വെെറലായി അരുൺ രാജിന്റെ മറ്റൊരു ഫോട്ടോ ഷൂട്ട് ; ചിത്രങ്ങൾ കാണാം
അധികം ആളുകളൊന്നും പരീക്ഷിക്കാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസമാണ് അരുൺ കെെകാര്യം ചെയ്യുന്നത്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്ന് പറയുന്നത്.
ഫാഷൻ ഫോട്ടോഗ്രാഫി, പ്രോഡക്ട് ഫോട്ടോഗ്രാഫി തുടങ്ങിയ വിഭാഗങ്ങളെ അപേക്ഷിച്ച് ഏറെ വെല്ലുവിളി നിറഞ്ഞതാണ് കൻസെപ്പ്റ്റ് ഫോട്ടോഗ്രാഫി. എല്ലാവരും ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായി തനിക്കെന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചപ്പോൾ പിന്നീട് കൺസപ്റ്റ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുകയായിരുന്നു അരുൺ രാജ് ആർ നായർ.
അധികം ആളുകളൊന്നും പരീക്ഷിക്കാത്ത കൺസപ്റ്റ് ഫോട്ടോഗ്രഫിയെ അനായാസമാണ് അരുൺ കെെകാര്യം ചെയ്യുന്നത്. പലരും തുറന്നുപറയാൻ മടിക്കുന്ന വിഷയങ്ങളാണ് അരുൺ തന്റെ ചിത്രങ്ങളിലൂടെ തുറന്ന് പറയുന്നത്. ഇപ്പോഴിതാ, തിരുവനന്തപുരം വാമനപുരം സ്വദേശി അരുൺ രാജ് പങ്കുവച്ച മറ്റൊരു വ്യത്യസ്ത കൺസെപ്റ്റ് ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അരുൺ രാജിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...
ഇതും ഒരു തരം മാറ്റി നിർത്തലാണ്. പുണ്യതയിൽ അവളിലെ ഏഴുദിവസം അശുദ്ധിയുടെ കറ ചാർത്തുമെന്നുള്ള മൂഢവിശ്വാസം ഊട്ടിയുറപ്പിച്ചു തരംതിരിക്കുന്ന വേർതിരിവിന്റെ കുടിലതയാണ്. എഴുപതു പതിറ്റാണ്ടുകളായും മാറാതെ വേരൂന്നി നിന്ന്, അടുക്കളകളിൽ പോലും അവളെ നിഷിദ്ധയാക്കി പുറംതള്ളുന്ന അന്ധവിശ്വാസങ്ങളുടെ തുരുമ്പിച്ച ചങ്ങല വിലങ്ങുകൾ ആണ്. അല്ലെങ്കിൽ ഈരേഴുലകം പോലും വായ്ക്കുള്ളിലാക്കിയ കണ്ണനു കളങ്കമാവുമെന്നും, തൂണിലും തുരുമ്പിലും പോലും സദാ വിളങ്ങുന്ന തേജസ്വിനു നിന്റെ ആർത്തവ രക്തത്തെ ഏഴുദിവസത്തേക്കു തൊട്ടുകൂടാത്തവിധം ഭയമാണെന്നു വരുത്തിത്തീർക്കുന്ന സമൂഹത്തിന്റെ മേൽക്കോയ്മയുടെ വക്രിച്ച ചിരിയുള്ള കുതന്ത്രങ്ങളാണ്. അതുമല്ലെങ്കിൽ സേവകന്മാരെന്നു സ്വയം വിശേഷിക്കപെട്ട കിങ്കരന്മാരാൽ ഒരു പിഞ്ചുബാലിക ആദ്യം മാനത്തിനും പിന്നീട് ജീവനും നിലവിളിച്ചു കണ്ണീരുപൊടിച്ച് ജീവൻ വെടിഞ്ഞ നാലമ്പലങ്ങളുടെ വിശുദ്ധിയുടെ കെട്ടറകൾ പണ്ടേക്കു പണ്ടേ ദൈവങ്ങൾക്ക് മടുത്തിട്ടുണ്ടാകും. അതുകൊണ്ടു തന്നെയാകും സ്വപ്നങ്ങളിൽ മാത്രം പീലിനിവർത്തിയാടിയ മാധവൻ വിഷുക്കണിയായ് അവൾക്കുമുന്നിൽ ആദ്യമോടിയെത്തിയതും, അശുദ്ധിയായ് മുദ്രകുത്തപ്പെട്ട അതേ കടും ചുവപ്പു നിറമുള്ള മഞ്ചാടിക്കുരുക്കളായി അവൾക്കു മുകളിൽ പെയ്തിറങ്ങിയതും...