ചർമ്മത്തിന്‍റെയും തലമുടിയുടെയും സംരക്ഷണത്തിനായി നാരങ്ങയും തേനും; ഉപയോഗിക്കേണ്ടത് ഇങ്ങനെ...
മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നതാണ് തേന്‍. നാരങ്ങയിലുള്ള സിട്രിസ് ആസിഡ് മുഖക്കുരുവിനു കാരണമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും.
ചർമ്മം ആരോഗ്യമുള്ളതും തിളക്കമുള്ളതുമായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ ചര്‍മ്മ സംരക്ഷണത്തിന് വേണ്ടത്ര പ്രാധാന്യം പലരും നല്‍കുന്നില്ല. വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്ന ചില മാസ്‌ക്കുകളിലൂടെ മുഖകാന്തി വര്‍ദ്ധിപ്പിക്കാനും തലമുടി സംരക്ഷിക്കാനും കഴിയും.
ഇതിനായി വേണ്ടത് നമ്മുടെ അടുക്കളയില്‍ സ്ഥിരം കാണുന്ന തേനും നാരങ്ങയും മാത്രമാണ്. മുഖം തിളങ്ങാനും ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നതാണ് തേന്‍. തേൻ സ്വാഭാവികമായും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളാൽ നിറഞ്ഞിട്ടുള്ളതാണ്. മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇവയ്ക്ക് കഴിയും.
അതുപോലെ തന്നെ, നാരങ്ങയിലുള്ള സിട്രിസ് ആസിഡ് മുഖക്കുരുവിനു കാരണമായ ബാക്ടീരിയയെ ഇല്ലാതാക്കുകയും, ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും. തേനും, നാരങ്ങയും കൂടി ചേരുമ്പോള്‍ ഒരു മികച്ച സ്വാഭാവിക മോയിസ്ചറൈസറാണ് ഉടലെടുക്കുന്നത്.
പ്രകൃതിദത്തമായതിനാൽ തേന്‍, നാരങ്ങ എന്നിവ കൊണ്ടുള്ള പാക്കുകള്‍ക്ക് യാതൊരു പാർശ്വഫലങ്ങളുമുണ്ടാകില്ല. ഇവ കൊണ്ടുള്ള ചില പൊടിക്കൈകള്‍ ആണ് ഇവിടെ പറയുന്നത്.
ഒന്ന്...
ചെറുനാരങ്ങ മുറിച്ചത് തേനില്‍ മുക്കുക. ശേഷം ഇത് ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. ഇത് ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും.
രണ്ട്...
രണ്ട് ടീസ്പൂണ്‍ തേനും, ഒരു ടീസ്പൂണ്‍ നാരങ്ങാനീരും സംയോജിപ്പിക്കുക. ശേഷം ഇത് മുഖക്കുരുവുള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിന് പരിഹാരമാവാന്‍ ഈ മിശ്രിതം സഹായിക്കും.
മൂന്ന്...
മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ഈ തേന്‍- നാരങ്ങ മിശ്രിതം സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനും, ഒരു സ്പൂണ്‍ നാരങ്ങാനീരും മിശ്രിതമാക്കുക. ശേഷം മുഖത്ത് പുരട്ടാം. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഏറ്റവും മികച്ചതാണ് നാരങ്ങാ തേന്‍ പാക്ക്. ഇതിനായി രണ്ട് ടീസ്പൂണ്‍ തേനും, ഒരു ടീസ്പൂണ്‍ നാരങ്ങാനീരും, രണ്ട് സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം മുഖത്ത് സ്‌ക്രബ് ചെയ്യാം.
അഞ്ച്...
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാന്‍ തേനും നാരങ്ങാനീരും ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യാം.
ആറ്...
താരന്‍ ആണ് പലരുടെയും പ്രധാന പ്രശ്നം. താരന്‍ അകറ്റാനും നാരങ്ങയും തേനും സഹായിക്കും. ഇതിനായി ഒരു ടീസ്പൂണ്‍ നാരങ്ങാനീരും തേനും വെളിച്ചെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
Also Read: വേനൽച്ചൂടില്‍ ചര്‍മ്മത്തിന് വേണം സ്പെഷ്യല്‍ സംരക്ഷണം; അടുക്കളയിലുണ്ട് പരിഹാരം!