ഒറ്റ വരയൻ സെർജന്‍റും ഗ്രേ കൗണ്ടും! കണ്ണൂരിൽ വ്യത്യസ്ത ഇനങ്ങളിൽപെട്ട പൂമ്പാറ്റകളുടെ ഇണചേരൽ, അപൂർവ ദൃശ്യം
രോമപാദശലഭ കുടുംബത്തിലെ ഒറ്റ വരയൻ സെർജന്‍റാണ് ആൺ ശലഭം. ഗ്രേ കൗണ്ട് എന്നറിയപ്പെടുന്ന പേഴാളൻ പെൺ ശലഭം. രണ്ടുപേരുടെയും ഇണചേരൽ പാട്യം വലിയവെളിച്ചത്തായിരുന്നു.
കണ്ണൂർ: വ്യത്യസ്ത ഇനങ്ങളിൽപെട്ട പൂമ്പാറ്റകൾ ഇണ ചേരുന്ന അപൂർവ ദൃശ്യം കണ്ണൂരിൽ. പ്രകൃതി നിരീക്ഷകനായ നിഷാദ് മണത്തണയാണ് വലിയ വെളിച്ചത്തുവച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഒരേ കുടുംബത്തിലുള്ളവരാണ്, പക്ഷേ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ടവരാണ് എന്നുള്ളതാണ് ഇതിന്‍റെ പ്രത്യേകത. രോമപാദശലഭ കുടുംബത്തിലെ ഒറ്റ വരയൻ സെർജന്‍റാണ് ആൺ ശലഭം. ഗ്രേ കൗണ്ട് എന്നറിയപ്പെടുന്ന പേഴാളൻ പെൺ ശലഭം. രണ്ടുപേരുടെയും ഇണചേരൽ പാട്യം വലിയവെളിച്ചത്തായിരുന്നു.
നിംഫാലിഡേ കുടുംബത്തിലുള്ളവർ ഇണ ചേരാറുണ്ട്. പക്ഷേ ഇങ്ങനെ കാണാൻ കഴിയുന്നത് അപൂർവമാണ്. അതാണ് നിഷാദ് മണത്തണ പകർത്തിയതും. ശലഭങ്ങൾ ഇണയെ കണ്ടെത്തുന്നത് കാഴ്ചയിലൂടെയും പിന്നെ ഫിറമോണെന്ന രാസ സൂചകങ്ങൾ ഉപയോഗിച്ചുമാണ്. സ്വന്തം ഇനത്തിലല്ലാത്തവയെ കണ്ടുള്ള തെരഞ്ഞെടുപ്പ് അപൂർവമാണ്. ഇത്തരം ഇണ ചേരൽ വിജയിക്കണമെന്നുമില്ല. മുട്ടകൾ വിരിഞ്ഞാൽ തന്നെ അവയ്ക്ക് പുതിയ തലമുറയെ ഉണ്ടാക്കാനുള്ള കഴിവുണ്ടാകാറുമില്ലെന്ന് പൂമ്പാറ്റ നിരീക്ഷകർ പറയുന്നു.