മുഖത്ത് തൈര് ഇങ്ങനെ ഉപയോഗിക്കൂ; അറിയാം ഈ അത്ഭുത ഗുണങ്ങള്‍...
ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും പ്രതിരോധശേഷി കൂട്ടാനുമൊക്കെ തൈര് കഴിക്കുന്നത് നല്ലതാണ്.
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി നിരവധി അവശ്യ പോഷകങ്ങൾ അടങ്ങിയ തൈര് ഒരു മികച്ച പ്രോബയോട്ടിക് ആണ്. ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും അസിഡിറ്റിയെ തടയാനും പ്രതിരോധശേഷി കൂട്ടാനുമൊക്കെ തൈര് കഴിക്കുന്നത് നല്ലതാണ്.
ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തൈര് നല്ലതാണ്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കം കൊണ്ടുവരുകയും, കരുവാളിപ്പ് മാറ്റുകയും, കറുത്ത പാടുകളെ അകറ്റുകയും ചെയ്യും. തൈരില്‍ അടങ്ങിയിരിക്കുന്ന സിങ്കും കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. തൈരിലെ ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ മുഖക്കുരുവിനെ തടയാനും സഹായിക്കും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ ചുളിവുകളെ അകറ്റാനും സഹായിക്കും.
മുഖത്തെ കരുവാളിപ്പ് മാറാന്‍ ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും. കൂടാതെ രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. അതുപോലെ തന്നെ കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും.
രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മുതല്‍ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Also read: മുഖത്തെ പ്രായക്കൂടുതലിനെ തടയാന്‍ കഴിക്കാം ഹൈലൂറോണിക് ആസിഡ് അടങ്ങിയ ഈ ഭക്ഷണങ്ങൾ...