ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റ് കുഞ്ഞ് മരിച്ച സംഭവം; ചാര്‍ജറുപയോഗിക്കുമ്പോള്‍ നോക്കണേ...
ഒരു വീട്ടില്‍ വലിയൊരു ദുരന്തമുണ്ടാക്കാൻ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വലിയൊരു പരിധി വരെ മൊബൈല്‍ ചാര്‍ജറില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ നമുക്ക് കഴിയും
ഇന്ന് ഏവരിലും ഏറെ ദുഖമുണ്ടാക്കിയ ഒരു വാര്‍ത്തയായിരുന്നു മൊബൈല്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റ് പിഞ്ചുകുഞ്ഞ് മരിച്ച സംഭവം. ബംഗളൂരുവിലാണ് എട്ട് മാസ്ം പ്രായമായ പെണ്‍കുഞ്ഞിന് ദാരുണാന്ത്യം സംഭവിച്ചത്. ചാര്‍ജ് ചെയ്തതിന് ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്നില്ല. കേബിളിന്‍റെ ഇങ്ങേ അറ്റം കുഞ്ഞ് കടിച്ച് കളിക്കുകയായിരുന്നു. ഇതിനിടെയാണ് ഷോക്കേറ്റത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു. ഒരുപാട് ദുഖം സമ്മാനിക്കുന്നതാണ് ഈ ദുരന്തവാര്‍ത്ത. ദുഖം മാത്രമല്ല, കുഞ്ഞുങ്ങളുള്ള വീട്ടുകാര്‍ക്കെല്ലാം ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കുന്നൊരു ദുരന്തം തന്നെയാണിത്.
കാരണം പലരും മൊബൈല്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേല്‍ക്കുന്നതിനെ കുറിച്ച്, അതും മരണത്തില്‍ വരെയെത്തിക്കാവുന്ന വിധത്തില്‍ ഷോക്കേല്‍ക്കുന്നതിനെ കുറിച്ച് ചിന്തിക്കാറേയില്ല എന്നതാണ് സത്യം. പക്ഷേ മൊബൈല്‍ ചാര്‍ജിംഗുമായി ബന്ധപ്പെട്ട് ഒരുപാട് അപകടങ്ങള്‍ ലോകമെമ്പാടും നടന്നിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ ഇങ്ങനെയുള്ള അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഒരു മാസം മുമ്പ് ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ചാര്‍ജറില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് പന്ത്രണ്ട് വയസുള്ള കുട്ടി മരിച്ചിരുന്നു. അതുപോലെ കഴിഞ്ഞ ഡിസംബറില്‍ കണ്ണൂര്‍, കതിരൂരില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു മുറിയാകെ കത്തിനശിച്ച സംഭവമുണ്ടായി. അന്ന് വീട്ടുകാര്‍ പുറത്തായിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്.
ഒരു വീട്ടില്‍ വലിയൊരു ദുരന്തമുണ്ടാക്കാൻ നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന ഈ ചെറിയൊരു ഉപകരണം മതിയെന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ വലിയൊരു പരിധി വരെ മൊബൈല്‍ ചാര്‍ജറില്‍ നിന്നുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ നമുക്ക് കഴിയും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ചാര്‍ജറില്‍ നിന്നുള്ള അപകടങ്ങള്‍ സംഭവിക്കുന്നത് പ്രധാനമായും ഉപയോഗത്തിന് ശേഷം സ്വിച്ച് ഓഫ് ചെയ്യാത്തതും പ്ലഗ് ഊരി മാറ്റാത്തതും ആണ്. ഇക്കാര്യത്തിന് ആദ്യം തന്നെ പ്രാധാന്യം നല്‍കുക. ആവശ്യം കഴിഞ്ഞാല്‍ ഉടനെ തന്നെ ചാര്‍ജറില്‍ നിന്ന് വൈദ്യുതി ബന്ധം വിഛേദിക്കുക.
രണ്ട്...
മുകളില്‍ പറഞ്ഞതുപോലെ ആവശ്യമുള്ള സമയം മാത്രം ചാര്‍ജര്‍ ഓണ്‍ ചെയ്ത് വച്ചാല്‍ മതി. എന്നുവച്ചാല്‍ ഫോണ്‍ അധികസമയം ചാര്‍ജില്‍ ഇടരുത്. ചാര്‍ജ് ആയി എന്ന് കണ്ടാല്‍ ഫോണും ഊരിമാറ്റുക. ചാര്‍ജറും വൈദ്യുതിബന്ധത്തില്‍ നിന്ന് വിഛേദിക്കുക. പലരും ഫോണ്‍ ചാര്‍ജ് ചെയ്യാനിട്ട ശേഷം ആ ഭാഗത്തേക്കേ തിരിഞ്ഞുനോക്കാതിരിക്കാറുണ്ട്.
മൂന്ന്...
ചിലര്‍ ഫോണിന്‍റെ കൂടെ കിട്ടുന്ന ചാര്‍ജര്‍ കേടായാല്‍ പിന്നെ വില കുറഞ്ഞ ചാര്‍ജറേ വാങ്ങുകയുള്ളൂ. ഇത് പെട്ടെന്ന് ചീത്തയാവുകയും ചെയ്യും. ഇങ്ങനെ മൊബൈല്‍ ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ പിശുക്ക് കാണിക്കാതിരിക്കുക. സാമാന്യം നിലവാരമുള്ള ചാര്‍ജര്‍ തന്നെ എപ്പോഴും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
നാല്...
ചില ചാര്‍ജറുകള്‍ നിലവാരമുള്ളതാണെങ്കിലും പിന്നീട് ഉപയോഗശേഷം പഴകുന്നതിന് പിന്നാലെ പല കേടുപാടുകളും പറ്റുമല്ലോ. ഇങ്ങനെ സംഭവിക്കുന്നൊരു കേടുപാടാണ്, ചാര്‍ജര്‍ പെട്ടെന്ന് ചൂടായിപ്പോകുന്നത്. ഇതുപോലെ ചാര്‍ജര്‍ പെട്ടെന്ന് ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ ചാര്‍ജര്‍ ഒഴിവാക്കി പുതിയത് വാങ്ങിക്കുക. ഇത് നിര്‍ബന്ധമായും ചെയ്യണം.
അഞ്ച്...
ചാര്‍ജര്‍ ചൂടാകുന്നത് പോലെ തന്നെ അതിന്‍റെ കേബിളിന് പുറത്തുള്ള ഭാഗം പൊട്ടിയോ മറ്റെന്തെങ്കിലും സംഭവിച്ചോ അകത്തുള്ള കമ്പികള്‍ പുറത്തുകാണുംവിധത്തിലേക്ക് എത്തിയ ചാര്‍ജറുകളും ഉടനടി ഒഴിവാക്കണം. കേബിള്‍ പൊട്ടിയ ചാര്‍ജറുകള്‍ ഒരു സാഹചര്യത്തിലും ഉപയോഗിക്കാതിരിക്കുക. കാരണം ഇതില്‍ നിന്നാണ് കറണ്ടടിക്കാൻ ഏറ്റവുമധികം സാധ്യതയുള്ളത്.
ആറ്...
ഫോണ്‍ ചാര്‍ജിലിടുന്ന സ്ഥലം നനവുള്ളതായിരിക്കരുത്. ഇങ്ങനെയും അപകടങ്ങള്‍ സംഭവിച്ചിട്ടുള്ളതാണ്. കറണ്ടില്‍ കണക്ട് ചെയ്തിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ കാലുകളില്‍ നനവുള്ളതോ, നില്‍ക്കുന്ന ഭാഗങ്ങളില്‍ നനവുള്ളതോ എല്ലാം ഷോക്കേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
ഏഴ്...
മൊബൈല്‍ ചാര്‍ജറില്‍ നിന്നോ, അല്ലെങ്കില്‍ ഏതെങ്കിലും ഉപകരണങ്ങളില്‍ നിന്നോ ഷോക്ക് വരുന്നുവെങ്കില്‍ ഇത് നിസാരമായി തള്ളിക്കളയാതെ എന്താണ് പ്രശ്നമെന്ന് കണ്ടെത്തണം. അത് കണ്ടെത്താൻ നിങ്ങള്‍ക്ക് കഴിയാത്തപക്ഷം അറിവുള്ളവരെ വിളിച്ചുവരുത്ത് പരിശോധിപ്പിച്ച് പ്രശ്നം കണ്ടെത്തി, അത് പരിഹരിക്കണം. ഇക്കാര്യങ്ങളിലൊന്നും ഒരിക്കലും മടി കാണിക്കാതിരിക്കുക.
നമ്മുടെ ഇന്നത്തെ ശ്രദ്ധയാണ് നാളെ നമ്മുടെ സുരക്ഷയോ കാവലോ ആയി മാറുക. ഈ ചിന്ത എപ്പോഴും ഉണ്ടാവുക.
Also Read:- കണ്ണില്‍ എന്തെങ്കിലും പരുക്ക് പറ്റിയാല്‍ വെള്ളം കൊണ്ട് കഴുകാമോ? ചെയ്യേണ്ടത് എന്തെല്ലാം?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-