വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...
പട്ടിണി കിടന്ന് മാത്രം വണ്ണം കുറയ്ക്കരുത് എന്നും ആരോഗ്യകരമായ രീതിയിലാണ് വണ്ണം കുറയ്ക്കേണ്ടത് എന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വണ്ണം കുറയ്ക്കാനായി പല വഴികളും തേടുന്നവരാണ് നമ്മളില്‍ പലരും. അത്തരത്തില്‍ പല തരം ഡയറ്റ് പ്ലാനുകളും പരീക്ഷിച്ച് പരാജയപ്പെട്ടവരുമുണ്ടാകും. എന്നാല്‍ പട്ടിണി കിടന്ന് മാത്രം വണ്ണം കുറയ്ക്കരുത് എന്നും ആരോഗ്യകരമായ രീതിയിലാണ് വണ്ണം കുറയ്ക്കേണ്ടത് എന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒമ്പത് ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പച്ചക്കറികളും ഇലക്കറികളും ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ഇവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അത്തരത്തില്‍ ഏറ്റവും ആദ്യം ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം, അയൺ തുടങ്ങിയ ഒട്ടേറെ പോഷകങ്ങള്‍ അടങ്ങിയതാണ് ചീര. ഒരു കപ്പ് ചീര അവിച്ചതില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട്...
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.
മൂന്ന്...
കടല, ബീൻസ് പോലുള്ള പയർ വർഗങ്ങൾ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ അമിത വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
നാല്...
തണ്ണിമത്തന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിന് മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും. ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാല്‍ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണിത്.
ആറ്...
നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഏഴ്...
ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാം. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം.
എട്ട്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിനെ കുറയ്ക്കാനും ഓട്സ് സഹായിക്കും.
ഒമ്പത്...
ഗ്രീന്‍ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറയ്ക്കാനാവുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. കൂടാതെ ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും.
Also Read: ഒരു മാസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റും വർക്കൗട്ടും പങ്കുവച്ച് ശിൽപ ബാല