വായിക്കാൻ പ്രയാസം, വാഹനങ്ങള്‍ അടുത്തെത്തും വരെ കാണുന്നില്ല; അറിഞ്ഞിരിക്കേണ്ട രോഗലക്ഷണങ്ങള്‍
ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്), ക്യാൻസര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളില്‍ പോലും രോഗം കണ്ടെത്താൻ വൈകുന്നതാണ് പിന്നീട് വലിയ സങ്കീര്‍ണത സൃഷ്ടിക്കുന്നത്.
നിത്യജീവിതത്തില്‍ നമുക്ക് വെല്ലുവിളിയായി വരുന്ന പല ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളുമുണ്ട്. ഇവയില്‍ അടിയന്തരമായി നാം ശ്രദ്ധ നല്‍കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ പ്രശ്നങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ പലപ്പോഴും നമ്മെ ബാധിക്കുന്ന അസുഖങ്ങളെ ലക്ഷണങ്ങള്‍ വച്ച് മനസിലാക്കുന്നതിനോ അതിന് പരിഹാരം കാണുന്നതിനോ വലിയൊരു വിഭാഗം ആളുകള്‍ക്കും കഴിയുന്നില്ല എന്നതാണ് സത്യം.
ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്), ക്യാൻസര്‍ പോലുള്ള ഗുരുതരമായ അവസ്ഥകളില്‍ പോലും രോഗം കണ്ടെത്താൻ വൈകുന്നതാണ് പിന്നീട് വലിയ സങ്കീര്‍ണത സൃഷ്ടിക്കുന്നത്.
ഇത്തരത്തില്‍ പക്ഷാഘാതം അഥവാ സ്ട്രോക്കിന്‍റെ ചില ലക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ന്യൂറോളജിസ്റ്റ് ഡോ. സുധീര്‍ കുമാര്‍ പങ്കുവച്ച തന്‍റെ കേസ് സ്റ്റഡിയാണ് ഇവിടെയും പ്രതിപാദിക്കുന്നത്.
ഡോക്ടറുടെ അടുക്കല്‍ സ്ട്രോക്ക് ബാധിച്ചെത്തിയ രോഗിയില്‍ ആദ്യമായി കണ്ട ലക്ഷണങ്ങളും എന്നാല്‍ ആ ലക്ഷണങ്ങള്‍ ഇദ്ദേഹവും കുടുംബവും എങ്ങനെ ശ്രദ്ധിക്കാതെ കടന്നുപോയി എന്നതിനെ കുറിച്ചുമെല്ലാമാണ് ഡോ. സുധീര്‍ കുമാര്‍ പങ്കുവയ്ക്കുന്നത്.
ആദ്യം അക്ഷരങ്ങള്‍ വായിക്കാനുള്ള പ്രയാസമായിട്ടായിരുന്നുവത്രേ സ്ട്രോക്ക് ലക്ഷണം ഇദ്ദേഹത്തില്‍ പ്രകടമായത്. ഭാര്യ നല്‍കിയ പലചരക്ക് ലിസ്റ്റ് വായിക്കാൻ കഴിയാതിരുന്നതോടെ ഭാര്യയോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. ഇതിന് ശേഷം ഓഫീസില്‍ നിന്ന് വന്നൊരു മെയിലും വായിക്കാൻ കഴിയാതായതോടെ സംശയമായി. ഇതെല്ലാം ഭാര്യ വളരെ വ്യക്തമായി വായിക്കുകയും ചെയ്തു.
തുടര്‍ന്ന് കണ്ണ് ഡോക്ടറെ കണ്ട് പരിശോധിച്ചെങ്കിലും ഇദ്ദേഹത്തിന്‍റെ കാഴ്ചയ്ക്ക് യാതൊരു പ്രശ്നവും സംഭവിച്ചിട്ടില്ല എന്നതായിരുന്നു ഡോക്ടറുടെ നിരീക്ഷണം. അങ്ങനെ ഇദ്ദേഹത്തെ മടക്കി അയക്കുകയും ചെയ്തു.
വീട്ടിലെത്തി, പിന്നീട് ഒരു ദിവസം റോഡ് മുറിച്ചുകടക്കവെ തനിക്ക് നേരെ പാഞ്ഞുവന്ന കാര്‍ ഇദ്ദേഹം കാണാതിരിക്കുകയും തലനാരിഴയ്ക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം കൂടിയായപ്പോള്‍ വീണ്ടും കണ്ണ് ഡോക്ടറെ കാണുകയും ഇക്കുറി ഡോക്ടര്‍ ന്യൂറോളജിസ്റ്റിനെ അത്യാവശ്യമായി കാണാൻ നിര്‍ദേശിക്കുകയും ചെയ്തു.
ന്യൂറോളജിസ്റ്റ് ഇദ്ദേഹത്തിനോട് തന്‍റെ ജോലിയെ കുറിച്ച് എന്തെങ്കിലും എഴുതാനാവശ്യപ്പെട്ടു. അദ്ദേഹമത് ഭംഗിയായി ചെയ്തു. എന്നാല്‍ താൻ എഴുതിയത് വായിക്കാൻ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല. ഇതോടെ എംആര്‍ഐ സ്കാനിംഗിന് ഇദ്ദേഹത്തെ വിധേയനാക്കി. സ്കാനിംഗ് റിസള്‍ട്ടിലാണ് സംഭവം സ്ട്രോക്ക് ആണെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന്‍റെ തലച്ചോറില്‍ രക്തം കട്ട പിടിച്ച് കിടക്കുന്നതാണ് സ്കാനിംഗ് റിപ്പോര്‍ട്ടില്‍ കണ്ടത്.
സ്ട്രോക്ക് എന്നാല്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഭാഗികമായോ പൂര്‍ണമായോ തടസപ്പെട്ട് പോകുന്ന അവസ്ഥയാണ്. ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് ഒരു സ്ട്രോക്ക് പോലും അതിജീവിക്കാൻ സാധിക്കാതെ വരാം. ചിലര്‍ സ്ട്രോക്കില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം. ഇപ്പറഞ്ഞ കേസിലെ പോലെ അത് അറിയാതെ പോലും രക്ഷപ്പെടാം.
എങ്കിലും സ്ട്രോക്ക് വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. സ്ട്രോക്കില്‍ നിന്ന് രക്ഷപ്പെട്ടാലും ബാക്കിയാകുന്ന തലച്ചോറിലെ പ്രശ്നങ്ങളും ഒട്ടും നിസാരമല്ല. പെരുമാറ്റ പ്രശ്നങ്ങള്‍, ശരീരം തളര്‍ന്നുപോകുന്ന അവസ്ഥ, സംസാരശേഷി നഷ്ടമാകുന്ന അവസ്ഥ തുടങ്ങി പല ഗൗരവമുള്ള പ്രശ്നങ്ങളും സ്ട്രോക്ക് മൂലമുണ്ടാകാം.
മുഖപേശികള്‍ പെട്ടെന്ന് തളര്‍ന്നുപോവുക, കോടിപ്പോവുക, കാലുകള്‍ തളര്‍ന്നുപോവുക, പെട്ടെന്ന് വീണുപോവുക, സംസാരിക്കാനോ ചലിക്കാനോ ഉള്ള പ്രയാസം, കാഴ്ചാപ്രശ്നങ്ങള്‍, ബാലൻസ് തെറ്റുന്ന അവസ്ഥ, ചിന്തകളില്‍ പ്രശ്നം എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം സ്ട്രോക്കിനെ സൂചിപ്പിക്കുന്നതാണ്.
Also Read:- പുകവലി ശ്വാസകോശത്തെ മാത്രമല്ല ബാധിക്കുന്നത്; പുകവലിയുണ്ടാക്കുന്ന മറ്റ് പ്രശ്നങ്ങള്‍