'അവിടെ മൃഗസംരക്ഷണം, ഇവിടെ പശുക്കുട്ടിയുടെ തുകല്‍ കൊണ്ടുള്ള ബാഗ്'; ഗൂച്ചി ബാഗുമായെത്തിയ ആലിയക്കെതിരെ വിമർശനം
ഒരേ സമയം മൃഗ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ആഡംബര ബാഗ് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ആലിയക്കെതിരെയുള്ള സൈബര്‍ ലോകത്തിന്‍റെ വിമർശനം.
ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്റെ ഗൂച്ചിയുടെ ലെതര്‍ ബാഗുമായി പൊതുചടങ്ങിനെത്തിയ ബോളിവുഡ് നടി ആലിയ ഭട്ടിനെതിരെ വ്യാപക വിമര്‍ശനം. 2.3 ലക്ഷത്തോളം വില വരുന്ന ആഡംബര ബാഗുമായാണ് ആലിയ ചടങ്ങിനെത്തിയത്. ഒരേ സമയം മൃഗ സംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ആഡംബര ബാഗ് ഉപയോഗിക്കുകയും ചെയ്യുന്നു എന്നാണ് ആലിയക്കെതിരെയുള്ള സൈബര്‍ ലോകത്തിന്‍റെ വിമർശനം.
ആനകളെ കൊമ്പിനുവേണ്ടി വേട്ടയാടുന്നതും അതിനെതിരേ വനപാലകര്‍ നടത്തുന്ന പോരാട്ടവും പ്രമേയമാക്കിയ പോച്ചര്‍ എന്ന വെബ്‌സീരീസിന്റെ എക്‌സിക്യൂട്ടീവ് നിര്‍മാതാവാണ് ആലിയ. വെബ്‌സീരീസിന്റെ ച്രചാരണത്തിന്റെ ഭാഗമായുള്ള വീഡിയോകളില്‍ ആലിയ പ്രത്യക്ഷപ്പെടുകയും ആനവേട്ടയ്‌ക്കെതിരേ സംസാരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ മൃഗസംരക്ഷണത്തെ കുറിച്ച് സംസാരിക്കുകയും പശുക്കുട്ടിയുടെ തുകല്‍ കൊണ്ട് നിർമ്മിച്ച ബാഗ് ഉപയോഗിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നാണ് പലരും കമന്‍റ് ചെയ്യുന്നത്.
അതേസമയം ആലിയയെ പിന്തുണയ്ക്കുന്ന കമന്‍റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. വ്യക്തിജീവിതത്തെയും പൊഫഷനേയും കൂട്ടിക്കലര്‍ത്തേണ്ടതില്ലെന്ന് ആലിയയെ പിന്തുണയ്ക്കുന്നവര്‍ അഭിപ്രായപ്പെട്ടു. ക്യുസി എൻറർടൈൻമെന്റ് നിർമ്മിക്കുന്ന ആമസോൺ ഒറിജിനൽ സീരിസായ 'പോച്ചറി'ന്റെ തിരക്കഥ എഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എമ്മി അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മാതാവ് റിച്ചി മേത്തയാണ്. പോച്ചറില്‍ നിമിഷ സജയന്‍, റോഷന്‍ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ അന്വേഷണ കുറ്റകൃത്യ പരമ്പര, ഇന്ത്യൻ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടസംഘത്തെകുറിച്ചുള്ള സാങ്കൽപ്പിക നാടകീകരണമാണ്.