വിമാനത്താവളത്തിൽ അലക്ഷ്യമായ പാർക്ക് ചെയ്ത് 'ഫിയറ്റ്'; പരിശോധനയിൽ കണ്ടത് മൃതപ്രായനായ നായ, ഉടമയ്ക്കെതിരെ കേസ്
അലക്ഷ്യമായി പാര്‍ക്ക് ചെയ്ത കാര്‍ പരിശോധിക്കാനെത്തിയ ബോംബ് സ്ക്വാഡാണ് മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയില്‍ ഗ്രേറ്റ് ഡെയ്ന്‍ ഇനത്തിലുള്ള നായയെ കാറിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയത്
ബെംഗളുരു: വളര്‍ത്തുനായയെ വിമാനത്താവളത്തില്‍ കാറില്‍ അടച്ചിട്ട് ഉടമ സ്ഥലം വിട്ടു. മൃതപ്രായനായ വളര്‍ത്തുനായയ്ക്ക് രക്ഷകരായി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍. ബെംഗളുരുവിലെ കെപഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. പാര്‍ക്കിംഗില്‍ തെറ്റായ നിലയില്‍ പാര്‍ക്ക് ചെയ്ത കാറിലാണ് മൃതപ്രായനായ വളര്‍ത്തുനായയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കറുത്ത നിറത്തിലെ ഫിയറ്റ് കാറിനുള്ളിലായിരുന്നു ഗ്രേറ്റ് ഡെയ്ന്‍ വിഭാഗത്തിലുള്ള വളര്‍ത്തുനായയെ അവശ നിലയില്‍ കണ്ടെത്തിയത്.
നായ അവശനിലയിലാണെന്ന് കണ്ടെത്തിയതോടെ കാറിന്‍റെ ചില്ല് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ നായയെ പുറത്തെടുത്തത്. ബെംഗളുരുവിലെ കസ്തൂരി നഗര്‍ സ്വദേശിയായ 41കാരന്‍ രാംദാസ് ലിംഗേശ്വര്‍ എന്നയാളുടെ കാറിനുള്ളിലാണ് നായയെ അവശ നിലയില്‍ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത് ഇപ്രകാരമാണ്. വൈകീട്ട് 8.50ന് കോയമ്പത്തൂര്‍ വഴി മുംബൈയിലേക്ക് പോകുന്ന വിമാനത്തില്‍ ടിക്കറ്റ് എടുത്ത യാത്രികനായ രാംദാസ് . ഇയാളുടെ ഫിയറ്റ് കാര്‍ പാര്‍ക്കിംഗില്‍ തെറ്റായ ദിശയില്‍ ഉച്ച കഴിഞ്ഞ് 3.52 മുതല്‍ പാര്‍ക്ക് ചെയ്തിരുന്നു. അലക്ഷ്യമായി പാര്‍ക്ക് ചെയ്ത വാഹനത്തേക്കുറിച്ച് വിവരം ലഭിച്ചതേ തുടര്‍ന്ന് 5.45ഓടെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെയാണ് കറുത്ത നിറത്തിലുള്ള ഗ്രേറ്റ് ഡെയ്ന്‍ വിഭാഗത്തിലുള്ള നായ കാറിനുള്ളില്‍ അതീവ അവശ നിലയില്‍ കണ്ടെത്തിയത്.
കടുത്ത ചൂടില്‍ ശ്വാസം മുട്ടി മൂക്കില്‍ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു നായയുണ്ടായിരുന്നത്. ഇതോടെ സിഐഎസ്എഫ് വിഭാഗത്തിലെ നായകളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തി കാറിന്‍റെ ചില്ല് തകര്‍ത്ത് നായയെ പുറത്ത് ഇറക്കുകയായിരുന്നു. പുറത്തിറക്കിയ നായയ്ക്ക് പ്രാഥമിക ചികിത്സയും വലിയ രീതിയില്‍ ജലവും നല്‍കിയ ശേഷം ഒരു എന്‍ജിഒയ്ക്ക് കൈമാറുകയായിരുന്നു.
സിസിടിവി പരിശോധനയില്‍ കാര്‍ പാര്‍ക്ക് ചെയ്തയാള്‍ രാംദാസ് ആണെന്ന് സ്ഥിരീകരിച്ചതോടെ ഇയാളെ വിമാനത്താവള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസെടുത്തു. മൃഗങ്ങള്‍ക്കെതിരായ ക്രൂരത അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം