ആ ചിത്രം ജയലളിതയുടെ മകളുടേതോ? ഇതാ ഉത്തരമായി
ജയലളിതയുടെ മുഖസാമ്യമുള്ള ആ യുവതിയുടെ ചിത്രം വീണ്ടും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 2014ല്‍ ജയലളിത ജയിലിലായ സമയത്ത് പ്രചരിച്ച അതേ ചിത്രമാണ് ഇപ്പോള്‍ അവരുടെ മരണശേഷവും മകളെന്ന നിലയില്‍ പ്രചരിക്കുന്നത്. ഇത് ജയലളിതയുടെ രഹസ്യ മകളാണെന്നും, ഇവര്‍ ഇപ്പോള്‍ കുടുംബസമേതം അമേരിക്കയിലാണുള്ളതെന്നുമൊക്കെ ചിത്രത്തിനൊപ്പമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ ചിത്രത്തിലുള്ള യുവതി ആരാണ്? ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരവുമായി പ്രമുഖ ഗായികയും ടെലിവിഷന്‍ അവതാരകയുമായ ചിന്‍മയി ശ്രിപദ രംഗത്തെത്തിയിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ ദിവ്യ രാമനാഥന്‍ വിരരാഘവന്‍ എന്ന യുവതിയുടെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ദിവ്യ പക്ഷേ ജയലളിതയുടെ മകളല്ലെന്നും ചിന്‍മയി ശ്രിപദ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. ദിവ്യയും ഭര്‍ത്താവുമുള്ള ചിത്രവും ചിന്‍മയി ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചിന്മയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം പരിഭാഷ
നവമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെട്ട ഈ ചിത്രത്തിലുള്ള ദമ്പതികളെ എനിക്ക് അറിയാം. പ്രശസ്‌ത്ര ശാസ്‌ത്രീയസംഗീതജ്ഞര്‍ ഉള്‍പ്പെടുന്ന കുടുംബത്തിലെ അംഗങ്ങളാണിവര്‍. യുവതിയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ വന്നുതുടങ്ങിയിട്ട് നാളേറെയായി. ഗൂഗിള്‍ ഇമേജ് സെര്‍ച്ചില്‍ പോലും ഇവര്‍ ജയലളിതയുടെ മകളാണെന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടു. ഒരു നുണ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നാല്‍ അത് സത്യമാകുമെന്ന പഴഞ്ചൊല്ലു പോലെയാണിത്. മണ്ടത്തരം നിറഞ്ഞ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. സ്വബുദ്ധിയില്ലാത്ത ആരോ പടച്ചുവിട്ട കള്ളക്കഥയാണ് ഇത്. മൃദംഗം വിദ്വാന്‍ വി ബാലാജിയുടെ കുടുംബാംഗം കൂടിയാണ് യുവതി.
ചിന്മയിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മൃദംഗം വിദ്വാന്‍ വി ബാലാജിയും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 2014ല്‍ ഇതേപോലെ ഫോട്ടോ പ്രചരിച്ചപ്പോള്‍, ഫേസ്ബുക്കിനെ സമീപിച്ചിരുന്നു. ഫോട്ടോ നീക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അപകീര്‍ത്തികരമായി ഒന്നുമില്ലെന്നും, ഈ വ്യാജപ്രചരണമൊക്കെ തനിയെ നില്‍ക്കുമെന്നുമായിരുന്നു അവരുടെ മറുപടിയെന്ന് ബാലാജി പറയുന്നു.
ബാലാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്