തലമുടി കൊഴിച്ചില്‍ തടയാന്‍ അടുക്കളയിലുള്ള ഈ ഏഴ് വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം...
പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയെ സംരക്ഷിക്കാം.
തലമുടി കൊഴിച്ചില്‍ ആണ് ഇന്ന് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ തലമുടിയെ സംരക്ഷിക്കാം. തലമുടി കൊഴിച്ചില്‍ തടയാന്‍ അടുക്കളയിലുള്ള ചില വസ്തുക്കള്‍ സഹായിക്കും. അത്തരം ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.
1. കറിവേപ്പില
തലമുടി കൊഴിച്ചിലും താരനും അകറ്റാനും തലമുടിയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറിവേപ്പില. വിറ്റാമിൻ സി, ഫോസ്ഫറസ്, അയേൺ, കാത്സ്യം എന്നിവ കറിവേപ്പിലയിൽ ധാരാളമുണ്ട്. ഇത് തലമുടി കൊഴിച്ചിൽ തടയുന്നു. ഇതിനായി രണ്ട് ടീസ്പൂൺ കറിവേപ്പില പേസ്റ്റ് രണ്ട് ടീസ്പൂൺ തൈരില്‍ മിക്സ് ചെയ്ത് തലയിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
2. ഉള്ളി
തലമുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉള്ളിനീര്. ഇതിനായി ഒരു ഉള്ളിയുടെ നീര്, അര ടീസ്പൂണ്‍ നാരങ്ങാനീര്, രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടീസ്പൂണ്‍ തേൻ എന്നിവ മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും പുരട്ടാം. അര മണിക്കൂർ കഴിഞ്ഞ് വീര്യം കുറഞ്ഞ ഒരു ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
3. ഉലുവ
ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ കുതിർക്കാന്‍ ഇടുക. പിറ്റേ ദിവസം രാവിലെ ഇതിനെ കുഴമ്പ് രൂപത്തിൽ അരച്ചെടുക്കാം. ഇനി ഇതിലേയ്ക്ക് ചെമ്പരത്തി പൂവും ഇലകളും തൈരും മുട്ടയും ഏതാനും തുള്ളി ലാവെണ്ടർ ഓയിലും കൂടി ചേർക്കാം. ഇനി ഒരു മണിക്കൂറിന് ശേഷം ഈ മിശ്രിതം തലമുടിയിൽ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം.
4. മുട്ട
പ്രോട്ടീനും ബയോട്ടിനും ധാരാളം അടങ്ങിയതാണ് മുട്ട. ഇവ തലമുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ്. അതിനായി ഒരു മുട്ട ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയിലിനൊപ്പം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം.
5. വെളിച്ചെണ്ണ
വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് വെളിച്ചെണ്ണ. തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. അതിനാല്‍ വെളിച്ചെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് നല്ലതാണ്.
6. ഗ്രീന്‍ ടീ
മൂന്ന് ടീസ്പൂൺ ഗ്രീൻ ടീയും രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഇത് മുടിയിൽ പുരട്ടുക. 10 മിനിറ്റ് നല്ല പോലെ മസാജ് ചെയ്യുക. ആഴ്ച്ചയിൽ മൂന്നോ നാലോ തവണ ഇത് പുരട്ടാവുന്നതാണ്. താരൻ അകറ്റാനും മുടികൊഴിച്ചിൽ കുറയ്ക്കാനും ഇത് സഹായിക്കും.
7. നെല്ലിക്ക
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിനായി ആദ്യം നെല്ലിക്ക പൊടിച്ചതിലേയ്ക്ക് വെളിച്ചെണ്ണ കൂടി ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം.
Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍...