'വീട്ടുജോലിക്കാര്‍ താമസക്കാര്‍ ഇരിക്കുന്ന സോഫയിലും പാര്‍ക്കിലും ഇരിക്കരുത്'; വിവാദമായി സര്‍ക്കുലര്‍

ഏത് ജോലി ചെയ്യുന്നവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ആരും ആരെക്കാളും മോശമല്ലെന്നും കരുതുവാനും അങ്ങനെ പെരുമാറുവാനും ഇന്ന് ഒരുപാട് പേര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് കഴിയുന്നുണ്ട്. പക്ഷേ അപ്പോള്‍ പോലും സ്വയം തിരുത്താനോ, മുന്നേറാനോ കഴിയാത്തവര്‍ ഒരു വിഭാഗം നമുക്കിടയില്‍ അവശേഷിക്കുന്നുണ്ട്.

bengaluru housing societys circular insists maid to use only waiting rooms sets controversy hyp

ജോലിയോ വിദ്യാഭ്യാസമോ ആയി ബന്ധപ്പെട്ട് തിരക്കോടെ മുന്നോട്ട് പോകുന്നവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് വീട്ടുജോലിക്കാര്‍. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജോലി ചെയ്യാൻ പ്രയാസമനുഭവിക്കുന്നവര്‍ക്കും ആശ്രയമാണ് വീട്ടുജോലിക്കാര്‍. എന്നാല്‍ വീട്ടുജോലി ചെയ്യുന്ന ആളുകളോട് മുൻകാലങ്ങളില്‍ പൊതുവില്‍ മറ്റുള്ളവര്‍ കാണിച്ചുവന്നിട്ടുള്ളൊരു വേര്‍തിരിവിനെ കുറിച്ച് ഏവര്‍ക്കുമറിയാവുന്നതാണ്.

എല്ലാവരും അങ്ങനെയാണെന്നല്ല, പൊതുവില്‍ അത്തരത്തിലൊരു മാറ്റിനിര്‍ത്തല്‍ വീട്ടുജോലിക്കാരോട് കാണിക്കുന്നവര്‍ ഏറെയായിരുന്നു. എന്നാലിന്ന് കാലം മാറി. ഒരുപാട് പേര്‍ ഇത്തരത്തിലുള്ള ഇടുങ്ങിയ ചിന്താഗതിയില്‍ നിന്നെല്ലാം മോചിതരായി. ഏത് ജോലി ചെയ്യുന്നവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ആരും ആരെക്കാളും മോശമല്ലെന്നും കരുതുവാനും അങ്ങനെ പെരുമാറുവാനും ഇന്ന് ഒരുപാട് പേര്‍ക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് കഴിയുന്നുണ്ട്.

പക്ഷേ അപ്പോള്‍ പോലും സ്വയം തിരുത്താനോ, മുന്നേറാനോ കഴിയാത്തവര്‍ ഒരു വിഭാഗം നമുക്കിടയില്‍ അവശേഷിക്കുന്നുണ്ട്. ഇതിന് തെളിവാണിപ്പോള്‍ ബംഗലൂരുവില്‍ നിന്നെത്തുന്ന ഒരു വാര്‍ത്ത.

ബംഗലൂരുവിലെ ഒരു ഹൗസിംഗ് സൊസൈറ്റി അവരുടെ ബില്‍ഡിംഗില്‍ വീട്ടുജോലിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന പേരിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതാണ്. എന്നാലീ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നമ്മള്‍ നേരത്തെ സംസാരിച്ചത് പോലെ മുൻകാലങ്ങളില്‍ വീട്ടുജോലി ചെയ്യുന്നവരോട് കാണിച്ചിരുന്ന വേര്‍തിരിവിനെ തന്നെയാണ് പ്രകടമാക്കുന്നത്. 

വീട്ടുജോലിക്കാര്‍ ഫ്ലാറ്റിലെ താമസക്കാര്‍ ഇരിക്കുന്ന പാര്‍ക്കിലോ, മറ്റ് വിനോദങ്ങള്‍ക്കുള്ള ഏരിയകളിലോ വന്നിരിക്കരുത്. അത് താമസക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. വീട്ടുജോലിക്കാര്‍ ഇരിക്കുന്നതിനാല്‍ കോമ്മണ്‍ ഏരിയകളിലെ സോഫകളില്‍ ഇപ്പോള്‍ ആരും ഇരിക്കാതായിരിക്കുന്നു. വീട്ടുജോലിക്കാര്‍, ആശാരിമാര്‍, പ്ലംബര്‍മാര്‍ തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ റിസപ്ഷനിലെ സോഫയിലിരിക്കുന്നു. ഇവരെല്ലാം ഇവരുടെ ഫ്രീ സമയങ്ങളിലോ ബ്രേക്കുകളിലോ വെയിറ്റിംഗ് മുറിയില്‍ തന്നെ ഇരിക്കുക. ഭക്ഷണം കഴിക്കാനും വെയിറ്റിംഗ് മുറി തന്നെ ഉപയോഗിക്കുക. ഇതെല്ലാം എപ്പോഴും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ശ്രദ്ധിക്കാൻ സാധിക്കുന്നില്ല- ഇതായിരുന്നു സര്‍ക്കുലര്‍. 

ഇത് ഫ്ലാറ്റില്‍ പതിപ്പിച്ചതാണ്. ബംഗലൂരുവില്‍ താമസിക്കുന്ന വിബിൻ ബാബുരാജൻ എന്നയാളാണ് ഈ സര്‍ക്കുലറിന്‍റെ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവച്ചത്. സംഭവം ചുരുങ്ങിയ സമയത്തിനകം തന്നെ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു.

വീട്ടുജോലിക്കാരെ കാണുന്നത് ഇത്രയും ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അവര്‍ സ്വന്തം പാത്രം കഴുകുകയും സ്വന്തമായി തുണയിലക്കുകയും പാചകം ചെയ്യുകയും ചെയ്യട്ടെയെന്ന് രോഷത്തോടെ പ്രതികരിക്കുകയാണ് മിക്കവരും. എല്ലാവരും മനുഷ്യരാണ്, ഇങ്ങനെ ചിന്തിക്കുന്നത് വംശീയതയാണെന്നും ഇന്നത്തെ കാലത്തിന് യോജിക്കുന്നതല്ല ഈ ചിന്താഗതിയെന്നും ചിലര്‍ ആശയപരമായി വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നു. എന്തായാലും സര്‍ക്കുലറും അതിറക്കിയവരും വിവാദത്തിലായി എന്ന് ചുരുക്കം. 

 

Also Read:- 'തൊപ്പി'യെ പോലൊരു വ്യക്തിയെ ആരാധിക്കുന്നവര്‍ അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios