന് പ്രത്യേകമായി അനുവാദം വാങ്ങിയത്. ഏതായാലും ഗാരിയുടെ ഈ പെരുമാറ്റത്തിന് കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഒരു വിദേശിയായിട്ട് പോലും ഇവിടത്തെ സംസ്കാരം മനസിലാക്കി അതിന് അനുസരിച്ച് പെരുമാറാൻ അദ്ദേഹം ശ്രമിച്ചുവെന്നത് അഭിനന്ദനാര്‍ഹമാണെന്ന് നിരവധി പേര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു.
എന്ന് മാത്രമല്ല ഒരു സ്ത്രീയോട് സ്വാതന്ത്ര്യപൂര്‍വം പെരുമാറുമ്പോള്‍ അവരുടെ അനുവാദം വാങ്ങേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ചും നിരവധി പേര്‍ വീഡിയോയുടെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യുന്നു.
വീഡിയോ കാണാം...
Also Read:- ഇന്ന് ലോക ചുംബന ദിനം; എന്താണീ ദിവസത്തിന് പിന്നിലെ കഥയെന്നറിയാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-