'തക്കാളി വില കൂടിയത് സെലിബ്രിറ്റികളെ ബാധിക്കില്ലെന്ന് കരുതരുത്'; ബോളിവുഡ് നടൻ സുനില്‍ ഷെട്ടി

തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കയറിയതില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട് എന്നാണ് അറിയിക്കുന്നത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ആശ്വാസമാകുന്ന എന്തെങ്കിലും നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഏവരും പ്രതീക്ഷിക്കുകയാണ്. ഇതിനിടെ പലരും, സെലിബ്രിറ്റികള്‍ അടക്കം പച്ചക്കറി വിലക്കയറ്റത്തില്‍ പ്രതികരണം അറിയിച്ചു.

actor suniel shettys response on tomato price hike hyp

തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കത്തിക്കയറിയത് സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ഒരുപോലെ തിരിച്ചടി ആയിരിക്കുകയാണ്. പലരും വളരെ ശ്രദ്ധിച്ച് മാത്രം പച്ചക്കറി വാങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍ കാണാനാകുന്നത്. പലരും വീട്ടിലെ മെനുവില്‍ കാര്യമായ മാറ്റം തന്നെ വരുത്തിയിട്ടുണ്ട്. 

വേനല്‍ അപ്രതീക്ഷിതമായി നീണ്ടുപോയതും വിളവെടുപ്പിനോട് അനുബന്ധമായ കനത്ത മഴ പെയ്തതും എല്ലാമാണ് തക്കാളി ക്ഷാമം രൂക്ഷമാക്കിയതും തക്കാളി വില കത്തിക്കയറുന്നതിന് കാരണമായിരിക്കുന്നതും. കിലോയ്ക്ക് 150- 200 രൂപ വരെ തക്കാളിക്ക് ഇന്ന് മാര്‍ക്കറ്റ് വിലയുണ്ട്. 

പല ഹോട്ടലുകാരും കസ്റ്റമേഴ്സിന്‍റെ ഇഷ്ടവിഭവങ്ങള്‍ പഴയ വിലയ്ക്ക് തന്നെ നല്‍കാൻ പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കയറിയതില്‍ സര്‍ക്കാര്‍ ഇടപെടുന്നുണ്ട് എന്നാണ് അറിയിക്കുന്നത്. സാധാരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം ആശ്വാസമാകുന്ന എന്തെങ്കിലും നടപടി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഏവരും പ്രതീക്ഷിക്കുകയാണ്. ഇതിനിടെ പലരും, സെലിബ്രിറ്റികള്‍ അടക്കം പച്ചക്കറി വിലക്കയറ്റത്തില്‍ പ്രതികരണം അറിയിച്ചു.

ഇപ്പോഴിതാ ഒരഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും പച്ചക്കറിയുടെ വിലക്കയറ്റം സംബന്ധിച്ച് പ്രതികരണം അറിയിച്ചിരിക്കുകയാണ്. 

'എന്‍റെ ഭാര്യ മാന, അവളാണ് വീട്ടിലേക്കുള്ള പച്ചക്കറിയൊക്കെ വാങ്ങുന്നത്. രണ്ട് ദിവസത്തേക്കേ ഞങ്ങള്‍ പച്ചക്കറി വാങ്ങാറുള്ളൂ. കാരണം എപ്പോഴും ഫ്രഷ് ആയത് കഴിക്കാമല്ലോ. അതുകൊണ്ട് തന്നെ തക്കാളി വില കൂടിയപ്പോള്‍ ഞങ്ങളും പെട്ടു. അവസാനം തക്കാളിയുടെ ഉപയോഗം കുറയ്ക്കേണ്ടി വന്നു. നമ്മളിപ്പോള്‍ കുറച്ച് തക്കാളിയേ കഴിക്കുന്നുള്ളൂ. എല്ലാവരും ചിന്തിക്കും സെലിബ്രിറ്റികളെ ഈ വിലക്കയറ്റമൊക്കെ എങ്ങനെ ബാധിക്കാനാണ് എന്ന്. അത് തെറ്റിദ്ധാരണയാണ് എല്ലാവരെയും ഇതൊക്കെ ബാധിക്കും.എല്ലാവരും ഇങ്ങനെയുള്ള പ്രതിസന്ധികളെ മാനേജ് ചെയ്യേണ്ടി വരും.... '- സുനില്‍‍ ഷെട്ടി പറയുന്നു. 

തക്കാളി വില കുത്തനെ കൂടിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തക്കാളി വണ്ടികള്‍ കാണാതെ പോയി, തക്കാളി കൃഷിക്ക് കാവലിന് ആളെ നിര്‍ത്തി എന്ന് തുടങ്ങി അവിശ്വസനീയമായ സംഭവങ്ങളാണ് ഒരു വശത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ഭീമൻ ഫുഡ് ചെയിനായ മക് ഡൊണാള്‍ഡ്സ് ദില്ലി ഔട്ട്ലെറ്റില്‍ തക്കാളി വില താഴുംവരെ വിഭവങ്ങളില്‍ തക്കാളിയുണ്ടാകില്ല, കസ്റ്റമേഴ്സ് സഹകരിക്കണം എന്ന നോട്ടീസും പതിച്ചു. ഇനിയെങ്കിലും പതിയെ തക്കാളി അടക്കമുള്ള പച്ചക്കറികളുടെ വില കയ്യിലും പോക്കറ്റിലുമൊതുങ്ങുന്ന പരുവത്തിലേക്ക് പതിയെ താഴുമോ എന്നാണ് സാധാരണക്കാരുടെ ആലോചന. എന്തായാലും ശരാശരിക്കാരുടെ ബഡ്ജറ്റിനെ ബാധിക്കുന്നത് പോലെ ഇത് മറ്റാരെയും ബാധിക്കില്ലല്ലോ.  

Also Read:- തക്കാളി വില വിവാദമാകുന്നതിനിടെ കിലോയ്ക്ക് 20 രൂപയ്ക്ക് തക്കാളി വിറ്റ് കച്ചവടക്കാരൻ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios