ചൂട്, അമിതഭാരം, ചെറിയ റണ്‍വേ; ടേക്ക് ഓഫ് ചെയ്യാന്‍ 20 പേരോട് വിമാനത്തില്‍ നിന്നിറങ്ങാൻ ആവശ്യപ്പെട്ട് പൈലറ്റ്
നിറയെ യാത്രക്കാരുള്ളതിനാല്‍ അമിത ഭാരമുണ്ടെന്നും ഈ അവസ്ഥയില്‍ കനത്ത കാറ്റിലും ചൂടിലും ചെറിയ റണ്‍വേയിലൂടെ ടേക്ക് ഓഫ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പൈലറ്റ് അറിയിച്ചത്. സ്വമേധയാ മുന്നോട്ട് വരുന്നവര്‍ക്ക് ഓഫറും നല്‍കിയിരുന്നു.
ലിവര്‍പൂള്‍: ചെറിയ റണ്‍വേയിലൂടെ നിറയെ ആളുള്ള വിമാനവുമായി പ്രതികൂല കാലാവസ്ഥയ്ക്കിടെ ടേക്ക് ഓഫ് ചെയ്യാന്‍ യാത്രക്കാരുടെ സഹകരണം തേടി പൈലറ്റ്. ലാന്‍സരോട്ടയില്‍ നിന്ന് ലിവര്‍പൂളിലേക്കുള്ള യാത്രയ്ക്ക് മുന്‍പാണ് യാത്രക്കാരുടെ സഹായം തേടി പൈലറ്റ് എത്തിയത്. ലാന്‍സരോട്ടയിലെ കാലാവസ്ഥയും കാറ്റും ടേക്ക് ഓഫിന് അനുകൂലമല്ലെന്ന് വ്യക്തമാക്കിയ ശേഷമാണ് അന്നേ ദിവസം ലിവര്‍പൂളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ തയ്യാറായ 20 പേരെ പൈലറ്റ് അന്വേഷിക്കുന്നത്.
വിമാനത്തില്‍ നിലവിലുള്ള ആളുകളുമായി ടേക്ക് ഓഫ് ചെയ്യുന്നതിലുള്ള അപകട സാധ്യത മുന്നില്‍ കണ്ടായിരുന്നു ക്യാപ്റ്റന്‍റെ ആവശ്യം. വിമാനത്തില്‍ നിറയെ യാത്രക്കാരുള്ളതിനാല്‍ അമിത ഭാരമുണ്ടെന്നും ഈ അവസ്ഥയില്‍ കനത്ത കാറ്റിലും ചൂടിലും ചെറിയ റണ്‍വേയിലൂടെ ടേക്ക് ഓഫ് ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് പൈലറ്റ് അറിയിച്ചത്. സ്വമേധയാ മുന്നോട്ട് വരുന്നവര്‍ക്ക് ഓഫറും നല്‍കിയിരുന്നു. സുരക്ഷയ്ക്ക് പ്രാഥമിക പരിഗണന നല്‍കുന്നത് മൂലമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നതെന്നും സാങ്കേതിക വശം വ്യക്തമാക്കി പൈലറ്റ് പറയുന്നു.
ഇരുപത് പേര്‍ ഇന്ന് ലിവര്‍പൂളിലേക്കുള്ള യാത്ര ഒഴിവാക്കിയാല്‍ അവര്‍ക്ക് ഈസിജെറ്റ് 45000 രൂപ വരെ നല്‍കുമെന്നാണ് പൈലറ്റ് വ്യക്തമാക്കിയത്. പൈലറ്റ് സാങ്കേതിക വശം യാത്രക്കാരോട് സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൈലറ്റിന്‍റെ ഓഫര്‍ സ്വീകരിച്ച് 19 പേര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറായിയെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം