എന്താണ് 'ബേണ്‍ ഔട്ട്'? കാരണങ്ങളും ലക്ഷണങ്ങളും
ജോലിയില്‍ അമിതമായി സമയം ചിലവഴിക്കുന്നവര്‍, സെലിബ്രിറ്റികള്‍, ജോലിയും-കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തവര്‍ എന്നിവരില്‍ മാത്രമല്ല വീട്ടമ്മാരില്‍ വരെ ഈ മാനസികാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
'ബേണ്‍ ഔട്ട്' (Burnout) എന്ന അവസ്ഥയെകുറിച്ച് ആദ്യമായി പറഞ്ഞ അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ഹെർബെർട്ട് ഫ്രൂഡെൻബെർഗർ സ്വന്തം ആവശ്യങ്ങൾക്കായുള്ള സമയത്തിനു പ്രാധാന്യം നൽകാതെ സദാ കർമ്മനിരതര്‍ ആയിരിക്കേണ്ട ജോലി മേഘലയിൽ പ്രവർത്തിക്കുന്ന ആളുകളില്‍ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ എന്നാണ് ഇതിനെപ്പറ്റി പറഞ്ഞത്.
എന്നാല്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ സ്വന്തം ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും ഒന്നും പ്രാധാന്യം കൊടുക്കാതെ സദാ മറ്റുള്ളവരുടെ സന്തോഷത്തിനും ഇഷ്ടങ്ങൾക്കും മാത്രം മുൻഗണം കൊടുക്കേണ്ടി വരുന്ന ആളുകളില്‍ മനസ്സു തളർന്ന്, മടുപ്പനുഭവപ്പെടുന്ന, പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരുന്ന ‘ബേണ്‍ ഔട്ട്’ എന്ന അവസ്ഥ കണ്ടുവരുന്നു.
ജോലിയില്‍ അമിതമായി സമയം ചിലവഴിക്കുന്നവര്‍, സെലിബ്രിറ്റികള്‍, ജോലിയും-കുടുംബവും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയാത്തവര്‍ എന്നിവരില്‍ മാത്രമല്ല വീട്ടമ്മാരില്‍ വരെ ഈ മാനസികാവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
‘നോ’ പറയാനാവാതെ എല്ലാ കമ്മിറ്റ്മെന്റുകളും പാലിക്കാന്‍ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ നീണ്ടകാലം മുന്നോട്ടു പോകുന്നത് ഈ അവസ്ഥയിലേക്കു നയിച്ചേക്കാം. പലപ്പോഴും ശാരീരിക രോഗങ്ങളുടെ ലക്ഷങ്ങളായി പുറമേ തോന്നാമെങ്കിലും മനസ്സു മടുത്ത അവസ്ഥയാകാം ഇതിനു കാരണം.
മനസ്സു മരവിച്ച അവസ്ഥ, എല്ലാവരില്‍ നിന്നും അകലം പാലിക്കുക എന്നിവയാകും ആ വ്യക്തിക്കുണ്ടാവുക. ഒരു കാര്യത്തിലും ശ്രദ്ധയും താല്പര്യവും ഇല്ലാതാവുക, സർഗാത്മകത ഇല്ലാതെയാവുക എന്നിവയില്‍ തുടങ്ങി ക്ഷീണം, ശരീരവേദന, ഉദരസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയായും ഒക്കെ ലക്ഷണങ്ങള്‍ പ്രകടമായേക്കാം.
ഓഫീസിലും വീട്ടിലും എല്ലാ ദിവസവും നിർവഹിച്ച് കൊണ്ടിരുന്ന ഉത്തരവാദിത്വങ്ങളെയും കുടുംബാംഗങ്ങളുമായുള്ള വൈകാരിക ബന്ധത്തെയും എല്ലാം ഇതു ദോഷകരമായി ബാധിക്കും.
ബേണ്‍ ഔട്ടും വിഷാദവും...
വിഷാദരോഗത്തിലും ബേണ്‍ ഔട്ടായ അവസ്ഥയിലും ഒരേ പോലെ കാണാന്‍ കഴിയുന്ന ചില ലക്ഷണങ്ങളാണ് സങ്കടം, മനസ്സു തളർന്ന അവസ്ഥ, ജോലിയില്‍ ശ്രദ്ധയില്ലാതെയാവുക എന്നിവ. ബേണ്‍ ഔട്ട് അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് ജോലിയില്‍ നിന്നും കുറച്ചു ദിവസം ലീവ് എടുക്കുന്നതും യാത്ര പോകുന്നതും ഒക്കെ ഗുണം ചെയ്യും.
എന്നാല്‍ തീവ്രമായ വിഷാദത്തിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിക്ക് ഇത്തരം മാർഗങ്ങൾ കൊണ്ടുമാത്രം മാറ്റങ്ങള്‍ വരണം എന്നില്ല. ബേണ്‍ ഔട്ടിലൂടെ കടന്നുപോകുന്ന വ്യക്തിക്ക് ജോലിയും അമിത ഉത്തരവാദിത്വങ്ങളും മാത്രമായിരിക്കും മനസ്സിന് സമ്മര്ദ്ദം ഉണ്ടാക്കുന്നത്.
എന്നാല്‍ വിഷാദത്തില്‍ ആയിരിക്കുന്ന ഇയാൾക്ക് സ്വയം വിലയില്ലയ്മയും ജീവിതത്തില്‍ ആകമാനം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയും ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും ഒക്കെ ഉണ്ടായിരിക്കും. ബേണ്‍ ഔട്ട് അനുഭവപ്പെടുന്ന ഒരു വ്യക്തിയ്ക്ക് വിഷാദം (ഡിപ്രഷന്‍) ഉണ്ടാകണം എന്നില്ല. എന്നാല്‍ ബേണ്‍ ഔട്ട് നീണ്ടകാലം പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നത് വിഷാദരോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
തയ്യാറാക്കിയത്:
പ്രിയ വർഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, Near TMM Hospital, തിരുവല്ല
Consultant at Zoho
For appointmentscall: 8281933323
നല്ല വൈകാരിക ബന്ധം സാധ്യമാകാത്ത അവസ്ഥ; ചെറുപ്പകാലത്തെ മാനസികാഘാതം എത്രമാത്രം കാരണമായേക്കാം