ട്രാഫിക് പൊലീസിന്‍റെ 'വറൈറ്റി' സൈൻബോര്‍ഡ്; സംഭവം 'ഹിറ്റ്' അടിച്ചൂ...

സംഗതി ബോര്‍ഡിന്‍റെ അടുത്ത് വന്ന് നോക്കുമ്പോഴാണ് നമുക്ക് മനസിലാവുക. നമ്മള്‍ നേരത്തെ വായിച്ച ഓരോ വാക്കിന് താഴെയും ചെറിയ അക്ഷരത്തില്‍ വേറയും വാക്കുകളുണ്ട്

bengaluru traffic sign board going viral as it shows a variety dialogue

റോഡില്‍ അപകടങ്ങളോ വലിയ ട്രാഫിക് കുരുക്കുകളോ ഒഴിവാകണമെങ്കില്‍ ജനം നിര്‍ബന്ധമായും ട്രാഫിക് നിയമങ്ങള്‍ പാലിച്ചേ മതിയാകൂ. എന്നാല്‍ പലരും നിയമം തെറ്റിച്ചാണ് റോഡില്‍ വാഹനമോടിക്കുക എന്നതാണ് സത്യം. പലര്‍ക്കും ഈ നിയമലംഘനം ഒരു ശീലമാണെന്ന് പറയാം. ചിലര്‍ സാഹചര്യങ്ങള്‍ മൂലം നിയമം ലംഘിക്കാം. എങ്ങനെ ആയാലും അത് നിയമലംഘനം തന്നെ. 

ഫൈൻ അടക്കമുള്ള നിയമനടപടി നേരിടുന്നത് മാത്രമല്ല, നമ്മുടെയൊരു അശ്രദ്ധ ഒരുപക്ഷേ നമുക്കോ കൂടെയുള്ളവര്‍ക്കോ എല്ലാം വലിയ വിനയാകുന്ന- അപകടമാകുന്ന അവസ്ഥ കൂടി ഇതിലുണ്ട്. അതിനാല്‍ ട്രാഫിക് നിയമങ്ങള്‍ പരമാവധി പാലിച്ച് വേണം നാം മുന്നോട്ട്പോകാൻ. പലപ്പോഴും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ ഉത്സാഹിച്ച് ഈ വിഷയങ്ങളില്‍ അവബോധം നടത്താറുണ്ട്.

ഇത്തരത്തിലിപ്പോള്‍ ബംഗലൂരു നഗരത്തില്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ചിരിക്കുന്നൊരു സൈൻബോര്‍ഡിലെ എഴുത്താണ് ഏറെ ശ്രദ്ധേയമാകുന്നത്. ആരോ ഫോണില്‍ പകര്‍ത്തിയ, ഇതിന്‍റെ ഫോട്ടോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. 

ഒറ്റനോട്ടത്തില്‍ ഇതില്‍ എഴുതിയിരിക്കുന്നത് വായിച്ചാല്‍ ആര്‍ക്കായാലും ആശയക്കുഴപ്പം തോന്നാം. 'ഫോളോ സംവണ്‍ ഹോം' എന്നാണിത് വായിക്കപ്പെടുക. താഴെ ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുക എന്നും കാണാം. ഇതെന്താണ് ഇങ്ങനെ എഴുതിവച്ചിരിക്കുന്നത് എന്ന ചിന്ത സ്വാഭാവികമായും വരാം. ആരുടെയെങ്കിലും പിറകെ പോകാൻ ആണോ ഇപ്പറഞ്ഞിരിക്കുന്നത് എന്നെല്ലാം ശങ്കിക്കാം. 

സംഗതി ബോര്‍ഡിന്‍റെ അടുത്ത് വന്ന് നോക്കുമ്പോഴാണ് നമുക്ക് മനസിലാവുക. നമ്മള്‍ നേരത്തെ വായിച്ച ഓരോ വാക്കിന് താഴെയും ചെറിയ അക്ഷരത്തില്‍ വേറയും വാക്കുകളുണ്ട്. 'ഫോളോ ട്രാഫിക് റൂള്‍സ് സംവണ്‍ ഈസ് വെയിറ്റിംഗ് അറ്റ് ഹോം ഫോര്‍ യൂ' എന്നാണിത് മുഴുവനായി വായിക്കേണ്ടത്.

ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി തന്നെയാകണം ഇങ്ങനെയൊരു ബോര്‍ഡ് ഡിസൈൻ ചെയ്തത്. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് പറയാം. അതേസമയം എന്താണ് ഈ ബോര്‍ഡ് കൊണ്ട് ലക്ഷ്യമിടുന്നത് എങ്കില്‍ ആ ലക്ഷ്യം ഇതുകൊണ്ട് നടപ്പിലാകില്ല എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കാരണം ഇതിലെ ചെറിയ അക്ഷരങ്ങള്‍ വളരെ അടുത്ത് പോകുമ്പോള്‍ മാത്രമേ കാണുന്നുള്ളൂവെന്നും ഇവര്‍ പറയുന്നു. ഇനി അസാധാരണമായ 'ഡയലോഗ്' നോക്കി ആരുടെയെങ്കിലും ശ്രദ്ധ ഡ്രൈവിംഗില്‍ നിന്ന് മാറി, അപകടം വല്ലതും സംഭവിക്കുമോയെന്ന പേടിയുണ്ടെന്നും ചിലര്‍ പരിഹാസരൂപത്തില്‍ പറയുന്നു.

Also Read:- വ്യത്യസ്തനായൊരു ഹെയര്‍ സ്റ്റൈലിസ്റ്റ്; വീഡിയോ ശ്രദ്ധിക്കപ്പെടുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios