'ഫോണ്‍ ഉപയോഗിച്ച് ഒരുപാട് കാലം കഴിയുമ്പോള്‍ മനുഷ്യര്‍ എത്തുന്ന അവസ്ഥ'; കാര്‍ട്ടൂണ്‍ ശ്രദ്ധേയമാകുന്നു
നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോണ്‍ ഉപയോഗിച്ച ശേഷം പിന്നീട് ഇത് മാറ്റിവച്ചുകൊണ്ട് മറ്റ് കാര്യങ്ങള്‍ക്കായി സമയം നീക്കിവയ്ക്കാനും വേണമെങ്കില്‍ നമുക്ക് സാധിക്കും. മണിക്കൂറുകളോളം ഫോണ്‍ പിടിച്ചിരിക്കുന്നത് തീര്‍ച്ചയായും നമ്മളില്‍ കാലക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ഇന്ന് ഫോണ്‍ മാറ്റിവച്ചുകൊണ്ട് ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അത്രയും അവിഭാജ്യഘടകമായി ഇത് മാറിയിരിക്കുന്നു. മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഠനം, ജോലി തുടങ്ങി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാൻ പോയാല്‍ പോലും ഫോണില്ലാതെ ഇടപാടുകള്‍ നടക്കാത്ത സാഹചര്യമാണ്.
'സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ' അഥവാ ഫോണുകളോട് കീഴ്പ്പെട്ട് ജീവിക്കുന്ന അവസ്ഥ ഇല്ലാത്തവരായി ആരുണ്ട് എന്ന് നോക്കിയാല്‍ മതി. അത്രയധികം വ്യാപകമാണ് ഈ 'അഡിക്ഷൻ'. എന്നാല്‍ കാലം ആവശ്യപ്പെടുന്നൊരു സൗകര്യം തന്നെയാണിത്. അതിനാല്‍ തന്നെ ഫോണുപയോഗം വേണ്ടെന്ന് വയ്ക്കാനാകില്ല.
അതേസമയം നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഫോണ്‍ ഉപയോഗിച്ച ശേഷം പിന്നീട് ഇത് മാറ്റിവച്ചുകൊണ്ട് മറ്റ് കാര്യങ്ങള്‍ക്കായി സമയം നീക്കിവയ്ക്കാനും വേണമെങ്കില്‍ നമുക്ക് സാധിക്കും. മണിക്കൂറുകളോളം ഫോണ്‍ പിടിച്ചിരിക്കുന്നത് തീര്‍ച്ചയായും നമ്മളില്‍ കാലക്രമേണ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള പഠനങ്ങളും ഏറെ വന്നിട്ടുണ്ട്.
ഇപ്പോഴിതാ 2012ല്‍ പുറത്തിറങ്ങിയ ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. വ്യവസായിയായ ആനന്ദ് മഹീന്ദ്രയാണ് 'ബിസാറോ കോമിക്സി'ന്‍റെ കാര്‍ട്ടൂണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. 'നഴ്സിംഗ് ഹോം ഇൻ എ പോസ്റ്റ്- ടെക്സ്റ്റിംഗ് വേള്‍ഡ്' എന്നാണ് കാര്‍ട്ടൂണിന്‍റെ പേര്.
ടെക്സ്റ്റിംഗ് അല്ലെങ്കില്‍ ചാറ്റിംഗ്- സോഷ്യല്‍ മീഡിയ ഉപയോഗം- സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷനെല്ലാം ദീര്‍ഘകാലം കഴിയുമ്പോള്‍ മനുഷ്യനെ ശാരീരികമായി എങ്ങനെ ബാധിക്കുമെന്നാണ് കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത്. പ്രായമായ രണ്ട് പുരുഷന്മാരും ഒരു പ്രായമായ സ്ത്രീയുമാണ് കാര്‍ട്ടൂണ്‍ ചിത്രത്തിലുള്ളത്. മൂവരുടെയും കഴുത്തും തലയുമെല്ലാം മൊബൈലിലേക്ക് നോക്കിയിരിക്കുന്ന രീതിക്ക് അനുസരിച്ച് കുനിഞ്ഞുപോയിരിക്കുന്നു.
കൈകളില്‍ ഫോണ്‍ ഇല്ലാതിരുന്നിട്ടും വിടര്‍ത്തിയ കൈകളിലേക്ക് തന്നെ നോക്കിയിരിക്കുന്നത് മാനസികമായി ബാധിക്കപ്പെട്ടതിന്‍റെ കൂടെ സൂചനയാകാം. അതീവക്ഷീണിതരും ആരോഗ്യപരമായി പല പ്രയാസങ്ങളും അനുഭവിക്കുന്നവരായി മനുഷ്യര്‍ മാറുന്നതിന്‍റെ സൂചനകളും ചിത്രം കാണിച്ചിരിക്കുന്നു.
'നിരാശപ്പെടുത്തുന്നൊരു' ചിത്രം തന്നെയാണിതെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. ഈ ട്വീറ്റിന് ശേഷം താനും ഫോണ്‍ മാറ്റിവയ്ക്കുന്നു. ഈ ഞായറാഴ്ച എങ്കിലും തല ഉയര്‍ത്തി ചെലവിടട്ടെ എന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. നിരവധി പേരാണ് ട്വീറ്റിന് പ്രതികരണമറിയിച്ചിരിക്കുന്നത്. ഏറെ പ്രാധാന്യമുള്ള വിഷയമാണ് കാര്‍ട്ടൂണിലുള്ളതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പേ വന്നതാണെങ്കില്‍ കൂടി ഇപ്പോഴും ഇതിന്‍റെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്നും ഏവരും കുറിച്ചിരിക്കുന്നു.
Also Read:- കുട്ടികള്‍ ഇനി ഫോണ്‍ ഉപയോഗിക്കേണ്ട, ചെയ്താല്‍ പിഴ; വിചിത്രമായ തീരുമാനവുമായി ഒരു ഗ്രാമം